കണ്ണൂര്‍ തില്ലങ്കേരി സ്വദേശിനിയുടെ മരണം നിപാ മൂലമല്ലെന്ന് സ്ഥിരീകരണം
കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നലെ മരിച്ച കണ്ണൂര്‍ തില്ലങ്കേരി തലച്ചങ്ങാട് സ്വദേശിനി റോജ (39)യുടെ മരണം നിപാ മൂലമല്ലെന്ന് ആരോഗ്യവകുപ്പിന്റെ സ്ഥിരീകരണം.
നിപാ രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് മൂന്നുദിവസം മുന്‍പാണ് റോജയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ രക്തപരിശോധനയില്‍ ഫലം നെഗറ്റീവ് ആണെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.
നിപാ വൈറസ് ബാധ രണ്ടാംഘട്ടത്തിലേക്ക് കടക്കുന്നുവെന്ന ആശങ്കക്കിടെ റോജ മരിച്ചത് ഏറെ ആശങ്ക സൃഷ്ടിച്ചിരുന്നു. ഇതിനിടെ പരിശോധനാ ഫലം പുറത്തുവന്നതോടെയാണ് ആശങ്ക നീങ്ങിയത്.
രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആദ്യം റോജയെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അഞ്ചു ദിവസം ഇവിടെ ചികിത്സ നടത്തിയെങ്കിലും പനി മാറാതായതോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
അടുത്ത ഒരു ബന്ധുവിന്റെ പ്രസവവുമായി ബന്ധപ്പെട്ട് റോജ ഒരുദിവസം തലശ്ശേരിയിലെ ആശുപത്രിയില്‍ ഉണ്ടായിരുന്നു. നിപാ ബാധിച്ച് മരിച്ച ഒരാള്‍ ആദ്യഘട്ടത്തില്‍ ഈ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞതിനാല്‍ ഇവിടുത്തെ ഡോക്ടര്‍മാരും ജീവനക്കാരും നീരീക്ഷണത്തിലായിരുന്നു. ഹോട്ടല്‍ തൊഴിലാളിയായ ബാലനാണ് റോജയുടെ ഭര്‍ത്താവ്. മകള്‍: അയന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."