കെട്ടിക്കിടക്കുന്നത് നിരവധി നെല്‍വയല്‍ തണ്ണീര്‍ത്തട അപേക്ഷകള്‍
മാനന്തവാടി: നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമവും കെ.എല്‍.യു നിയമവും അനുസരിച്ച് വീട് നിര്‍മിക്കുന്നതിന് വേണ്ടി അനുമതിക്കായി മാനന്തവാടി സബ് കലക്ടര്‍ ഓഫിസില്‍ കെട്ടിക്കിടക്കുന്നത് നുറുകണക്കിന് അപേക്ഷകള്‍.
ജില്ലയിലെ പ്രാദേശിക നിരീക്ഷണ സമിതികള്‍ പരിശോധനടത്തി അംഗീകാരം നല്‍കി അന്തിമ അംഗീകാരത്തിന് നല്‍കിയ ഫയലുകളിലാണ് സബ് കലക്ടര്‍ ഓഫിസില്‍ നിന്നും തീരുമാനമെടുക്കാതെ കാലതമാസം വരുത്തുന്നത്. ഒരു വര്‍ഷം മുമ്പ് മുതലുള്ള അപേക്ഷകള്‍ കെട്ടികിടക്കുന്നുണ്ട്. ലൈഫ് പദ്ധതിയില്‍ വീട് ലഭിച്ചവരും അഞ്ച് സെന്റ് ഭൂമിയില്‍ വീട് നിര്‍മിക്കുന്നതിനുള്ള അപേക്ഷകളുമാണ് കൂടുതലുള്ളത്. അഞ്ച് സെന്റ് സ്ഥലം മാത്രമുള്ളവര്‍ക്കായി നിരവധി പേരാണ് വീടെന്ന സ്വപനം സാക്ഷാല്‍ക്കരിക്കാന്‍ കഴിയാതെ ഓഫിസ് കയറിയിറങ്ങി ദുരിതമനുഭവിക്കുന്നത്. വില്ലേജ് ഓഫിസില്‍ നിന്നും ആവശ്യമായ രേഖകള്‍, ഫോട്ടോ എന്നിവയെല്ലാം ഉള്‍പ്പെടുത്തി കൃഷി ഭവനിലാണ് നഗരസഭ പരിധിയില്‍ അഞ്ച് സെന്റ് സ്ഥലത്തും പഞ്ചായത്തുകളില്‍ 10 സെന്റ് സ്ഥലത്തും വയല്‍ നികത്തി വീട് നിര്‍മിക്കുന്നതിന് അപേക്ഷ നല്‍കുന്നത്.
അപേക്ഷ സ്വീകരിച്ച ശേഷം നിശ്ചിത ദിവസങ്ങള്‍ക്കുള്ളില്‍ അതാത് പ്രദേശത്തെ കൃഷി ഓഫിസര്‍, വില്ലേജ് ഓഫിസര്‍, കര്‍ഷകന്‍, രാഷ്ട്രിയ കക്ഷി പ്രതിനിധികള്‍ എന്നിവരുള്‍പ്പെട്ട നിരീക്ഷണ കമ്മിറ്റികള്‍ സ്ഥലം സന്ദര്‍ശിച്ച ശേഷം പ്രദേശത്ത് വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്യാറില്ലെന്നും, കൃഷിക്ക് അനുയോജ്യമല്ലെന്നുമുള്ള റിപ്പോര്‍ട്ട് സബ് കലക്ടര്‍ ഓഫിസിലേക്ക് നല്‍കുകയാണ് ചെയ്യുന്നത്.
ഈ റിപ്പോര്‍ട്ടിന്‍മേല്‍ ഗുണഭോക്താവിന് അനുമതി നല്‍കുന്നതിനാണ് ഉദ്യോഗസ്ഥര്‍ കാലതാമസം വരുത്തുന്നത്. ദിവസങ്ങളോളം കഷ്ട്ടപ്പെട്ട് വിവിധ രേഖകള്‍ ശരിയാക്കുകയും ആവശ്യമായ ഫീസും നല്‍കുന്ന പൊതുജനത്തെയാണ് ഉദ്യോഗസ്ഥര്‍ വട്ടം കറക്കുന്നത്.
പി.എ.എം.വൈ, ലൈഫ്മിഷന്‍ തുടങ്ങിയ പദ്ധതികളില്‍ വിട് അനുവദിച്ച നിര്‍ധനരായ ഉപഭോക്താക്കളാണ് ഇതുമൂലം ഏറെ വലയുന്നത്. അനുമതി ലഭിക്കാത്തതിനാല്‍ എഗ്രിമെന്റ് വെക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പലര്‍ക്കും അനുവദിച്ച വീട് നഷ്ട്ടപ്പെടുന്ന സ്ഥിതിയാണ്.
ജില്ലയില്‍ ഉടനീളം നിരവധി അപേക്ഷകളാണ് അനുമതിക്കായി സബ് കലക്ടര്‍ ഓഫിസില്‍ കെട്ടിക്കിടക്കുന്നത്. പ്രശ്‌നത്തിന് അടിയന്തര പരിഹാരം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടണമെന്നാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."