പരസ്യത്തിനായി പൊടിച്ച 97 കോടി തിരിച്ചടക്കണമെന്ന് കെജ്രിവാളിനോട് ഗവര്‍ണര്‍
ന്യൂഡല്‍ഹി: പരസ്യങ്ങള്‍ക്കായി ചെലവഴിച്ച പൊതുപണം തിരിച്ചടക്കണമെന്ന് അരവിന്ദ് കെജ്രിവാള് സര്‍ക്കാരിനോട് ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍. ഇത് സുപ്രിം കോടതി ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പരസ്യത്തിനായി പൊടിച്ച 97 കോടി രൂപ തിരിച്ചടക്കണമെന്നാണ് ഗവര്‍ണറുടെ കര്‍ശന നിര്‍ദേശം. 30 ദിവസമാണ് ഇതിന് ഗവര്‍ണര്‍ സമയം അനുവദിച്ചിരിക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ ഉത്തരവ്. മുഖ്യമന്ത്രിയേയും പാര്‍ട്ടിയേയും വാഴ്ത്താന്‍ വേണ്ടി ഡല്‍ഹി സര്‍ക്കാര്‍ പൊതുപണം ദുര്‍വ്യയം ചെയ്തുവെന്ന് സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന് നല്കിയ പരാതിയിലാണ് കമ്മിറ്റി അന്വേഷണം നടത്തിയത്.
അതേസമയം, ഗവര്‍ണറുടെ ഉത്തരവിനെ സംബന്ധിച്ച് അറിഞ്ഞിട്ടില്ലെന്നും അതിനാല്‍ പ്രതികരിക്കാനില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
സര്‍ക്കാര്‍ പരസ്യങ്ങളില്‍ മുഖ്യമന്ത്രിമാരുടേയോ രാഷ്ട്രീയ നേതാക്കളുടേയോ ചിത്രങ്ങള്‍ പാടില്ലെന്നാണ് 2015ലെ സുപ്രിം കോടതി ഉത്തരവ്. പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും ചീഫ് ജസ്റ്റീസിനും ഇക്കാര്യത്തില്‍ ഇളവുണ്ടായിരുന്നു.
തമിഴ്നാട്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കും പിന്നീട് കോടതി ഇളവു നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."