ചാവക്കാട്ട് ഒന്നര കോടിയുടെ നിരോധിത നോട്ടുമായി അഞ്ചു പേര് അറസ്റ്റില്‍
ചാവക്കാട്: ഒന്നര കോടിയുടെ നിരോധിത നോട്ടുമായി തമിഴ്നാട് സ്വദേശികളടക്കം അഞ്ചു പേര് അറസ്റ്റില്‍. കോയമ്പത്തൂര്‍ സ്വദേശികളായ താജുദ്ദീന് (37), ഫിറോസ്ഖാന് (33), ആസാദ് നഗര്‍ കരുമ്പ് കടൈ മുഹമ്മദ് റിന്‍ഷാദ് (29), വടക്കാഞ്ചേരി റെയില്വേസ്റ്റേഷന് സമീപം പുത്തന്‍പീടികയില്‍ ഷറഫുദ്ദീന്(40), പാലക്കാട് പറളി നാരാപറമ്പില്‍ ഹബീബ്( 58) എന്നിവരെയാണ് ചാവക്കാട് പൊലിസ് പിടികൂടിയത്. ആയിരത്തിന്റെ 70 ലക്ഷം രൂപയുടെ നോട്ടുകളും അഞ്ഞൂറിന്റെ 80 ലക്ഷത്തിന്റെ നോട്ടുകളുമായാണ് ഇവരെ ഇന്നലെ രാവിലെ ചാവക്കാട് വടക്കേ ബൈപ്പാസ് ജങ്ഷനില്‍ വച്ച് സ്റ്റേഷന് ഓഫിസര്‍ സി.ഐ കെ.ജി സുരേഷ് , എസ്.ഐ പി.ആര്. രാജീവ് , എ.എസ്.ഐ അനില്‍ മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച രണ്ട് കാറുകളും കസ്റ്റഡിയിലെടുത്തു.
നിരോധിച്ച 500, 1000 നോട്ടുകള്‍ ചാവക്കാട് ഉള്ള ഏജന്റ് മുഖേന മാറ്റി നല്‍കുന്നുണ്ടെന്ന വിവരത്തെതുടര്‍ന്ന് കോയമ്പത്തൂരില്‍നിന്ന് കോടിക്കണക്കിന് രൂപയുടെ നിരോധിത നോട്ടുകള്‍ ചാവക്കാട്ടെത്തിക്കുന്നുണ്ടെന്ന് പൊലിസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കോയമ്പത്തൂരില്‍നിന്ന് നോട്ടുകളുമായി വരുന്ന സംഘത്തെക്കുറിച്ച് വിവരം ലഭിക്കുന്നതും രണ്ടു കാറുകളിലായി കൊണ്ടുവരികയായിരുന്ന ഒന്നര കോടി രൂപയും പ്രതികളെയും പിടികൂടുന്നതും. പിടിയിലായ താജുദ്ദീന്റെ നേതൃത്വത്തിലാണ് പണം ചാവക്കാട് എത്തിക്കുന്നത്. ചാവക്കാട് കേന്ദ്രീകരിച്ച് നിരോധിത നോട്ടുകള്‍ മാറ്റി നല്‍കാമെന്ന് ചിലര്‍ ഉറപ്പുനല്‍കിയിരുന്നതായി പിടിക്കപ്പെട്ടവര്‍ പറയുന്നുണ്ടെന്നും ഇവരെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും സ്റ്റേഷന് ഓഫിസര്‍കെ. ജി സുരേഷ് പറഞ്ഞു. റിസര്‍വ് ബാങ്കുമായി ബന്ധപ്പെട്ട് ചിലര്‍ നിരോധിത നോട്ടുകള്‍ മാറ്റി നല്‍കുന്നുണ്ടെന്ന് പ്രതികള്‍ മൊഴി നല്‍കിയെങ്കിലും അത്തരം സംഭവം സംബന്ധിച്ച്കൂടുതല്‍ വിവരം ലഭിച്ചിട്ടില്ലെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."