ഓട്ടം അവസാനിപ്പിച്ചിട്ടില്ല; അവശ്യസാധനങ്ങള്‍ എത്തിച്ച് റെയില്‍വേ
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ കാലത്തു ഭക്ഷ്യക്ഷാമം ഉണ്ടാവുമെന്ന ആശങ്ക വേണ്ട. ലോക്ക് ഡൗണിലും അവശ്യ സാധനങ്ങളുമായി വിശ്രമമില്ലാതെ കുതിക്കുകയാണ് റെയില്‍വേയുടെ ഗുഡ്‌സ് വാഗണുകള്‍.
കൊവിഡ് -19 കാലത്ത് തടസമില്ലാത്ത ചരക്കു നീക്ക സേവനത്തിലൂടെ അവശ്യ സാധാനങ്ങളുടെ ലഭ്യത ഉറപ്പുവരുത്താന്‍ കഴിഞ്ഞ നാലു ദിവസമായി 1.6 ലക്ഷത്തിലധികം വാഗണുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഓടിയെത്തിയത്. ഇവയില്‍ ഒരു ലക്ഷത്തില്‍ കൂടുതല്‍ വാഗണുകളുടെയും യാത്ര അവശ്യ വസ്തുക്കളുമായായിരുന്നു. ഭക്ഷ്യധാന്യങ്ങള്‍, ഉപ്പ്, പഞ്ചസാര, പാല്‍, ഭക്ഷ്യഎണ്ണ, ഉള്ളി, പഴങ്ങളും പച്ചക്കറികളും, പെട്രോളിയം ഉല്‍പന്നങ്ങള്‍, കല്‍ക്കരി,വളം തുടങ്ങിയവയാണ് രാജ്യത്തുടനീളം റെയില്‍വേ എത്തിക്കുന്നത്. ഉദ്യോഗസ്ഥര്‍ വിവിധ ഗുഡ്‌സ് ഷെഡുകളിലും സ്‌റ്റേഷനുകളിലും കണ്‍ട്രോള്‍ ഓഫിസുകളിലും 24 മണിക്കൂറും കര്‍മ നിരതരായാണ് അവശ്യ വസ്തുക്കളുടെ വിതരണം ഉറപ്പു വരുത്തുന്നത്. മാര്‍ച്ച് 23ന് 26577 വാഗണുകളാണ് നിറയെ അവശ്യ വസ്തുക്കളുമായി യാത്ര തിരിച്ചത്.
ഇതില്‍ 1168 വാഗണുകളില്‍ ഭക്ഷ്യധാന്യങ്ങളും 42 വാഗണുകളില്‍ പഴങ്ങളും പച്ചക്കറികളും 42 വാഗണുകളില്‍ ഉള്ളിയും 42 വാഗണുകളില്‍ പഞ്ചസാരയും 168 വാഗണുകളില്‍ ഉപ്പും 20 വാഗണുകളില്‍ പാലും 22473 വാഗണ്‍ നിറയെ കല്‍ക്കരിയും 2322 വാഗണുകളില്‍ പെട്രോളിയം ഉല്‍പന്നങ്ങളും ആയിരുന്നു. മാര്‍ച്ച് 24ന് യാത്ര തിരിച്ച 27742 വാഗണുകളില്‍ 1444 എണ്ണത്തില്‍ ഭക്ഷ്യ ധാന്യങ്ങളും 84വാഗണുകളില്‍ പഴങ്ങളും പച്ചക്കറികളും 168 വാഗണുകളില്‍ ഉപ്പും 15 വാഗണുകളില്‍ പാലും 50 ടാങ്കറുകളില്‍ ഭക്ഷ്യ എണ്ണയും 24207 വാഗണുകളില്‍ കല്‍ക്കരിയും 1774 വാഗണുകളില്‍ പെട്രോളിയം ഉല്‍പന്നങ്ങളും ആയിരുന്നു.
മാര്‍ച്ച് 25 ന് 23097 വാഗണുകളാണ് അവശ്യ വസ്തുക്കളുമായി പുറപ്പെട്ടത്. ഇതില്‍ 876 വാഗണുകളില്‍ ഭക്ഷ്യധാന്യങ്ങള്‍, 42 വാഗണുകളില്‍ പഞ്ചസാര, 42 വാഗണുകളില്‍ ഉപ്പ്, 15 വാഗണുകളില്‍ പാല്‍, 20418 വാഗണുകളില്‍ കല്‍ക്കരി, 1704 വാഗണുകളില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ എന്നിവ ആയിരുന്നു. 26 ന് പുറപ്പെട്ട 24009 വാഗണുകളില്‍ 1417എണ്ണത്തില്‍ ഭക്ഷ്യധാന്യങ്ങള്‍, 42 വാഗണ്‍ പഞ്ചസാര, 42 വാഗണ്‍ ഉപ്പ്, 20784 വാഗണ്‍ കല്‍ക്കരി, 1724 വാഗണ്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ എന്നിവയാണ് ഉണ്ടായിരുന്നത്.
സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെയാണ് ചരക്കു നീക്കവും അവശ്യവസ്തുക്കളുടെ വിതരണവും സുഗമമായി നടക്കുന്നത്. അവശ്യ വസ്തുക്കളുടെ നീക്കം തടസം കൂടാതെ നടക്കുന്നു എന്ന് നിരീക്ഷിക്കാന്‍ റെയില്‍വേ മന്ത്രാലയം ഒരു അടിയന്തിര ചരക്കു നീക്ക നിയന്ത്രണ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ക്കാണ് മേല്‍നോട്ട ച്ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."