കോഴിക്കോട് എം.പിയും കലക്ടറും തമ്മില്‍ 'മാപ്പ് ' യുദ്ധം
മാപ്പുപറയണമെന്ന് എം.പി; കുന്ദംകുളത്തിന്റെ
മാപ്പുമായി കലക്ടറുടെ പരിഹാസം
കോഴിക്കോട്: ജില്ലാ കലക്ടര്‍ എന്‍. പ്രശാന്തും സ്ഥലം എം.പി എം.കെ രാഘവനും തമ്മിലുള്ള ഭിന്നത മൂര്‍ച്ഛിക്കുന്നു. തനിക്കെതിരേ ആരോപണം ഉന്നയിക്കുകയും സമൂഹമാധ്യമങ്ങള്‍ വഴി വിമര്‍ശിക്കുകയും ചെയ്ത സംഭവത്തില്‍ പരസ്യമായി മാപ്പുപറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന എം.കെ രാഘവന്‍ എം.പിയുടെ ആവശ്യത്തെ പരിഹസിച്ച കോഴിക്കോട് ജില്ലാ കലക്ടറുടെ നടപടിയാണ് വിവാദം ആളിക്കത്തിച്ചത്.
എം.പിയുടെ മാപ്പ് ആവശ്യത്തെ പരിഹസിച്ച കലക്ടര്‍ എന്‍. പ്രശാന്ത് തന്റെ ഫേസ്ബുക്ക് പേജില്‍ കുന്ദംകുളത്തിന്റെ മാപ്പ് പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതോടെ കലക്ടര്‍ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വിമര്‍ശനം ഉയര്‍ന്നു. കലക്ടറുടെ മറ്റൊരു പോസ്റ്റും വിവാദമായിട്ടുണ്ട്. എം.പിയും കലക്ടറും തമ്മില്‍ മാസങ്ങളായുള്ള ശീതസമരമാണ് പരസ്യമായ ആരോപണ- പ്രത്യാരോപണങ്ങള്‍ക്ക് വഴിവച്ചത്. രണ്ടുപേരെയും എതിര്‍ത്തും അനുകൂലിച്ചും പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടതോടെ സൈബര്‍ പോരാട്ടവും കടുത്തു.
തനിക്കെതിരേ കലക്ടര്‍ ഉയര്‍ത്തിയ ആക്ഷേപങ്ങള്‍ തെളിയിക്കാന്‍ എം.പി വെല്ലുവിളിച്ചിരുന്നു. തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ പരസ്യമായി മാപ്പു പറയാനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എം.പിയെ പരിഹസിക്കാനാണ് കലക്ടര്‍ ശ്രമിച്ചത്. മാപ്പപേക്ഷയെ വെല്ലുവിളിച്ച് കുന്ദംകുളത്തിന്റെ മാപ്പ് ഇട്ടതോടെ അതു പലതരത്തിലും അശ്ലീലമായും വ്യാഖ്യാനിക്കപ്പെട്ടു.
എം.പി വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് മറുപടി നല്‍കാതെ അദ്ദേഹത്തെ അപമാനിക്കുന്ന നടപടിയാണ് കലക്ടര്‍ കൈക്കൊണ്ടതെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പ്രതിഷേധം ശക്തമായതോടെ പൊതുജനം ഭൂമിശാസ്ത്രം അറിയുന്നതിനാണ് പോസ്റ്റ് ഇട്ടതെന്ന വിശദീകരണവും ഉണ്ടായി.
വിഷയം സമൂഹമാധ്യമങ്ങളും മാധ്യമങ്ങളും ഏറ്റുപിടിച്ചതോടെ വിവാദത്തില്‍ നിന്നു തലയൂരാനായി കലക്ടറുടെ അടുത്ത ശ്രമം. തന്റെ സ്വകാര്യ അക്കൗണ്ടിലെ പോസ്റ്റ് പ്രത്യേകിച്ച് ഒന്നും ഉദ്ദേശിച്ചിട്ടില്ലെന്നും ഇത് കാണുന്നവര്‍ക്ക് എന്തും വ്യാഖ്യാനിക്കാമെന്നും കലക്ടര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
കോഴിക്കോട് കലക്ടര്‍ താന്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ലെന്ന് എം.പി വ്യക്തമാക്കി. ഇല്ലാത്ത കാര്യത്തിന്റെ പേരില്‍ തനിക്കെതിരേ വാസ്തവ വിരുദ്ധമായ ആരോപണം ഉന്നയിച്ചിരിക്കയാണ്. കഴിഞ്ഞ ലോക്‌സഭാ കാലയളവില്‍ നൂറുശതമാനം ഫണ്ട് വിനിയോഗം നടത്താന്‍ സാധിച്ചെങ്കില്‍ ഇത്തവണ നടപടികളില്‍ കലക്ടര്‍ കാണിക്കുന്ന നിസഹകരണം മൂലം 55 ശതമാനം മാത്രമാണ് നടപ്പാക്കാന്‍ സാധിച്ചത്. താന്‍ ആരെയെങ്കിലും ഭീഷണിപ്പെടുത്തിയെന്നോ കരാറുകാരെ ബന്ധപ്പെട്ടെന്നോ സാങ്കേതിക സഹായത്താല്‍ തെളിയിക്കാന്‍ കലക്ടര്‍ക്ക് സാധിക്കുമോ എന്ന് എം.പി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."