കാര്‍ഷിക ഗവേഷകര്‍ കര്‍ഷകരിലേക്ക് ഇറങ്ങിച്ചെല്ലണം: മുഖ്യമന്ത്രി
നീലേശ്വരം: കാര്‍ഷിക ഗവേഷകര്‍ കൃഷിക്കാരിലേക്കിറങ്ങി ചെല്ലണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പടന്നക്കാട് കാര്‍ഷിക കോളജില്‍നടന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷികരംഗം നിരവധി പ്രശ്നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. വേരുചീയല്‍ മുതല്‍ മണ്ടചീയല്‍ വരെ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിയാണ്. ഇതിനു പരിഹാരം മികച്ച ഗവേഷണങ്ങളാണ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ മുറികള്‍ക്കുള്ളില്‍ മാത്രമാണ് ഇന്ന് ഗവേഷണം നടക്കുന്നത്. അത് കര്ഷകരിലേക്കെത്തണമെങ്കില് ഗവേഷകരും കൃഷിക്കാരും തമ്മില്‍ ആത്മബന്ധം സ്ഥാപിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൃഷിക്കാര്‍ക്ക് ഉപയോഗപ്രദമായ ഗവേഷണ ഫലങ്ങള്‍ ഉണ്ടാകുന്നില്ലെങ്കില്‍ ഗവേഷണ ഫലങ്ങള്‍ പരാജയമാണെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. കാലഘട്ടത്തിനുസരിച്ച കൃഷി സമ്പ്രദായം സ്വീകരിക്കണം. ജലക്ഷാമം രൂക്ഷമാകുന്ന പുതിയ കാലത്ത് വരള്‍ച്ചയെ അതിജീവിക്കുന്ന കാര്‍ഷിക വിളകള്‍ കണ്ടെത്താന്‍ കഴിയണം. ഇക്കാര്യത്തില്‍ പ്രധാന പങ്ക് വഹിക്കേണ്ടത് കാര്‍ഷിക സര്‍വകലാശാലയാണ്. കൃഷിയിലേക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ കഴിയേണ്ടതുണ്ടെന്നും അതൊരു സംസ്കാരമായി മാറണമെന്നും പിണറായി സൂചിപ്പിച്ചു. നെല്‍പ്പാടങ്ങള്‍ നികത്തി കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പ്രവണത അവസാനിപ്പിക്കണം. അതു മാറണമെങ്കില്‍ ജനങ്ങളില്‍ കാര്‍ഷിക അവബോധം വളര്‍ത്താന്‍ കഴിയണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."