ഒരാള്‍
''ആള്‍ ഇന്ത്യന്‍സ് ആര്‍ മൈ ബ്രദേഴ്‌സ് ആന്‍ഡ് സിസ്റ്റേര്‍സ്...'' സ്‌കൂള്‍ അസംബ്ലിയില്‍നിന്ന് ഉച്ചഭാഷിണിയിലൂടെ ഒഴുകിപ്പരന്ന പ്രതിജ്ഞ, മുറ്റത്തെ ഞാവല്‍ത്തളിരുകളെ കോള്‍മയിര്‍കൊള്ളിച്ച് അധികനേരം തങ്ങിനിന്നില്ല. അസംബ്ലി പിരിഞ്ഞ് ഹെഡ്മാഷ് ഇരിപ്പിടത്തിലേക്ക് എത്തിയതേയുണ്ടായിരുന്നുള്ളൂ. അപ്പോഴാണ് ഏഴിലോ എട്ടിലോ പഠിക്കുന്ന, വൈകിയെത്തിയ രണ്ടു പെണ്‍കിടാങ്ങള്‍ കണ്‍മഷി പടര്‍ന്ന മിഴികളോടെ ഏതോ അജ്ഞാതഭീതിയുടെ നൊമ്പരംപോലെ അദ്ദേഹത്തിന്റെ മുന്‍പിലേക്ക് എടുത്തെറിയപ്പെട്ടത്. കഠിനമായ ഒരു വ്യഥ അവരുടെ മുഖങ്ങളില്‍ കിതച്ചുതുളുമ്പുന്നുണ്ടായിരുന്നു.
''എന്തു പറ്റി മക്കളേ..?''
''സാര്‍...'' എന്നു വിതുമ്പിയതു രണ്ടുപേരും ഒരുമിച്ച്. പിന്നെ, 'നീ പറഞ്ഞോ' എന്നു പരസ്പരം മിഴികള്‍ കൊരുത്ത് ഇരുവരും മിണ്ടാനാവാതെ അധരം വിറച്ചുനിന്നു.
''പറയൂ, എന്താണുണ്ടായത്....?''
''ഇസ്‌ക്കൂള്‍ക്ക് പോരുമ്പോ ഞങ്ങളെ ഒരാള്....'' വാക്കുകള്‍ ഒന്നാമത്തവളുടെ വറ്റിയ തൊണ്ടയില്‍ ച്യൂയിംഗം പോലെ ഒട്ടി. തുടര്‍ന്നു പറയാന്‍ അവള്‍ കൂട്ടുകാരിയോടു താളം പറഞ്ഞു. കൂട്ടുകാരി ഉരിയാടാനാവാതെ മുഖം താഴേക്ക് ഒടിച്ചിട്ടപ്പോള്‍, പെണ്‍കുരുന്നുകളുടെ കണ്ണുകളിലൊളിപ്പിച്ചുവച്ച കാലക്കേടിന്റെ പൊരുളൂഹിച്ച് ഹെഡ്മാഷ് പരാജിതനായി.
''ഒരാള്‍...? നിങ്ങളെ ഉപദ്രവിച്ചോ...?'' അദ്ദേഹം ബാക്കി പറയാനായി പ്രേരിപ്പിച്ചു.
''ഉപദ്രവിച്ചൊന്നുംല്ല സാര്‍... പക്ഷേ,'' ചതഞ്ഞ അക്ഷരങ്ങളില്‍ അപമാനഭാരത്തിന്റെ കാഞ്ഞിരക്കൈപ്പ്.
''പിന്നെ....?''
ഹാജര്‍ പുസ്തകത്തില്‍ ഒപ്പിടാനായി തുറന്നുപിടിച്ച്, എന്നാല്‍, പെണ്‍കുട്ടികള്‍ പറയുന്നതും കേട്ട് ഒപ്പിടാന്‍ മറന്നുനില്‍ക്കുകയായിരുന്നു ക്രാഫ്റ്റ് അധ്യാപികയായ മൈമൂനത്ത് ടീച്ചര്‍.
''ഞാനൊന്ന് ചോയ്‌ച്ചോക്കട്ടെ സാര്‍.., ഇനി അവര്‍ക്ക് സാറിനോട് പറയാന്‍ പറ്റാത്തതാണെങ്കിലോ....'' മൈമൂനത്ത് ടീച്ചര്‍ അവരെ ലൈബ്രറിറൂമിലേക്കു കൂട്ടി. അല്‍പം കഴിഞ്ഞു നിരാശയോടെ തിരിച്ചും വന്നു.
