വാഗമണ്ണിലേക്കുള്ള റോഡുകളെല്ലാം തകര്‍ന്നു; വിനോദ സഞ്ചാരികള്‍ ദുരിതത്തില്‍
തൊടുപുഴ: സംസ്ഥാനത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ വാഗമണ്ണിലേയ്ക്കുള്ള റോഡുകളെല്ലാം തകര്‍ന്നു. ഇതോടെ നൂറുകണക്കിന് വിനോദ സഞ്ചാരികള്‍ ദുരിതത്തിലായി. വാഗമണ്ണിലേക്കുള്ള പ്രധാന പാതകളായ കാഞ്ഞാര്‍ - പുള്ളിക്കാനം റോഡ്, മൂലമറ്റം - എടാട് റോഡ്, ഈരാട്ടുപേട്ട- വാഗമണ്‍, ഏലപ്പാറ - വാഗമണ്‍, ഉപ്പുതറ - വാഗമണ്‍ റോഡുകള്‍ തകര്‍ന്നുകിടക്കുന്നതു സഞ്ചാരികളുടെ നടുവൊടിക്കുന്നു.
ഈ അഞ്ചു റോഡുകളും തകര്‍ന്നതോടെ വാഗമണ്ണിലേക്കുള്ള യാത്ര ദുഷ്‌ക്കരമാകുകയാണ്. റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞ നിലയില്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും അധികൃതര്‍ യാതൊരു നടപടികളും എടുത്തിട്ടില്ല.
ദിവസേന നൂറുകണക്കിനു വാഹനങ്ങളും വിദേശ വിനോദസഞ്ചാരികളടക്കം നൂറുകണക്കിനാളുകളും വാഗമണ്ണിലെത്തുന്നുണ്ട്. ഇവരില്‍ പലരും കുമളിയും കുട്ടിക്കാനവും കണ്ടശേഷമേ മടങ്ങാറുള്ളൂ. എന്നാല്‍, റോഡുകള്‍ തകര്‍ന്നതോടെ സഞ്ചാരികള്‍ വാഗമണ്ണില്‍ യാത്ര അവസാനിപ്പിക്കുന്നു.
തേയിലച്ചെടികള്‍ക്കിടയിലുടെ കൊടുംവളവുകള്‍ നിറഞ്ഞ, വീതികുറഞ്ഞ റോഡിലൂടെയുള്ള യാത്ര സഞ്ചാരികളെ ത്രസിപ്പിക്കുന്നതാണ്.
എന്നാല്‍ റോഡ് അപകട സാധ്യതയുള്ളതാണ്. മിക്കയിടങ്ങളിലും കൊടുംവളവുകളിലും റോഡ് പൊട്ടിപ്പൊളിഞ്ഞു വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുന്നതിനാല്‍ വലിയ അപകടമാണു പതിയിരിക്കുന്നത്.
ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു നടപ്പാക്കുന്ന തേക്കടി - മൂന്നാര്‍ - വാഗമണ്‍ ടൂറിസം സര്‍ക്യൂട്ടിലെ പ്രധാന പാതയാണ് ഏലപ്പാറ റോഡ്.
ഇരുചക്രവാഹനങ്ങളിലും ചെറുകാറുകളിലുമെത്തുന്നവരെയാണു റോഡിന്റെ അവസ്ഥ കൂടുതല്‍ ദുരിതത്തിലാക്കുന്നത്. പാതയിലെ വലിയ കുഴികളില്‍ വീഴുന്ന വാഹനങ്ങള്‍ക്കു കേടുപാടുകള്‍ സംഭവിക്കുന്നത് ഇവിടെ പതിവാണ്. റോഡുകള്‍ അടിയന്തരമായി അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന ആവശ്യം ശക്തമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."