യതീഷ് ചന്ദ്രയുടേത് കേരളത്തിന് യോജിച്ച നടപടിയല്ല: നടപടിയുണ്ടാവുമെന്ന സൂചന നല്‍കി മുഖ്യമന്ത്രി
തിരുവനന്തപുരം: മൂന്നു പേരെ ഏത്തമിടീച്ച സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ പൊലിസ് മേധാവി യതീഷ് ചന്ദ്രക്കെതിരെ നടപടിയുണ്ടാവുമെന്ന സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന് യോജിച്ച നടപടിയല്ല ഉണ്ടായതെന്നും തീര്‍ത്തും യോജിക്കാനാവാത്തതാണ് പെരുമാറ്റമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂര്‍ അഴീക്കലില്‍ ഇന്നു രാവിലെയായിരുന്നു സംഭവം. ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയെന്നാരോപിച്ച് മൂവരെയും കുടുംബാംഗങ്ങള്‍ക്ക് മുന്നില്‍വച്ച് പരസ്യമായി ഏത്തമിടീക്കുകയായിരുന്നു.
നഗരപ്രദേശങ്ങളില്‍ നിന്നുമാറി നാട്ടിന്‍പുറങ്ങളിലേക്ക് നടത്തിയ പട്രോളിങ്ങിനിടെയാണ് കടയ്ക്കു മുന്നില്‍ ആളുകള്‍ കൂട്ടംകൂടിയത് പൊലിസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇവരില്‍ ചിലര്‍ ഓടിരക്ഷപ്പെട്ടു. ബാക്കിയുണ്ടായിരുന്നവരെയാണ് ഏത്തമിടീച്ചത്. മൂന്നുപേരില്‍ അറുപത് വയസിന് മുകളില്‍ പ്രായമുള്ള ഒരാളും ഉണ്ടായിരുന്നു.
അറസ്റ്റും നിയമനടപടി സ്വീകരിക്കുകയും ചെയ്യാവുന്ന സാഹചര്യം നിലനില്‍ക്കവെയാണ് പൊലിസ് ഇത്തരമൊരു നടപടി സ്വീകരിച്ചത്. സംഭവത്തിന്റെ വീഡിയോ യതീഷ് ചന്ദ്രയോടൊപ്പമുള്ള പൊലിസ് ഉദ്യോഗസ്ഥര്‍ തന്നെയാണ് പുറത്തുവിട്ടത്. പുറത്തിറങ്ങുന്നവരോട് മാന്യമായി പെരുമാറണമെന്ന ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശമാണ് ലംഘിക്കപ്പെട്ടത്.
ആളുകള്‍ ഇപ്പോഴും ഒന്നും മനസ്സിലാക്കാത്ത തരത്തില്‍ പുറത്തിറങ്ങിനടക്കുന്നുണ്ട്. ആളുകള്‍ ഒന്നിച്ചുകൂടുന്നതും ഇവിടങ്ങളിലെ സ്ഥിരം കാഴചയാണ്. ആദ്യ ദിനങ്ങളിലൊക്കെ പൊലിസ് സൗമ്യമായ രീതിയിലാണ് പെരുമാറിയതെന്നും പിന്നീടാണ് സ്വരം കടുപ്പിച്ചതെന്നുമാണ് പൊലിസിന്റെ വിശദീകരണം. അതേസമയം ഏത്തമിടീക്കല്‍ ഒരു ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണെന്നും യതീഷ് ചന്ദ്ര പറഞ്ഞു.
[playlist type="video" ids="831432"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."