''ഞാന്‍ ചോയ്ച്ചിട്ടും അവരൊന്നും പറീണ്ല്ല സാര്‍...!''
''പറയാന്‍ വയ്യെങ്കില്‍ അവരോട് എഴുതിത്തരാന്‍ പറയൂ...''
എഴുതിക്കഴിഞ്ഞു കുനിഞ്ഞ മുഖത്തോടെയാണ് അവര്‍ കടലാസ് മാഷിനു നീട്ടിയത്. പിന്നെ അവിടെ നില്‍ക്കണോ, ക്ലാസിലേക്കു പോകണോ എന്നറിയാതെ വിരല്‍കടിച്ചുനിന്നു. ജന്മസിദ്ധമായി ലഭിക്കുന്നതും വളര്‍ന്നുവലുതാവുന്തോറും നശിക്കുന്നതുമായ സുരഭിലമായൊരു വികാരമാണു ലജ്ജയെന്ന് അവരുടെ അംഗചലനങ്ങളില്‍നിന്ന് മാഷിനു തോന്നി.
ഹെഡ്മാഷ് ആ എഴുത്ത് ഇങ്ങനെ വായിച്ചു:
'സാര്‍, ഞങ്ങള്‍ കുരിശുപള്ളിയുടെ അതിലൂടെ സ്‌കൂളിലേക്കു വരികയായിരുന്നു. അവിടെയൊന്നും ആളുകളുണ്ടായിരുന്നില്ല. പള്ളി കഴിഞ്ഞു പാടത്തെ വാഴത്തോട്ടത്തിനടുത്തെത്തിയപ്പോള്‍, വാഴത്തോട്ടത്തില്‍നിന്ന് പെട്ടെന്നൊരാള്‍ ബീഡിയും വലിച്ചുകൊണ്ട് ഞങ്ങളുടെ മുന്‍പിലേക്കു വന്നു. പിന്നെ അയാള്‍ ഞങ്ങള്‍ക്കുനേരെ അയാളുടെ...... '
ഇത്രയുമെഴുതി നാലഞ്ചു കുത്തുകളിട്ടിരിക്കുന്നു!
ഹെഡ്മാഷിനു തന്റെ വിദ്യാര്‍ഥിനികളെപ്രതി ബഹുമാനവും അഭിമാനവും തോന്നി. ചിന്തയുടെ ഒരുപകുതിയില്‍ നിലാവ് പൂത്തപോലെയും...! എന്നിട്ടും, മുഖമുയര്‍ത്തി പെണ്‍കുട്ടികളുടെ കണ്ണാഴങ്ങളെ നേരിടാന്‍ സാധിക്കുന്നില്ലല്ലോയെന്ന് അദ്ദേഹം ലജ്ജിച്ചു.
അടുത്ത നിമിഷം ഹെഡ്മാഷിന്റെ മുഖത്തേക്ക് ഒരു കരിങ്കടല്‍ ഇരച്ചുകയറുകയും, താന്‍ പകര്‍ന്നുനല്‍കിയ അക്ഷരങ്ങളെല്ലാം കൂടി കാലപാശംപോലെ തന്നെ കെട്ടിവരിഞ്ഞു ശ്വാസംമുട്ടിക്കുന്നതായും അദ്ദേഹത്തിനു തോന്നി. അക്ഷരങ്ങള്‍ക്കു കൊമ്പുമുളക്കുന്നു! അവ തനിക്കു ചുറ്റും നിരന്ന് അമറുന്നതും, മുക്ക്രയിടുന്നതും അദ്ദേഹം കേട്ടു...
മേശപ്പുറത്തുനിന്ന് ഫോണെടുത്തു ധൃതിയില്‍ സ്റ്റേഷനിലേക്ക് ഡയല്‍ ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് അദ്ദേഹത്തിനു മറ്റൊരു കോള്‍ വന്നത്:
നാട്ടിലെ വായനശാലയുടെ 25-ാംവാര്‍ഷികാഘോഷത്തോടനുബന്ധിച്ചു നടക്കുന്ന സാംസ്‌കാരിക യോഗത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനുള്ള ക്ഷണം...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."