ബഹ്‌റൈനില്‍ ശമ്പളം ലഭിക്കാതെ ദുരിതത്തിലായ പ്രവാസി തൊഴിലാളികള്‍ ലേബര്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി
മനാമ: ബഹ്‌റൈനില്‍ കമ്പനിയില്‍ നിന്നും ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ദുരിതത്തിലായ പ്രവാസി തൊഴിലാളികള്‍ സംഘടിച്ച് ലേബര്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. വഴി മധ്യേ പൊലിസ് തടഞ്ഞതിനാല്‍ മണിക്കൂറുകളോളം കുത്തിയിരുപ്പ് നടത്തിയാണ് തൊഴിലാളികള്‍ പിരിഞ്ഞത്.
ബഹ്‌റൈനിലെ പ്രമുഖ കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ജി.പി.സക്കറിയദെസ് സിവില്‍ എഞ്ചിനിയറിങ് ആന്റ് കോണ്‍ട്രാക്ടേഴ്‌സ് കമ്പനി (ജി.പി.സെഡ്)യുടെ റിഫ, സിത്ര, നുവൈദിരാത്, എക്കര്‍ എന്നീ ക്യാംപുകളില്‍നിന്നുള്ള നൂറു കണക്കിന് തൊഴിലാളികളാണ് സംഘടിച്ച് തൊഴില്‍മന്ത്രാലയത്തിലേക്ക് നീങ്ങിയത്. എന്നാല്‍ സംഭവമറിഞ്ഞെത്തിയ പൊലിസ് സനദ് പ്രവിശ്യയില്‍വച്ച് മാര്‍ച്ച് തടഞ്ഞെങ്കിലും തൊഴിലാളികള്‍ പിന്തിരിയാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് ഇവിടെ അഞ്ചു മണിക്കൂറോളം കുത്തിയിരിപ്പ് നടത്തിയ ശേഷം തൊഴിലാളികള്‍ പിരിഞ്ഞുപോയത്. ഇതിനിടെ ആറുപേരെ കേസ് രജിസ്റ്റര്‍ ചെയ്യാനായി പൊലിസ് കൂടെ കൊണ്ടുപോയതായും റിപ്പോര്‍ട്ടുണ്ട്.
ഈ മാസം ഇത് മൂന്നാം തവണയാണ് തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തുന്നത്. തങ്ങള്‍ക്ക് അര്‍ഹമായ ശമ്പളം ലഭിക്കാത്തതു കൊണ്ടാണ് പ്രതിഷേധിക്കേണ്ടി വരുന്നതെന്നും ബന്ധപ്പെട്ടവരെല്ലാം ഇടപെട്ട് എത്രയും പെട്ടെന്ന് ഒരു ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം. കഴിഞ്ഞ നാലുമാസമായി ഇവര്‍ക്ക് ശമ്പളം ലഭിക്കുന്നില്ല. മാസങ്ങളായി ഈ നില തുടരുന്നതിനാല്‍ തൊട്ടടുത്ത കടകളില്‍ നിന്നും ഇപ്പോള്‍ ഭക്ഷണമോ വെള്ളമോ കടമായി പോലും ലഭിക്കുന്നില്ല.
ഇതിനിടെ, ചില സാമൂഹ്യ പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും വല്ലപ്പോഴും ഭക്ഷണവും വെള്ളവും വിതരണം ചെയ്യുന്നുവെന്നതു മാത്രമാണ് തൊഴിലാളികളുടെ ഇപ്പോഴുള്ള ഏക ആശ്വാസം. ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആര്‍.എഫ്), മൈഗ്രന്റ് വര്‍ക്കേഴ്‌സ് പ്രൊട്ടക്ഷന്‍ സൊസൈറ്റി (എം.ഡബ്ല്യു.പി.എസ്) തുടങ്ങിയ ചില സംഘടനകള്‍ ഇവര്‍ക്ക് ഭക്ഷണവും വെള്ളവും കഴിഞ്ഞ ദിവസം വിതരണം ചെയ്തിരുന്നു.
