എട്ടിക്കുളത്ത് വീണ്ടും സംഘര്‍ഷം; ലാത്തിച്ചാര്‍ജ്
പയ്യന്നൂര്‍: ജുമുഅ നിസ്‌കാരത്തെ ചൊല്ലി എട്ടിക്കുളം തഖ്‌വ പള്ളിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം അക്രമത്തില്‍ കലാശിച്ചു. കല്ലേറില്‍ പൊലിസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു പരുക്കേറ്റു. പൊലിസ് ജീപ്പും രണ്ടു കാറുകളും തകര്‍ന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലിസ് അഞ്ചോളം ഗ്രനേഡ് പ്രയോഗിക്കുകയും ലാത്തിചാര്‍ജ് നടത്തുകയും ചെയ്തു. സംഭവസ്ഥലത്ത് നിന്ന് അന്‍പതോളം ഇരുചക്രവാഹനങ്ങള്‍ പൊലിസ് കസ്റ്റഡിയിലെടുത്തു. പൊലിസിനെ ആക്രമിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ഉപയോഗിച്ച് 300 പേര്‍ക്കെതിരേ കേസെടുത്തു. 13 പേരെ പൊലിസ് അറസ്റ്റുചെയ്തു. ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റ എട്ടിക്കുളത്തെ ടി.പി നൗഷാദ്, എം. അബ്ദുല്ല ഹാജി, എം.പി നിഹാല്‍, ഇ. ഇജാസ് എന്നിവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.എട്ടിക്കുളം മുസ്‌ലിം ജമാഅത്തിന്റെ കീഴില്‍ രണ്ടു പള്ളികളില്‍ നിലവില്‍ ജുമുഅ നിസ്‌കാരം നടന്നുവരുന്നതിനിടെ പള്ളിയില്‍ പുറമെ നിന്നും ആളുകളെ കൊണ്ടുവന്ന് എട്ടിക്കുളം താജുല്‍ ഉലമ എജ്യൂക്കേഷന്‍ ട്രസ്റ്റ് സെന്ററിന്റെ കീഴിലുള്ള തഖ്‌വ പള്ളിയില്‍ ജുമുഅ നടത്താന്‍ കാന്തപുരം വിഭാഗം നടത്തിയ നീക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പുറത്തുനിന്നുള്ളവരെ ജുമുഅക്ക് പങ്കെടുപ്പിക്കില്ലെന്ന് പൊതുതീരുമാനത്തെ മറികടന്ന് പൊലിസ് സംരക്ഷണത്തോടെ ചിലര്‍ പ്രശ്‌നം സൃഷ്ടിക്കുകയായിരുന്നുവെന്ന് മഹല്ല് ജമാഅത്ത് ഭാരവാഹികള്‍ ആരോപിച്ചു. നിരപരാധികളായ വ്യക്തികളെ കള്ളക്കേസില്‍ കുടുക്കാനുള്ള നീക്കം അപലപനീയമാണെന്നും അവര്‍ പറഞ്ഞു.
പള്ളിയില്‍ നിന്നുള്ള മലിനജലമൊഴുകി സമീപത്തെ വീടുകളുടെ കിണറുകള്‍ മലിനമായ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിനെതിരേ കഴിഞ്ഞ 25നു പ്രദേശത്തെ സ്ത്രീകള്‍ സംഘടിച്ച് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."