ടാങ്കര്‍ അപകടം; താനൂരില്‍ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു
തിരൂര്‍: ടാങ്കര്‍ ലോറി മറിഞ്ഞു വിമാന ഇന്ധന ചോര്‍ച്ചയും തീപിടിത്തവുമുണ്ടായ താനൂരില്‍ സ്ഥിതിഗതികള്‍ ശാന്തം. ഇന്നലെ പകല്‍ പതിനൊന്നോടെ പരിസരത്തു വൈദ്യുതി ബന്ധം പൂര്‍ണമായും പുനസ്ഥാപിച്ചു.
ടാങ്കറില്‍ നിന്നു ചോര്‍ന്ന ഏവിയേഷന്‍ ഓയില്‍ അപകട സ്ഥലത്തു നിന്ന് ഫയര്‍ഫോഴ്‌സും പൊലിസും നാട്ടുകാരും ചേര്‍ന്നു നീക്കം ചെയ്തു. അഴുക്കുചാലിലും റോഡിലും പരിസരത്തും പരന്ന വിമാന ഇന്ധനമാണു പൂര്‍ണമായും ഒഴിവാക്കിയത്. അപകടമുണ്ടായ താനൂരിലെ ഇരട്ട വളവില്‍ ഇരുവശത്തുമായി ഹംബും ട്രാഫിക് സിഗ്നലുകളും സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. തീപിടുത്തത്തില്‍ നശിച്ച വീടിന്റെ ഉടമ തെങ്ങിലകത്ത് മുഹമ്മദ് എ കുഞ്ഞുട്ടിയും വാഹന ഉടമകളും സര്‍ക്കാറില്‍ നിന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ടു റവന്യൂ വകുപ്പിനെ സമീപിച്ചു. ഇതിന്റെ ഭാഗമായി താനൂര്‍ വില്ലേജ് ഓഫീസര്‍ക്ക് ഇവര്‍ നിവേദനം നല്‍കി. ഇന്ധനം ഒഴിവാക്കുന്നതിന്റെ ഭാഗമായി പൊളിച്ച ഡ്രൈനേജ് ഉടന്‍ നന്നാക്കാന്‍ കലക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എന്നാല്‍ തീപിടിത്തത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന കാരണത്താല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ പൊലീസ് വ്യക്തത വരുത്തിയിട്ടില്ല. എന്നാല്‍ കനോലി കനാല്‍ വഴി കടലിലേക്കു വരെ ഇന്ധനം എത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇന്ധനം ചോര്‍ന്ന പ്രദേശത്തെ ഏതാനും കിണറുകളിലെ വെള്ളത്തിനു ചുവ വ്യത്യാസം അനുഭവപ്പെട്ടതിനാല്‍ വിശദമായ പരിശോധനയ്ക്കായി വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ച് ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."