ജര്‍മനി വരുന്നു...
റൂഡി വോളര്‍ പരിശീലകനും വിഖ്യാത ഗോള്‍ കീപ്പര്‍ ഒലിവര്‍ ഖാന്‍ ക്യാപ്റ്റനുമായ ജര്‍മന്‍ ടീം 2002ലെ ലോകകപ്പിന്റെ ഫൈനലിലേക്ക് കുതിച്ചെത്തി ജര്‍മനിയില്‍ മറ്റൊരു ഫുട്‌ബോള്‍ വിപ്ലവത്തിന് തുടക്കമിടുകയായിരുന്നു. ആ ഫൈനല്‍ പ്രവേശം ജര്‍മന്‍ ഫുട്‌ബോളിലെ രണ്ടാം സുവര്‍ണ കാലത്തിന്റെ തുടക്കമായിരുന്നു. റൂഡി വോളര്‍ക്ക് പകരം മുന്‍ ക്യാപ്റ്റന്‍ യുര്‍ഗന്‍ ക്ലിന്‍സ്മാന്‍ കോച്ചായി വന്നതോടെ ജര്‍മന്‍ ഫുട്‌ബോള്‍ അടിമുടി മാറി.
2006ല്‍ സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പില്‍ കിരീട നേടുകയെന്ന സ്വപ്‌നം സെമിയില്‍ ഇറ്റലിയോട് അവസാനിച്ചു. ക്ലിന്‍സ്മാന്‍ രാജിവച്ചു. ക്ലിന്‍സ്മാന്റെ കൂടെ ടീമില്‍ സഹ പരിശീലകനായി ഉണ്ടായിരുന്ന ജോക്വിം ലോ ടീമിന്റെ മുഖ്യ കോച്ചായി ചുമതലയേറ്റു. 2010ല്‍ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ ഏറെ പ്രതീക്ഷയോടെ എത്തിയ അവര്‍ മൂന്നാം സ്ഥാനവുമായി മടങ്ങി. 2014ല്‍ ഒരുങ്ങിത്തന്നെ ബ്രസീലിലെത്തിയ ജര്‍മന്‍ സംഘം ബ്രസീല്‍ ടീമിനെ മഹാ ദുരന്തത്തിലേക്ക് വരെ തള്ളിയിട്ട് കിരീടവുമായി മടങ്ങി. 2002ലെ ഫൈനല്‍ പ്രവേശത്തിന് ശേഷം തുടങ്ങിയ ഫുട്‌ബോള്‍ വിപ്ലവത്തിന്റെ വിളവെടുപ്പായിരുന്ന ജര്‍മനിയെ സംബന്ധിച്ച് 2014ലെ ലോക കിരീടം.
ചെറു പ്രായത്തില്‍ തന്നെ താരങ്ങളെ കണ്ടത്തി യൂത്ത് സിസ്റ്റം വഴി മികച്ച താരങ്ങളാക്കി അവരെ വളര്‍ത്തുന്ന ചിട്ടയായ ഫുട്‌ബോള്‍ പരിശീലനമാണ് ഇന്ന് കാണുന്ന ജര്‍മന്‍ മുന്നേറ്റത്തിന്റെ ചാലക ശക്തി. നിലവിലെ ടീമിന്റെ അച്ചുതണ്ടായി നില്‍ക്കുന്ന തോമസ് മുള്ളര്‍, ടോണി ക്രൂസ് തുടങ്ങിയവരെല്ലാം ഇപ്രകാരം കടന്നുവന്നവരാണ്. ഇക്കഴിഞ്ഞ കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്‌ബോള്‍ കിരീടം ജര്‍മനി രണ്ടാം നിര ടീമിനെ വച്ചാണ് സ്വന്തമാക്കിയത് എന്നത് ചേര്‍ത്തുവായിക്കേണ്ടതാണ്.
1934, 38 വര്‍ഷങ്ങളില്‍ ഇറ്റലിയും 1958, 62 വര്‍ഷങ്ങളില്‍ ബ്രസീല്‍ ടീമും മാത്രം സ്വന്തമാക്കിയ തുടര്‍ ലോക കിരീടങ്ങള്‍ എന്ന ലക്ഷ്യത്തിനരികിലാണ് നിലവില്‍ ജര്‍മന്‍ സംഘം. കഴിഞ്ഞ തവണ സ്വന്തമാക്കിയ ലോക കിരീടം നിലനിര്‍ത്തുകയാണ് ജോക്വിം ലോയും സംഘവും ലക്ഷ്യമിടുന്നത്. അതിനായുള്ള കഠിന പരിശീലനത്തിലാണ് ടീം. ഏറ്റവും കൂടുതല്‍ ലോകകപ്പ് നേടിയ ടീമുകളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ജര്‍മനി. നാല് കിരീടങ്ങളാണ് അവര്‍ സ്വന്തമാക്കിയത്.
അഞ്ച് കിരീടങ്ങളുമായി ബ്രസീല്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. റഷ്യയിലും നേട്ടം ആവര്‍ത്തിക്കാനായാല്‍ ബ്രസീലിനൊപ്പം എത്താന്‍ നിലവിലെ ചാംപ്യന്‍മാര്‍ക്ക് അവസരം ലഭിക്കും. 1954, 74, 90, 2014 വര്‍ഷങ്ങളിലാണ് അവര്‍ ജേതാക്കളായത്. നാല് വട്ടം ചാംപ്യന്‍മാരായ അവര്‍ നാല് തവണ രണ്ടാം സ്ഥാനവും മൂന്ന് തവണ മൂന്നാം സ്ഥാനവും ഒരു തവണ നാലാം സ്ഥാനവും സ്വന്തമാക്കി. മൂന്ന് തവണ ക്വാര്‍ട്ടര്‍ ഫൈനലിലും അവരെത്തി. രണ്ട് തവണയാണ് അവര്‍ക്ക് നിരാശപ്പെടേണ്ടി വന്നത്. 1938ല്‍ ആദ്യ റൗണ്ടില്‍ പുറത്തായപ്പോഴും 1978ല്‍ രണ്ടാം ഘട്ടത്തില്‍ പുറത്തായപ്പോഴും.
