സഊദിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍
റിയാദ്: കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സഊദിയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. നേരത്തെ പ്രഖ്യാപിച്ച ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വിസ് വിലക്കും പൊതുഗതാഗതം നിര്‍ത്തിയതും അനിശ്ചിത കാലത്തേക്ക് നീട്ടിയതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. അവധികളും നീട്ടിയിട്ടുണ്ട്.
ഈ മാസം പതിനാല് മുതലാണ് രാജ്യത്ത് വിമാന സര്‍വിസുകള്‍ റദ്ദാക്കിയത്. 14 ദിവസത്തേക്കായിരുന്നു ഇത്. വിമാനസര്‍വിസുകള്‍ക്കുള്ള വിലക്ക് ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇത് അനിശ്ചിത കാലത്തേക്ക് നീട്ടിയത്. ഇതോടെ അന്താരാഷ്ട്ര, ആഭ്യന്തര വിമാന സര്‍വിസുകള്‍ പരനരാരംഭിക്കുന്നത് അനന്തമായി നീളും.
കൂടാതെ, നേരത്തെ സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് അനുവദിച്ച അവധിയും നീട്ടിയിട്ടുണ്ട്. സ്വകാര്യ മേഖലയില്‍ പ്രഖ്യാപിച്ച നിബന്ധനകളും ഇനിയൊരു അറിയിപ്പു വരെ പാലിക്കണം. പൊതു ഗതാഗതം പുനരാരംഭിക്കുന്നതും അനിശ്ചിതമായി നീളും. സര്‍ക്കാര്‍ മേഖലയിലെ അവധിയും സ്വകാര്യമേഖലയിലെ ഭാഗിക അവധിയും നീട്ടിയതോടൊപ്പം ബസ്, ട്രെയിന്‍, ടാക്‌സി സര്‍വിസുകള്‍ക്കുള്ള നിരോധനവും അനിശ്ചിതകാലത്തേക്ക് നീട്ടിയിട്ടുണ്ട്.
കൂടാതെ, രാജ്യത്തെ പുരാതന വാണിജ്യ നഗരമായ ജിദ്ദയിലും നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. വിവിധ നഗരികളില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ജിദ്ദയിലും ഏര്‍പ്പെടുത്തി. ഇന്നലെ വൈകിട്ടാണ് പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുത്തിയത്. ഇതോടെ വൈകിട്ട് മൂന്ന് മണി മുതല്‍ ജിദ്ദയിലേക്ക് പ്രവേശിക്കുവാനോ പുറത്തിറങ്ങാനോ സാധിക്കുകയില്ല. നേരത്തെ, മക്ക, മദീന, റിയാദ് നഗരികളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. പുറമെ രാജ്യത്തെ 13 പ്രവിശ്യകള്‍ തമ്മിലുള്ള പോക്കുവരവുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."