കെവിന്റേത് മുങ്ങിമരണമെന്ന് ഇടക്കാല പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
കോട്ടയം: ദുരഭിമാനക്കൊലയ്ക്ക് ഇരയായ കെവിന്‍ പി. ജോസഫിന്റേത് മുങ്ങിമരണമെന്ന് ഇടക്കാല പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ 14 മുറിവുകള്‍ കണ്ടെത്തിയെങ്കിലും ഇതൊന്നും മരണകാരണമായിട്ടില്ല എന്നാണ് വിവരം. ആന്തരികാവയവങ്ങളുടെ പരിശോധനാഫലം ലഭിച്ചശേഷം അന്തിമറിപ്പോര്‍ട്ട് നല്‍കും. രക്ഷപ്പെടാന്‍ ചാടിയപ്പോള്‍ പുഴയിലേക്കു വീണതാകാമെന്ന നിഗമനത്തിലാണ് പൊലിസ്. അടികൊണ്ട് അബോധാവസ്ഥയിലായ കെവിനെ മരിച്ചുവെന്നു കരുതി ജലാശയത്തില്‍ തള്ളിയതാകാനുള്ള സാധ്യതയും പൊലിസ് പരിശോധിക്കുന്നുണ്ട്.
അതേസമയം കെവിനെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് സ്‌പെഷല്‍ ബ്രാഞ്ചിന് ഗുരുതരവീഴ്ച സംഭവിച്ചതായി അന്വേഷണസംഘം കണ്ടെത്തി. ഈ വിവരം കോട്ടയം മുന്‍ എസ്.പി വി.എം. മുഹമ്മദ് റഫീക്കിനെ ഗൗരവത്തോടെ അറിയിക്കുന്നതില്‍ സ്‌പെഷല്‍ ബ്രാഞ്ച് പരാജയപ്പെട്ടു. കഴിഞ്ഞ 27ന് നടന്ന തട്ടിക്കൊണ്ടുപോവല്‍ കുടുംബപ്രശ്‌നമെന്ന നിലയില്‍ ലഘൂകരിച്ച റിപ്പോര്‍ട്ടാണ് സ്‌പെഷല്‍ ബ്രാഞ്ച് നല്‍കിയത്.
കോട്ടയം മാന്നാനത്ത് വീട്ടില്‍ ചിലര്‍ അതിക്രമിച്ച് കയറിയെന്നും അക്രമത്തിനിരയായവരില്‍ ഒരാള്‍ രക്ഷപ്പെട്ടെന്നും മറ്റൊരാളെ ഉടന്‍ തിരികെയെത്തിക്കുമെന്നുമാണ് സ്‌പെഷല്‍ ബ്രാഞ്ച് എസ്.പിയെ ധരിപ്പിച്ചത്. ഇതനുസരിച്ചാണ് കോട്ടയം ടി.ബിയില്‍വച്ച് മുഖ്യമന്ത്രിക്ക് എസ്.പി വിവരം കൈമാറിയത്. ഇക്കാര്യങ്ങള്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഐ.ജി വിജയ് സാഖറെ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."