നിപാ: കോഴിക്കോട്ടെ വൈറസ് ബംഗ്ലാദേശിലേതിന് സമാനം
കോഴിക്കോട്: കോഴിക്കോട്ട് കണ്ടെത്തിയ നിപാ വൈറസിന് ബംഗ്ലാദേശിലെ വൈറസുമായി സാമ്യത. കോഴിക്കോട്ടെ രോഗിയില്‍ നിന്നെടുത്ത വൈറസിന്റെ ശാസ്ത്രീയ പരിശോധന സംബന്ധിച്ച വിവരങ്ങള്‍ സുപ്രഭാതത്തിന് ലഭിച്ചു. ബംഗാളില്‍ നിന്ന് കേരളത്തില്‍ വൈറസ് എത്താനിടയുണ്ടെന്ന സംശയം ബലപ്പെടുത്തുന്നതാണ് പുതിയ വിവരം.
പൂനെയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എന്‍.ഐ.വി) യില്‍ നടന്ന വൈറസിന്റെ ജീനോം ( ജനിതകഘടന) പരിശോധനയുടെ ഫലമാണ് ഈ സംശയം ബലപ്പെടുത്തുന്നത്. ബംഗ്ലാദേശിലും ബംഗാളിലും കണ്ടെത്തിയ വൈറസിന്റെ സമാന ജനിതകഘടനയാണ് കോഴിക്കോട്ടെ വൈറസിനുമുള്ളതെന്ന് പരിശോധനയില്‍ തെളിഞ്ഞു. പേരാമ്പ്രയില്‍ ആദ്യം രോഗം കണ്ടെത്തിയ രോഗികളില്‍ ഒരാളുടെ തൊണ്ടയില്‍ നിന്നെടുത്ത സ്രവത്തില്‍ നിന്നാണ് വൈറസിനെ പൂനെയിലെ എന്‍.ഐ.വിയില്‍ വേര്‍തിരിച്ചെടുത്തത്.
മലേഷ്യയില്‍ കണ്ടെത്തിയ വൈറസിന്റെയും ബംഗ്ലാദേശില്‍ കണ്ടെത്തിയ വൈറസിന്റെയും ജനിതകഘടന വ്യത്യസ്തമായിരുന്നു. മലേഷ്യയില്‍ കണ്ടെത്തിയ വൈറസിനെ എന്‍.ഐ.വി.എം എന്നും ബംഗ്ലാദേശിലേതിനെ എന്‍.ഐ.വി.ബി എന്നുമാണ് ഗവേഷകര്‍ വിളിക്കുന്നത്. ഈ രണ്ടു വൈറസുകളുടെ ജനിതകഘടനയുമായി കോഴിക്കോട്ട് കണ്ടെത്തിയ വൈറസിനെ താരതമ്യം ചെയ്യുകയായിരുന്നുവെന്ന് പൂനെയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി അധികൃതര്‍ പറഞ്ഞു.
ഡി.എന്‍.എ മാപ്പിങ് പോലുള്ള പരിശോധനയുടെ ഫലം പുറത്തുവന്നപ്പോള്‍ കോഴിക്കോട്ടെ വൈറസിന് എന്‍.ഐ.വി.ബിയുമായി 85 ശതമാനം സാമ്യത കണ്ടെത്തി. മലേഷ്യയിലെ എന്‍.ഐ.വി.എമ്മുമായുള്ള സാമ്യത 60 ശതമാനം മാത്രമായിരുന്നു. നേരത്തേ ബംഗാളിലെ സിലിഗുരിയില്‍ കണ്ടെത്തിയ വൈറസിനും ഇതേ ജനിതകഘടനയായിരുന്നുവെന്ന് എന്‍.ഐ.വി പൂനെ ഡയരക്ടറും സീനിയര്‍ സയന്റിസ്റ്റുമായ ദേവേന്ദ്ര മൗര്യ പറഞ്ഞു. എന്നാല്‍, ഒരേഘടനയുള്ള ഇരു വൈറസുകളിലെയും മരണനിരക്ക് വ്യത്യസ്തമാണെന്നതാണ് ഇപ്പോള്‍ പഠനവിധേയമാക്കുന്നത്. ബംഗ്ലാദേശിലും സിലിഗുരിയിലുമുള്ള മരണനിരക്കിനേക്കാള്‍ കൂടുതലാണ് കോഴിക്കോട്ടേത്. പ്രാദേശികാടിസ്ഥാനത്തില്‍ ഇത് സംഭവിക്കാമെന്നാണ് അദ്ദേഹത്തിന്റെ നിഗമനം.
ബംഗ്ലാദേശ് വൈറസ് മലേഷ്യയേക്കാള്‍ അപകടകാരിയോ രോഗാണുശേഷി കൂടുതലുള്ളതോ ആണെന്ന് കണ്ടെത്താന്‍ ഇതുവരെ പഠനങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. 2001ല്‍ ജപ്പാന്‍ജ്വരത്തിനു പിന്നാലെയാണ് ബംഗ്ലാദേശിലെ മെഹെര്‍പൂരില്‍ നിപാ വൈറസ് രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് അവിടത്തെ ചില ജില്ലകളിലും ഈ രോഗം കണ്ടെത്തിയിരുന്നു.
വവ്വാലുകളുടെ മൂത്രം വഴി ബംഗ്ലാദേശിലെ ഈത്തപ്പഴം വഴിയാണ് രോഗം പകരുന്നതെന്നാണ് കണ്ടെത്തിയതെന്ന് എന്‍.ഐ.വിയിലെ ശാസ്ത്രജ്ഞനായ പ്രഗ്യാ യാദവ് പറയുന്നു. പഴംതീനി വവ്വാലുകളില്‍ മാത്രമാണ് രോഗാണുക്കളെ കണ്ടുവരുന്നതെന്നും രോഗാണുവാഹകരായ വവ്വാലുകള്‍ക്ക് രോഗമുണ്ടാവാറില്ലെന്നും മൗര്യ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."