കനത്ത ചൂടിലും കാവല്‍; പൊലിസിനിത് അഗ്നിപരീക്ഷ
പാലക്കാട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ ഇടയ്‌ക്കൊന്നു വിശ്രമിക്കാന്‍ പോലും കഴിയാതെ 24 മണിക്കൂര്‍ തുടര്‍ച്ചയായി ജോലിചെയ്യുന്ന സംസ്ഥാന പൊലിസ് സേന രാജ്യത്തിന്റെ ആദരവു പിടിച്ചുപറ്റുന്നു. വേനലിന്റെ കാഠിന്യമേറ്റും ലോക്ക് ഡൗണ്‍ ലംഘിച്ച് ഒരു കാര്യവുമില്ലാതെ റോഡിലിറങ്ങുന്നവരോടു മല്ലിട്ടും മനസു മടുത്തു നില്‍ക്കുമ്പോഴും യാത്രക്കാരോടും നാട്ടുകാരോടും പുഞ്ചിരിക്കുന്ന പൊലിസിന്റെ ഉള്ളിലെ വേദനകളും പരിഭവങ്ങളും കേള്‍ക്കാന്‍ ആര്‍ക്കും നേരമില്ല.
അയല്‍ സംസ്ഥാന അതിര്‍ത്തികളിലെ ചെക്ക് പോസ്റ്റുകളിലും റോഡുകളിലും രാപകലില്ലാതെ സേവനനിരതരാണ് പൊലീസുകാര്‍. 24 മണിക്കൂര്‍ തുടര്‍ച്ചയായി ഒരു ഷിഫ്റ്റ് എന്ന നിലയിലാണ് ഇവര്‍ ജോലിയെടുക്കുന്നത്. കോവിഡിനെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത് ആരോഗ്യ വകുപ്പാണെങ്കിലും ജോലിഭാരമത്രയും പൊലിസിനാണ്. വീടുകളിലെ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ നിയമലംഘനം മുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരേയുണ്ടാകുന്ന കൈയേറ്റശ്രമങ്ങള്‍ വരെ പൊലിസ് സേനയുടെ സേവനത്തിലൂടെയാണ് പ്രതിരോധിക്കുന്നത്. എന്നാല്‍ സര്‍ക്കാരില്‍ നിന്നും സമൂഹത്തില്‍ നിന്നും പൊലിസിനു കിട്ടുന്നത് കുറ്റപ്പെടുത്തലും നന്ദികേടും.
ഒറ്റപ്പെട്ട കാടന്‍ രീതികള്‍ ചില പൊലിസുകാരില്‍ നിന്ന് ഉണ്ടായതിന്റെ പേരില്‍ മൊത്തം പൊലിസിന്റെ സേവനങ്ങളെ ജനങ്ങളും മാധ്യമങ്ങളും വിലകുറച്ചു കാണുന്നുവെന്നാണ് പൊലിസുകാരുടെ പരാതി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ആരോഗ്യരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കായി വന്‍ തുകയുടെ ഇന്‍ഷുറന്‍സ് പ്രഖ്യാപിച്ചപ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കു സംരക്ഷണവും കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃപരമായ പങ്കു വഹിക്കുന്ന പൊലിസിനു കുപ്പിവെള്ളവുമാണ് സര്‍ക്കാരിന്റെ ഓഫര്‍. അതുതന്നെ റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളോട് നല്‍കാനാണ് മുഖ്യമന്ത്രിയുള്‍പ്പെടെ ആവശ്യപ്പെട്ടിരിക്കുന്നത്.
പൊരിവെയിലില്‍ ജോലിയെടുക്കുന്ന പൊലിസിനു ഭക്ഷണം കൊടുക്കുന്ന കാര്യത്തില്‍ ഇന്നെങ്കിലും ഒരു തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പൊലിസുകാര്‍. കടകളില്‍ നിന്ന് വാങ്ങുന്ന ബിസ്‌ക്കറ്റും വെള്ളവുമാണ് പലപ്പോഴും പൊലിസുകാരുടെ ഭക്ഷണം. മിക്കയിടങ്ങളിലും കടകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ ബിസ്‌ക്കറ്റ് പോലും കിട്ടാത്ത സാഹചര്യവുമുണ്ട്.
സ്‌റ്റേഷന്‍ ഡ്യൂട്ടിക്കു മിനിമം ആവശ്യമായവരെ മാറ്റിനിര്‍ത്തി മറ്റെല്ലാ പൊലിസുകാരെയും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിരിക്കുകയാണ്. എന്നിട്ടും ആവശ്യത്തിനു പൊലിസുകാരെ തികയാതെ വന്ന സാഹചര്യത്തില്‍ പൊലിസ് ട്രെയിനിങ് കോളജുകളില്‍ പരിശീലനം തുടങ്ങി ഒരു മാസം മാത്രം പിന്നിട്ട ട്രെയിനികളെ വരെ രംഗത്തിറക്കിയിരിക്കുകയാണ്. പാസിങ് ഔട്ട് കഴിയാതെ ലോ ആന്‍ഡ് ഓര്‍ഡര്‍ ഡ്യൂട്ടി കിട്ടുന്ന സംസ്ഥാനത്തെ ആദ്യ ബാച്ച് പൊലിസുകാരായിരിക്കും ഇവര്‍. അവഗണനകളും കുറ്റപ്പെടുത്തലുകളും ഏറെ കിട്ടുമ്പോഴും കേരളത്തിന്റെ പൊലിസ് ജോലി ചെയ്യുകയാണ്. കൊവിഡ് ചങ്ങല പൊട്ടിക്കാനുള്ള ദൗത്യവുമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."