കൊവിഡ് 19; സഊദിയിൽ വിദേശ വിദ്യാർഥികളെ പ്രത്യേകം സജീകരിച്ച ഹോട്ടലിലേക്ക് മാറ്റി
ജിദ്ദ; മക്കയിലെ ഉമ്മുൽഖുറാ യൂനിവേഴ്‌സിറ്റിയിലെ 570 വിദേശ വിദ്യാർഥികളെ ഐസൊലേഷനായി പ്രത്യേകം സജ്ജീകരിച്ച ഹോട്ടലിലേക്ക് മാറ്റി. യൂനിവേഴ്‌സിറ്റി ഡയറക്ടർ ഡോ. അബ്ദുല്ല ബാഫേലിന്റെ നിർദേശാനുസരണമാണ് കൊറോണ വ്യാപനം തടയുന്നതിന് വിദ്യാർഥികളെ ഐസൊലേഷനിലേക്ക് മാറ്റിയത്. മക്ക അസീസിയ ഡിസ്ട്രിക്ടിലെ വയലറ്റ് ഹോട്ടലാണ് യൂനിവേഴ്‌സിറ്റിയിലെ വിദേശ വിദ്യാർഥികളെ പാർപ്പിക്കുന്നതിനുള്ള ഐസൊലേഷനാക്കി മാറ്റിയിരിക്കുന്നത്.
സമ്പർക്കവും പൊതുസേവനങ്ങൾ പങ്കുവെക്കലും തടയാനാണ് ഹോസ്റ്റലിൽ നിന്ന് വിദ്യാർഥികളെ ഹോട്ടലിലേക്ക് മാറ്റിയിരിക്കുന്നത്. എല്ലാവിധ ഐസൊലേഷൻ വ്യവസ്ഥകളും അടിസ്ഥാന സൗകര്യങ്ങളും പൂർണമായ മുറികളാണ് ഓരോ വിദ്യാർഥിക്കും പ്രത്യേകം അനുവദിച്ചിരിക്കുന്നത്. അണുനശീകരണ, ശുചീകരണ, ഭക്ഷണ സേവനങ്ങളെല്ലാം ഒരുക്കിയ താമസ സ്ഥലങ്ങളാണ് വിദ്യാർഥികൾക്ക് ലഭ്യമാക്കിയിരിക്കുന്നതെന്ന് ഉമ്മുൽഖുറാ യൂനിവേഴ്‌സിറ്റി അണ്ടർ സെക്രട്ടറി ഡോ. ഫരീദ് അൽഗാംദി പറഞ്ഞു. എഴുപതിലേറെ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ സർവകലാശാലയിൽ പഠിക്കുന്നുണ്ട്. കൊറോണ വ്യാപനത്തിന്റെ ഭീഷണിയിൽ നിന്ന് സംരക്ഷണം നൽകുന്നതിനും ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനുമാണ് വിദേശ വിദ്യാർഥികളെ ഐസൊലേഷനായി സജ്ജീകരിച്ച ഹോട്ടലിലേക്ക് മാറ്റിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."