അമേരിക്കയില്‍ വന്‍പ്രതിസന്ധി, പ്രതിരോധം
വാഷിങ്ടണ്‍: കൊവിഡ് അമേരിക്കയെ സാമ്പത്തികമായും അല്ലാതെയും തകര്‍ക്കുമെന്ന് വിദഗ്ധര്‍. കൊവിഡ് ബാധിച്ച് അമേരിക്കയില്‍ മാത്രം രണ്ടു ലക്ഷത്തിലേറെ പേര്‍ മരിക്കുമെന്നാണ് അമേരിക്കയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷന്‍ ഡിസീസസ് ഡയരക്ടര്‍ ആന്റണി ഫോക്കി അഭിപ്രായപ്പെട്ടത്. ഒരു ലക്ഷത്തിനും രണ്ടു ലക്ഷത്തിനുമിടയില്‍ ആളുകള്‍ അമേരിക്കയില്‍ മാത്രം മരിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇതിലേറെ പേര്‍ക്കു രോഗം ബാധിക്കുമെന്നും അദ്ദേഹം ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞു. ഇതോടെ, അമേരിക്കയില്‍ നിയന്ത്രണം കര്‍ശനമാക്കിയിട്ടുണ്ട്.
കൊവിഡിന്റെ സാമൂഹിക വ്യാപനം തടയുന്നതിനായുള്ള നിയന്ത്രണങ്ങള്‍ ഏപ്രില്‍ 30 വരെ നിലനില്‍ക്കുമെന്നു വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്നലെ പ്രത്യേക ഉത്തരവിറക്കി. രണ്ടാഴ്ചയ്ക്കുള്ളില്‍ രാജ്യത്ത് കൂടുതല്‍ മരണങ്ങള്‍ സംഭവിക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ വരെ വീടുകളില്‍ തുടരാനായിരുന്നു ഇതുവരെ അമേരിക്കന്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നത്. ഇതാണ് ഏപ്രില്‍ 30 വരെ നീട്ടിയത്. ഇതോടൊപ്പം കര്‍ശന യാത്രാനിയന്ത്രണങ്ങള്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ക്കും സര്‍ക്കാര്‍ തയാറായിട്ടുണ്ട്.
അമേരിക്കയില്‍ ഇതുവരെ 1.4 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് അമേരിക്കയിലാണ്. രണ്ടായിരത്തി അഞ്ഞൂറോളം പേരാണ് അമേരിക്കയില്‍ കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. രാജ്യത്ത് ശൈത്യകാലം ആരംഭിക്കാനിരിക്കെ രോഗവ്യാപനം എളുപ്പത്തിലാകുമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ഇതോടെയാണ് കര്‍ശന നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. വാഹന നിര്‍മാതാക്കള്‍ ഉള്‍പ്പെടെയുള്ള കമ്പനികളോട് അടിയന്തര ആരോഗ്യ ഉപകരണങ്ങള്‍ നിര്‍മിക്കാനാണ് പ്രസിഡന്റ് ട്രംപ് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നത്. അതേ സമയം, കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ബ്രിട്ടനില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ആറു മാസത്തിലേറെ നീളുമെന്ന് റിപ്പോര്‍ട്ട്. ഇംഗ്ലണ്ട് ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫിസര്‍ ജെന്നി ഹരിസാണ് ഇക്കാര്യം വ്യക്തമാക്കിയത്.കൊവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിലാണ് രാജ്യം ഇപ്പോഴുള്ളതെന്ന് അവര്‍ പറഞ്ഞു. സാധാരണ അവസ്ഥയിലേക്കു രാജ്യം മടങ്ങാന്‍ സമയമെടുക്കും. ഇത് അസാധാരണവും ഭീതിപ്പെടുത്തുന്നതുമായ സാഹചര്യമാണ്. ലോക്ക്ഡൗണ്‍ വിഷയത്തില്‍ എല്ലാ മൂന്നാഴ്ച കൂടുമ്പോഴും വിലയിരുത്തല്‍ നടക്കുന്നുണ്ടെന്നും വേണമെങ്കില്‍ ആറോ അതിലേറെയോ മാസത്തേയ്ക്ക് ലോക്ക്ഡൗണ്‍ നീളുമെന്നും അവര്‍ വ്യക്തമാക്കി.ബ്രിട്ടനില്‍ ചാള്‍സ് രാജകുമാരന്‍, പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തുടങ്ങി പ്രമുഖര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."