ഇത്തവണയും മികച്ച സംഘവുമായാണ് ജര്‍മനി വരുന്നത്. പ്ലെയിങ് ഇലവനിലും സൈഡ് ബെഞ്ചിലും ഒന്നിനൊന്ന് മികച്ച താരങ്ങളുടെ കൂട്ടമാണ് നിലവിലെ ചാംപ്യന്‍മാര്‍. ടോണി ക്രൂസും സമി ഖെദിരയും മെസുറ്റ് ഓസിലും നിയന്ത്രിക്കുന്ന മധ്യനിരയുടെ മികവാണ് അവരുടെ മുന്നേറ്റത്തെ നിര്‍ണയിക്കുക. മാര്‍ക്കോ റൂസ്, തോമസ് മുള്ളര്‍, മരിയോ ഗോമസ് എന്നിവരണിനിരക്കുന്ന മുന്നേറ്റം അതി ശക്തം. കഴിഞ്ഞ തവണ ഒറ്റ ഗോളിലൂടെ ടീമിനെ കിരീടത്തിലേക്ക് നയിച്ച മരിയോ ഗോട്‌സെയ്ക്ക് പോലും ഇത്തവണ സ്ഥലമില്ല എന്ന് പറയുമ്പോഴാണ് ടീമിന്റെ പ്രതിഭാ ധാരാളിത്തം വ്യക്തമാകുന്നത്. 22കാരനായ ടിമോ വെര്‍ണറാകും ഇത്തവണ ടീമിന്റെ മുന്നേറ്റത്തിലെ പ്രധാന ആയുധം. യുവത്വവും മികവും സമ്മേളിക്കുന്ന താരത്തിന്റെ ഗോളടിക്കാനുള്ള കഴിവാണ് ജര്‍മനിക്ക് കോണ്‍ഫെഡറേഷന്‍സ് കപ്പ് സമ്മാനിക്കുന്നതില്‍ നിര്‍ണായകമായത്. പ്രതിരോധത്തില്‍ ജെറോം ബോട്ടെങും മാറ്റ്‌സ് ഹമ്മല്‍സും ഒപ്പം അന്റോണിയോ റൂഡിഗറും ചേരുമ്പോള്‍ വൈവിധ്യം വരുന്നു. മധ്യനിരയില്‍ ജൂലിയന്‍ ഡ്രാക്‌സ്‌ലര്‍, ലിറോയ് സനെ, ഇല്‍കെ ഗുണ്ടകന്‍ തുടങ്ങിയ പ്രതിഭകളും ജോഷ്വാ കിമ്മിച്, ജോനാസ് ഹെക്ടര്‍ തുടങ്ങിയ വിങര്‍മാരും ടീമിന് മുതല്‍ക്കൂട്ടാകും.
ഗോള്‍ കീപ്പറായി ബാറിന് കീഴെ നായകന്‍ മാനുവല്‍ നൂയര്‍ ഉണ്ടാകുമെന്നുറപ്പായി. പരുക്ക് മാറി താരം പരിശീലനം തുടങ്ങി. നാളെ ഓസ്ട്രിയക്കെതിരേ നടക്കുന്ന സൗഹൃദ ഫുട്‌ബോള്‍ പോരാട്ടത്തില്‍ നൂയര്‍ കളിക്കാനിറങ്ങും.
ഇത്തവണ ഗ്രൂപ്പ് എഫില്‍ മെക്‌സിക്കോ, സ്വീഡന്‍, ദക്ഷിണ കൊറിയ ടീമുകള്‍ക്കൊപ്പമാണ് ജര്‍മനി. ഗ്രൂപ്പ് ഘട്ടം താരതമ്യേന എളുപ്പത്തില്‍ കയറാന്‍ ജര്‍മന്‍ പടയ്ക്ക് സാധിക്കും. പിന്നീടാണ് യഥാര്‍ഥ പരീക്ഷണങ്ങള്‍ അവരെ കാത്തിരിക്കുന്നത്. ഗോളിനടുത്തെത്തി കൃത്യമായി ഫിനിഷ് ചെയ്യാന്‍ കഴിയാത്ത ദൗര്‍ബല്യം പലപ്പോഴും ജര്‍മന്‍ ടീം പ്രകടിപ്പിക്കാറുണ്ട്. ഫിനിഷിങ് പോരായ്മ പരിഹരിച്ചാല്‍ ടീം അതിശക്തമാണ് നിലവിലെ സാഹചര്യത്തില്‍.
കൂട്ടമായ ആക്രമണമാണ് ജര്‍മനിയുടെ മുഖമുദ്ര. അത് പലപ്പോഴും എതിര്‍ ടീമിന് കൗണ്ടര്‍ അറ്റാക്കിനുള്ള സൗകര്യം യഥേഷ്ടം തുറന്നുകൊടുക്കാറുണ്ട്. ഈ പോരായ്മയും ടീം പരിഹരിച്ചാല്‍ കിരീട നിലനിര്‍ത്തുകയെന്ന ലക്ഷ്യം അവര്‍ക്ക് വിദൂരത്തല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."