'മായം... മറിമായം..' മീഡിയാ സെന്ററോ., സര്‍ക്കാര്‍ ഓഫിസോ..?!
തിരുവനന്തപുരം: മൂന്നിനങ്ങളില്‍ ഒന്നാം സമ്മാനം ലഭിച്ച വിദ്യാര്‍ഥിയുടെ ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ടപ്പോള്‍ മീഡിയ സെന്ററുകാര്‍ കൈമലര്‍ത്തി. രജിസ്റ്ററേഷന്‍ വിഭാഗത്തിലേക്ക് കൈചൂണ്ടി അവിടേയ്ക്ക് വിട്ടു. അങ്ങോട്ടുചെന്നപ്പോള്‍ അവിടെയും തഥൈവ.. സെനറ്റുവേദിക്കരികിലെ ഓഫിസിലാണ് മുഴുവന്‍ ഫയലുകളുമെന്ന് പറഞ്ഞ് അങ്ങോട്ടുവിട്ടു.
ഒടുവില്‍ ഓഫിസിലെത്തി രജിസ്റ്ററേഷന്‍ ഫയല്‍ തപ്പിയപ്പോഴാണ് രസം. ആ വിദ്യാര്‍ഥിയുടെ ഫോണ്‍ വിവരങ്ങള്‍ നല്‍കിയിട്ടില്ല. ഇക്കാലത്ത് മൊബൈല്‍ നമ്പറില്ലാത്തവരുണ്ടാകുമോ എന്ന ചോദ്യത്തിന് അതിനവര്‍ തരണ്ടേ സാര്‍ എന്നായിരുന്നു മറുപടി. അടിസ്ഥാന വിവരങ്ങള്‍ അറിയുന്നതിന് സഹായകമാകുന്ന മൊബൈല്‍ നമ്പറുപോലുമില്ലാതെയാണ് മിക്ക രജിസ്റ്ററേഷനുമെന്ന് ചുരുക്കം...
മേല്‍വിലാസം ഉള്ളവര്‍ക്ക് ഫോണ്‍ നമ്പര്‍ ഉണ്ടാകില്ല. ചിലര്‍ക്ക് ഫോണ്‍ നമ്പര്‍ ഉണ്ടാകും മേല്‍വിലാസം ലഭ്യമല്ല. ഇത്തരത്തില്‍ നിരുത്തരവാദപരമായ രീതിയിലാണ് വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മത്സരവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കേണ്ട മീഡിയാ സെന്റര്‍ തന്നെ ആവശ്യത്തിന് വിവരങ്ങള്‍ ശേഖരിക്കാത്തത് സംഘാടനത്തിലെ ഗുരുതര പിഴവാണ് ചൂണ്ടിക്കാട്ടിയത്. ഒരു ചാനലിലെ ഹാസ്യപരിപാടിയായ മറിമായം കാണുന്ന പ്രതീതിയാണ് മൊത്തം.
കേരള സര്‍വകലാശാല യുവജനോത്സവത്തില്‍ മൂന്ന് ദിവസം നീണ്ടുനിന്ന മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ പിഴവുകളുടേയും പാളിച്ചകളുടേയും നീണ്ട നിരയാണ് കാണികള്‍ക്ക് കാണാനായത്.
മത്സര വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കേണ്ട മീഡിയ സെന്റര്‍ മുതല്‍ പിങ്ക് വോളന്റിയര്‍മാര്‍ വരെ ഉത്തരവാദിത്തങ്ങള്‍ മറന്നപ്പോള്‍ മത്സരാര്‍ഥികളും രക്ഷിതാക്കള്‍ക്കുമൊപ്പം മാധ്യമ പ്രവര്‍ത്തകരും ബുദ്ധിമുട്ടി.
മുഖ്യ പ്രത്യേകതയായി ഉയര്‍ത്തികാട്ടിയ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതില്‍ സംഘാടകര്‍ ആദ്യ ദിനം തന്നെ പരാജയപ്പെട്ടിരുന്നു. വേദികള്‍ പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ സംഘാടകര്‍ക്ക് സാധിച്ചില്ല. മുഖ്യവേദിയായ സെനറ്റ് ഹാളിന്റെ പരിസരം മുഴുവന്‍ സ്വകാര്യ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ഫ്‌ളക്‌സ് ബോര്‍ഡുകള്‍കൊണ്ട് നിറഞ്ഞിരുന്നു. ഘോഷയാത്രയിലുടനീളം പ്ലാസ്റ്റിക്ക് വെള്ളക്കുപ്പികളാണ് വിതരണം ചെയ്തത്. ഇവയാകട്ടെ ഉപയോഗിച്ചശേഷം കനകക്കുന്ന് മുതല്‍ പാളയം സെനറ്റ് ഹാള്‍ വരെയുള്ള വഴികളില്‍ കുട്ടികള്‍ വലിച്ചെറിയുകയും ചെയ്തു. മത്സരദിവസങ്ങളിലെല്ലാം വേദികളില്‍നിന്ന് വേദികളിലേക്ക് കുപ്പിവെള്ളവുമായി സംഘാടകര്‍ പായുന്ന കാഴ്ചയാണ് കാണാനായത്.
സ്ത്രീ സുരക്ഷക്കുവേണ്ടി സംഘാടകസമിതി ഏര്‍പ്പെടുത്തിയ പിങ്ക് വോളന്റിയര്‍മാരുടെ സേവനം പല മത്സരങ്ങളിലും ലഭ്യമായില്ലെന്ന് പരാതി ഉയര്‍ന്നു. കോളജ് സമയം കഴിഞ്ഞാല്‍ വോളന്റിയര്‍മാര്‍ വീടുകളിലേക്കും ഹോസ്റ്റലിലേക്കും പോകുന്നതായും ആരോപണമുണ്ട്.
മൂന്നാം ദിവസത്തെ മത്സരങ്ങള്‍ അവശേഷിക്കാന്‍ മിനിട്ടുകള്‍ ബാക്കി നില്‍ക്കേ മത്സര വേദികള്‍ മാറ്റിയതും ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരുന്നു. രാത്രി ഒമ്പത് മണിക്കാണ് തുടര്‍ന്ന് നടക്കേണ്ട മത്സര വേദികള്‍ മാറ്റിയതായി പ്രഖ്യാപനം വന്നത്.
വിധികര്‍ത്താക്കളെക്കുറിച്ചുള്ള തര്‍ക്കങ്ങളും ഫലപ്രഖ്യാപനത്തെ തുടര്‍ന്നുണ്ടായ ചില അഭിപ്രായ വ്യത്യാസങ്ങളും പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."