അന്യസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം തുടങ്ങി
കൊട്ടാരക്കര: നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണത്തിന് കൊല്ലം റൂറല്‍ പൊലിസ് തുടക്കമിട്ടു.
ജില്ലാ തല ഉദ്ഘാടനം കൊട്ടാരക്കര പൊലിസ് സ്റ്റേഷനില്‍ റൂറല്‍ എസ്.പി അജിതാ ബീഗം നിര്‍വ്വഹിച്ചു. പുനലൂര്‍ ജനമൈത്രി പൊലിസ് 2013ല്‍ നടപ്പിലാക്കിയ പദ്ധതിയാണ് റൂറല്‍ ജില്ലയിലേക്ക് വ്യാപിപ്പിച്ചത്. ഇവിടെ രൂപകല്‍പന ചെയ്ത കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ ഉപയോഗപ്പെടുത്തിയാണ് രജിസ്‌ട്രേഷന്‍ നടത്തുന്നത്.
യൂനിവേഴ്‌സല്‍ ബ്രദര്‍ഹുഡ് സേഫ്ടി മാനേജ്‌മെന്റ് സിസ്റ്റം (യു.ബി.എസ്.എം.എസ്) എന്ന് പേരിട്ടിട്ടുള്ള കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ ആണ് ഇതിനായി രൂപകല്‍പന ചെയ്തിട്ടുള്ളത്. കേരളത്തില്‍ വന്നെത്തുന്നവരുടെ പേര്, മേല്‍വിലാസം, ബയോമെട്രിക് സംവിധാനത്തില്‍ വിരലടയാളം, താമസസ്ഥലം, പൊലിസ് സ്റ്റേഷന്‍, ഫോണ്‍ നമ്പര്‍, ബന്ധുക്കളുടെ
ഫോണ്‍ നമ്പര്‍, തൊഴിലുടമകളുടേയും, സ്ഥാപനങ്ങളുടേയും വിലാസവും, ഫോണ്‍ നമ്പരും ഉള്‍പ്പെടുത്തിയാണ് സോഫ്റ്റ് വെയറില്‍ വിവരം ശേഖരിക്കുന്നത്.
തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനും പദ്ധതിയുണ്ട്. പുനലൂരില്‍ എഹറ നേരത്തെ നടപ്പിലാക്കിയിരുന്നു. സംസ്ഥാനത്ത് പല ഭാഗങ്ങളിലും ഇത് പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിവരികയാണ്. അന്യസംസ്ഥാന തൊഴിലാളികളിലെ കുറ്റവാളികളെ കണ്ടെത്താനും, തൊഴിലുടമകളില്‍ നിന്നും ഏജന്റുമാരില്‍ നിന്നും ഇവര്‍ക്കുണ്ടാകുന്ന ചൂഷണം
തടയാനും ഈ പദ്ധതി വഴി കഴിയുമെന്നാണ് പൊലിസ് കരുതുന്നത്.
ഉദ്ഘാടന സമ്മേളനത്തില്‍ കൊട്ടാരക്കര ഡി.വൈ.എസ്.പി അശോകന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി അനില്‍ദാസ്, സി.ഐ സുരേഷ്‌കുമാര്‍, അസിസ്റ്റന്റ് എസ്.ഐ രതീഷ്, പുനലൂര്‍ ജനമൈത്രി പൊലിസിന്റെ ചുമതലിയിലുള്ള സി.ആര്‍.ഒ എസ്. ശശിധരന്‍, സോഫ്റ്റ് വെയര്‍ രൂപകല്പന ചെയ്ത കരവാളൂര്‍ എം.ഐ.റ്റി യിലെ പ്രദീപ് കുമാര്‍, റൂറല്‍ പൊലിസ് ജില്ലയിലെ പൊലിസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."