കൊവിഡ്-19: അമേരിക്കയില്‍ മലയാളി മരിച്ചു
വാഷിങ്ടണ്‍: അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരില്‍ മലയാളിയും. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡ് ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. ന്യൂയോര്‍ക്ക് സബ്വേ ജീവനക്കാരനായിരുന്നു ഡേവിഡ്.
അമേരിക്കയില്‍ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം നിയന്ത്രണാതീതമായി കൂടുകയാണ്.
രാജ്യം മരണസംഖ്യയില്‍ ചൈനയെ മറികടന്നു. 3,860 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. അമേരിക്കയില്‍ 1,87,347 പേര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു.
രാജ്യത്ത് ഏറ്റവും മോശപ്പെട്ട അവസ്ഥയായിരിക്കും അടുത്ത രണ്ടാഴ്ചയെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. അമേരിക്കയില്‍ കുറഞ്ഞത് ഒരു ലക്ഷം പേരെങ്കിലും മരിക്കുമെന്നും ട്രംപ് പറഞ്ഞു. രാജ്യത്ത് 2,40,000 മരണം വരെ നടക്കാന്‍ സാധ്യതയുണ്ടെന്നും വൈറ്റ് ഹൗസ് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ന്യൂയോര്‍ക്ക് ന്യൂജേഴ്സി എന്നീ പ്രധാന നഗരങ്ങളാണ് പ്രധാന പ്രശ്ന ബാധിത മേഖലയായി തുടരുന്നത്. 1200 പേരാണ് ന്യൂയോര്‍ക്ക് നഗരത്തില്‍ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത്.
കൊവിഡ് മരണം കൂടുന്ന സാഹചര്യത്തില്‍ ന്യയോര്‍ക്കിന് അടിയന്തര സഹായം അമേരിക്കന്‍ സര്‍ക്കാര്‍ നല്‍കണമെന്ന് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യുമൊ അഭ്യര്‍ത്ഥിച്ചിരുന്നു. ഗവര്‍ണറുടെ സഹോദരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ലോകത്താകെ 8,58,669 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. അതേസമയം ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 42, 151 ആയി. ഇറ്റലിയില്‍ 12,000 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."