ദിവസം ഒരു കേസെങ്കിലും എടുക്കണമെന്ന നിര്‍ദേശം എക്‌സൈസ് ജീവനക്കാരില്‍ സമ്മര്‍ദമുണ്ടാക്കുന്നു രാജു ശ്രീധര്‍
കൊല്ലം: എക്‌സൈസ് ഓഫിസുകളുടെ പരിധിയില്‍ ദിവസം അയ്യായിരം രൂപ പിഴയുള്ള ഒരുകേസെങ്കിലും എടുക്കണമെന്ന കമ്മിഷണര്‍ ഋഷിരാജ് സിങിന്റെ നിര്‍ദ്ദേശം എക്‌സൈസ് ജീവനക്കാരില്‍ അമിത സമ്മര്‍ദ്ദത്തിനു കാരണമാകുന്നു. നിലവില്‍ കാര്യക്ഷമമായി കൃത്യനിര്‍വഹണം നടത്തുന്ന ഉദ്യോഗസ്ഥരെയാണ് പുതിയ തീരുമാനം ബുദ്ധിമുട്ടിലാക്കുന്നത്. ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ നിന്നു മദ്യം വാങ്ങുന്ന സാധാരണക്കാരാണ് ഇപ്പോള്‍ എക്‌സൈസ് ഉദ്യോഗസ്ഥരുടെ ഇര. പൊതു സ്ഥലത്തിരുന്നു മദ്യപിക്കുന്നതിനു കേസെടുത്താല്‍ പരാമാവധി 5000രൂപയാണ് ശിക്ഷ. ഇതിന്റെ മറവില്‍ പല നിരപരാധികളും കള്ളക്കേസില്‍ പ്രതിയാകുകയാണ്.
ബാറുകള്‍ തുറക്കുന്നതിന്റെ മുന്നോടിയായി പൊതുസ്ഥലങ്ങളിലെ മദ്യപാനത്തിനെതിരേ പരമാവധി കേസുകളെടുത്തു യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയം പരാജയമെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് അണിയറയില്‍ നടക്കുന്നതെന്നാണ് ഒരു വിഭാഗം എക്‌സൈസ് ജീവനക്കാര്‍ പറയുന്നത്. ബാറുടമകളുടെ താത്പര്യത്തിനനുസരിച്ചാണ് സര്‍ക്കാര്‍ ഋഷിരാജ് സിങിനെ ഒരു വര്‍ഷത്തേക്കു കമ്മിഷണറായി നിയമിച്ചിരിക്കുന്നതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. നിലവിലുള്ള ജീവനക്കാരെ വച്ചു റെയ്ഡുകളും മറ്റും കാര്യക്ഷമമായി നടത്താന്‍ കഴിയാതെ വരുന്നതായും ആക്ഷേപമുണ്ട്. സേനാംഗങ്ങളുടെ കടുത്ത ക്ഷാമം നേരിടുമ്പോഴാണ് പ്രതിഷേധമുയര്‍ത്തുന്ന പുതിയ തീരുമാനം നടപ്പാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."