യു.ഡി.എഫില്‍ ബാര്‍കോഴ വീണ്ടും കത്തുന്നു ഗൂഢാലോചന വെളിപ്പെടുത്തി മാണി; ശരിവച്ച് ആന്റണി രാജു
തിരുവനന്തപുരം: യു.ഡി.എഫില്‍ ബാര്‍കോഴ വിവാദം വീണ്ടും കത്തുന്നു. ബാര്‍കോഴ ആരോപണത്തിനു പിന്നിലെ ഗൂഢാലോചന മുന്‍ ധനമന്ത്രി കെ.എം മാണി വെളിപ്പെടുത്തിയതോടെയാണ് വിഷയം വീണ്ടും വിവാദമാകുന്നത്. മാണി പറഞ്ഞതു ശരിവച്ചുകൊണ്ട് ഒരുകാലത്ത് അദ്ദേഹത്തിന്റെ വിശ്വസ്തനായിരുന്ന ജനാധിപത്യ കേരളാ കോണ്‍ഗ്രസ് നേതാവ് ആന്റണി രാജുവും രംഗത്തെത്തിയിട്ടുണ്ട്.
താന്‍ ഇടതുപക്ഷത്തേക്കു പോകുമെന്ന് സംശയിച്ച ചിലരാണ് ഇതിനുപിന്നിലെന്ന് ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് മാണി വെളിപ്പെടുത്തിയത്. തന്നെ യു.ഡി.എഫില്‍ തളച്ചിടാന്‍ വേണ്ടിയാണിത് ചെയ്തത്. ബാറുടമ ബിജു രമേശിന്റെ മകളുടെ വിവാഹനിശ്ചയത്തിനു പോയി ബിജുവിനു മാന്യതയുണ്ടാക്കിക്കൊടുക്കാന്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ശ്രമിക്കരുതായിരുന്നുവെന്നും അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ആരൊക്കെയാണ് ഗൂഢാലോചനയ്ക്കു പിന്നിലെന്ന് ഇതിലൂടെ മാണി സൂചന നല്‍കിയതായും വിലയിരുത്തപ്പെടുന്നു.
മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം കാരണം ഇടതുപക്ഷത്തേയ്ക്കു പോകാന്‍ മാണി ശ്രമിച്ചിരുന്നതായാണ് ആന്റണി രാജു വ്യക്തമാക്കിയിരിക്കുന്നത്. ഈ ഘട്ടത്തിലാണ് ബാര്‍കോഴ ആരോപണം ഉയര്‍ന്നതെന്നും അതിനു പിന്നില്‍ ഗൂഢാലോചനയുള്ളതായി അന്വേഷണസമിതി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
ഇതോടെ മാണിയുടെ ആരോപണത്തിനു കൂടുതല്‍ വിശ്വാസ്യത കൈവന്നിരിക്കുകയാണ്. എന്നാല്‍ ഗൂഢാലോചനയ്ക്കു പിന്നില്‍ ചില കോണ്‍ഗ്രസ് നേതാക്കളാണെന്ന് ആന്റണി രാജു പറഞ്ഞിട്ടുണ്ടെങ്കിലും ആരൊക്കെയാണെന്ന് വ്യക്തമാക്കിയിട്ടില്ല. ബാര്‍കോഴ ആരോപണത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കാന്‍ കേരളാ കോണ്‍ഗ്രസ് (എം) നിയോഗിച്ച ഏഴംഗ സമിതിയിലെ അംഗമായിരുന്നു ആന്റണി രാജു. ഇപ്പോള്‍ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്ന ആന്റണി രാജുവിന്റെ ഈ വെളിപ്പെടുത്തല്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് വിലയിരുത്തപ്പെടുന്നു.
തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്ന യു.ഡി.എഫില്‍ ഈ വിവാദം പുതിയ ഭിന്നതകള്‍ക്ക് ഇടയാക്കിയേക്കും. അതു ലക്ഷ്യമിട്ടാണ് ആന്റണി രാജുവിന്റെ വെളിപ്പെടുത്തലെന്ന് സൂചനയുണ്ട്.
ഗൂഢാലോചനയ്ക്കു പിന്നില്‍ ആരാണെന്നു കൃത്യമായി വെളിപ്പെടുത്താതെ സൂചനകള്‍ മാത്രം നല്‍കിക്കൊണ്ട് വിവാദം കത്തിപ്പടരാന്‍ അവസരം നല്‍കുകയാണ് ഇതുവഴി ചെയ്യുന്നത്. വിവാദം രൂക്ഷമാകുന്നതോടെ ഗൂഢാലോചനയ്ക്കു പിന്നിലുള്ളവര്‍ ആരൊക്കെയെന്ന് വെളിപ്പെടുത്തുമ്പോള്‍ യു.ഡി.എഫില്‍ വലിയൊരു പൊട്ടിത്തെറി ഉണ്ടായേക്കുമെന്ന പ്രതീക്ഷയാണ് ഇതിനുപിന്നില്‍.
ഇതിനിടെ, മാണിയുടെ ആരോപണം ശരിവയ്ക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ പി.സി ജോര്‍ജ് എം.എല്‍.എയും നടത്തിയിട്ടുണ്ട്. മാണി അക്കാലത്ത് ഇടതുമുന്നണി നേതാക്കളുമായി ചര്‍ച്ച നടത്തിയതായി ജോര്‍ജ് ഒരു അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്.
ഇതില്‍ ഏറെ നിര്‍ണായകമായേക്കാവുന്ന ഒരു കൂടിക്കാഴ്ച തകര്‍ത്തത് മാണിയുടെ മകനും ഭാര്യയുമാണെന്നും ജോര്‍ജ് വെളിപ്പെടുത്തിയിട്ടുണ്ട്. ഈ നീക്കങ്ങള്‍ക്ക് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് താനാണെന്നും ജോര്‍ജ് വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."