പാലക്കാട് നഗരസഭ: യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് നാടകീയാന്ത്യം
പാലക്കാട്: ബി.ജെ.പി ഭരണത്തിലുള്ള പാലക്കാട് നഗരസഭയില്‍ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് നാടകീയാന്ത്യം. ക്ഷേമകാര്യ, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷസ്ഥാനങ്ങളിലേക്ക് സി.പി.എമ്മിന്റെ വി.പി.രഘുനാഥും അബ്ദുള്‍ ഷുക്കൂറും തെരഞ്ഞെടുക്കപെട്ടു. ബി.ജെ.പി നാല്, യു.ഡി.എഫ് മൂന്ന്, സി.പി.എം രണ്ട് എന്നിങ്ങനെയുള്ള ഒന്‍പതംഗ ക്ഷേമകാര്യ സ്ഥിരം സമിതിയില്‍ അഞ്ചു വോട്ടുകള്‍ക്കാണ് സി.പി.എമ്മിന്റെ വി.പി.രഘുനാഥ് വിജയിച്ചത്.
അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ മുന്‍ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനും ബി.ജെ.പി സ്ഥാനാര്‍ഥിയുമായ പി.സ്മിതേഷിന് മൂന്നു വോട്ടുകളാണ് ലഭിച്ചത്.എട്ട് അംഗങ്ങളുള്ള പൊതുമരാമത്ത് സ്ഥിരം സമിതിയില്‍ അഞ്ച് വോട്ടുകള്‍ക്ക് അബ്ദുള്‍ ഷുക്കൂര്‍ വിജയിച്ചു. യു.ഡി.എഫ് മൂന്ന്, ബി.ജെ.പി മൂന്ന്, സി.പി.എം രണ്ട് എന്നിങ്ങനെയാണ് പൊതുമരാമത്ത് സ്ഥിരം സമിതിയിലെ കക്ഷിനില. മുന്‍ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം.സുനിലിന് മൂന്നു വോട്ടുകള്‍ ലഭിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഭവദാസിന് വോട്ടുകള്‍ ലഭിച്ചില്ല. യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് സി.പി.എം പിന്തുണയ്ക്കുകയായിരുന്നു.
പാലക്കാട് നഗരസഭയിലെ ബി.ജെ.പിയുടെ അഴിമതി ഭരണം അവസാനിപ്പിക്കുവാനാണ് അവിശ്വാസത്തിന് പിന്തുണച്ചതെന്നാണ് സി.പി.എം നേതൃത്ത്വത്തിന്റെ വിശദീകരണം. മതേതരത്വം ശക്തിപെടുത്തുന്നതിനാണ് സി.പി.എമ്മിന് വോട്ടു നല്‍കിയതെന്ന് കോണ്‍ഗ്രസ് നേതാവ് ഭവദാസ് പറഞ്ഞു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ അനിശ്ചിതത്വം തുടങ്ങിയിരുന്നു. കോണ്‍ഗ്രസ്സും സി.പി.എമ്മും ബി.ജെ.പിയും സ്വന്തം സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ചതോടെയാണ് ബി.ജെ.പി വിജയം ഉറപ്പാകുമെന്ന നിലവന്നത്. ബി.ജെ.പി സ്മിതേഷിനെയും യു.ഡി.എഫ് വി.മോഹനനെയും എല്‍ഡിഎഫ് വി.പി.രഘുനാഥിനെയുമാണ് സ്ഥാനാര്‍ത്ഥികളാക്കിയത്. ബിജെപിക്ക് നാലും എല്‍ഡിഎഫിന് രണ്ടും യുഡിഎഫിന് മൂന്നും വോട്ടുകളാണുള്ളത്.
എന്നാല്‍, ബിജെപി വിജയത്തെ അട്ടിമറിച്ചത് യുഡിഎഫിന്റെ സ്ഥാനാര്‍ഥി വി.മോഹനുള്‍പ്പടെയുള്ള മൂന്നുപേരും എല്‍.ഡി.എഫിന്റെ വി.പി.രഘുനാഥിന് വോട്ടുചെയ്തതോടെയാണ്. പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്കും മൂന്നുകക്ഷികളും സ്വന്തം സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ചു. ബി.ജെ.പി സുനിലിനെയും യു.ഡി.എഫ് ഭവദാസിനെയും സി.പി.എം അബ്ദുള്‍ ഷുക്കൂറിനെയുമാണ് സ്ഥാനാര്‍ഥികളാക്കിയത്. പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റിയില്‍ ബി.ജെ.പിക്കും യു.ഡി.എഫിനും മൂന്നുവീതവും എല്‍.ഡി.എഫിന് രണ്ടും വോട്ടുകളാണുള്ളത്.
യു.ഡി.എഫ് സ്ഥാനാര്‍ഥി ഭവദാസ് ഉള്‍പ്പടെയുള്ളവര്‍ തങ്ങളുടെ വോട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഷുക്കൂറിന് നല്‍കിയതോടെ ഇതിലും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വിജയിച്ചു. യു.ഡി.എഫിന്റെ പിന്തുണയോടെയുള്ള വിജയത്തെ അംഗീകരിക്കണോ രാജിവക്കണോ എന്ന കാര്യത്തില്‍ എല്‍.ഡി.എഫ് അടുത്തദിവസങ്ങളിലെ തീരുമാനമെടുക്കൂ. വര്‍ഗീയ കക്ഷികള്‍ക്കെതിരെ നിലപാടെടുക്കുക എന്ന കോണ്‍ഗ്രസ്സിന്റെ പ്രഖ്യാപിത ലക്ഷ്യമാണ് തങ്ങള്‍ നിറവേറ്റിയതെന്ന് കോണ്‍ഗ്രസ് നഗരസഭാ കക്ഷി നേതാവ് കെ.ഭവദാസ് പറഞ്ഞു. അതേസമയം സിപിഎമ്മിന് കോണ്‍ഗ്രസ് വോട്ട് ചെയ്തതിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ നഗരസഭയ്ക്കുമുന്നില്‍ പ്രതിഷേധയോഗവും ചേര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."