എന്നാല്‍ തങ്ങള്‍ കരാര്‍ ഏറ്റെടുത്ത് നിര്‍മിച്ച നിരവധി പദ്ധതികളുടെ പണം ഇനിയും ലഭിക്കാനുണ്ടെന്നും അതുെകാണ്ടാണ് ശമ്പളം നല്‍കാനാവാത്തതെന്നുമാണ് കമ്പനി അധികൃതരുടെ മറുപടി. തങ്ങളുടെ കമ്പനി സൈറ്റുകളില്‍ ജോലി ചെയ്യുന്ന 2,750 തൊഴിലാളികളില്‍ 750പേരുടെ ശമ്പളം ഇപ്പോഴും മുടങ്ങാതെ ലഭിക്കുന്നുണ്ട്. മറ്റു 600പേര്‍ നാട്ടിലേക്ക് മടങ്ങാന്‍ ഇപ്പോള്‍ കാത്തിരിക്കുന്നവരാണ്. തങ്ങള്‍ക്ക് ലഭിക്കാനുള്ള തുക ലഭിക്കുന്നതോടെ എല്ലാവരുടെയും ശമ്പളം കൊടുത്തു വീട്ടാമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഇത് എപ്പോള്‍ കൊടുത്തുവീട്ടാനാവും എന്ന് ഒരു ഉറപ്പും കമ്പനി അധികൃതര്‍ക്ക് നല്‍കാനാവുന്നില്ല.
ഇതിനിടെയും ജോലി ചെയ്യാന്‍ കമ്പനി അധികൃതര്‍ തങ്ങളെ നിര്‍ബന്ധിക്കുന്നതായി തൊഴിലാളികള്‍ അറിയിച്ചു. എന്നാല്‍, മുടങ്ങിയ ശമ്പളത്തിന്റെ കാര്യത്തില്‍ തീരുമാനമായ ശേഷമേ ജോലിക്കു പോകൂ എന്നാണ് തങ്ങളുടെ നിലപാടെന്നും അവര്‍ വ്യക്തമാക്കി.
ഇവരുടെ കൂട്ടത്തില്‍ പലരും ദീര്‍ഘകാലത്തെ സര്‍വീസ് ഉള്ളവരാണ്. പിരിയുമ്പോഴുള്ള ആനുകൂല്യങ്ങള്‍ മുന്നില്‍ കണ്ട് മക്കളുടെ കല്ല്യാണവും വീടുപണിയുമെല്ലാം നടത്താമെന്ന് കരുതിയവരും കൂട്ടത്തിലുണ്ട്. ചില തൊഴിലാളികള്‍ ഇതിനകം ആനുകൂല്യമൊന്നും കൈപ്പറ്റാതെ നാട്ടിലേക്ക് മടങ്ങിയിട്ടുമുണ്ട്. ശേഷിക്കുന്നവരാണിപ്പോള്‍ എംബസിയിലും,ലേബര്‍ കോടതിയിലും പരാതിയുമായെത്തിയിരിക്കുന്നത്.
എന്നാല്‍, ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസി ഈ പ്രശ്‌നത്തില്‍ ഇതുവരെ ഇടപെട്ടില്ല എന്ന ആക്ഷേപവും തൊഴിലാളികള്‍ക്കുണ്ട്. നിരവധി ഇന്ത്യന്‍ തൊഴിലാളികളും ഈ ക്യാംപുകളില്‍ ഏറെ ദുരിതത്തിലായി കഴിയുന്നവരാണ്. എന്നിട്ടും ഇന്ത്യന്‍ എംബസി തങ്ങളുടെ കാര്യത്തിലിതുവരെ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്നാണ് തൊഴിലാളികളുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും ആക്ഷേപം. ഇന്ത്യക്കാര്‍ക്കു പുറമെ പാകിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവരും കൂട്ടത്തിലുണ്ട്. കഴിഞ്ഞ ദിവസം പ്രതിഷേധക്കാരിലുള്‍പ്പെട്ട ബംഗ്ലാദേശി പൗരന്‍മാരുമായി സംസാരിക്കാന്‍ ബംഗ്ലാദേശ് എംബസി പ്രതിനിധികള്‍ എത്തിയിരുന്നു.
ജി.പി.സെഡ് കമ്പനിയിലെ തൊഴിലാളികളെ സഹായിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എംബസി അധികൃതരോട് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."