യഥാര്‍ഥ പരീക്ഷണം വരാനിരിക്കുന്നു...
രണ്ടു വര്‍ഷം മുന്‍പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ടെസ്റ്റ് റാങ്കിങില്‍ ഏഴാം സ്ഥാനത്തായിരുന്നു. ആസ്‌ത്രേലിയക്കെതിരായ പരമ്പര തോല്‍വിയും അതിനു പിന്നാലെ മഹേന്ദ്ര സിങ് ധോണിയുടെ നായക സ്ഥാനത്തു നിന്നുള്ള അപ്രതീക്ഷിത പടിയിറക്കവും മറ്റുമായി ടീം നില്‍ക്കുമ്പോഴാണു വിരാട് കോഹ്‌ലിയുടെ ടെസ്റ്റ് നായകനായുള്ള വരവ്.
ടെസ്റ്റ് നായകനായി ഔദ്യോഗികമായി കോഹ്‌ലി അരങ്ങേറിയത് 2015ല്‍ ശ്രീലങ്കയെ അവരുടെ നാട്ടില്‍ വച്ച് നേരിട്ട പോരാട്ടത്തിലാണ്. ആദ്യ ടെസ്റ്റ് തോറ്റെങ്കിലും പിന്നീടുള്ള രണ്ടു മത്സരങ്ങള്‍ വിജയിച്ചു 2-1നു പരമ്പര സ്വന്തമാക്കി തുടങ്ങിയ ഇന്ത്യ പിന്നീട് തിരിഞ്ഞു നോട്ടമില്ലാത്ത യാത്രയ്ക്കാണു തുടക്കമിടുന്നതെന്നു ആരും കരുതിക്കാണില്ല.
സ്വന്തം തട്ടകത്തില്‍ ദീര്‍ഘമായ ടെസ്റ്റ് പരമ്പരകളുടെ കടുത്ത സീസണ്‍ അവസാനിപ്പിക്കുമ്പോള്‍ നിലവില്‍ ടീമിനു അഭിമാനിക്കാവുന്ന നിലയാണുള്ളത്. വെസ്റ്റിന്‍ഡീസിനെ അവരുടെ നാട്ടില്‍ ചെന്നു രണ്ടു മത്സരങ്ങളടങ്ങിയ പരമ്പര 2-0ത്തിനു സ്വന്തമാക്കി നാട്ടില്‍ മാരത്തണ്‍ ടെസ്റ്റ് മത്സരങ്ങളിലേക്കാണു ഇന്ത്യ ഇറങ്ങിയത്.
നാലു പരമ്പരകള്‍ നാട്ടില്‍ കളിച്ച ഇന്ത്യ മൊത്തം 17 പോരാട്ടങ്ങളിലായി 12 വിജയങ്ങളും നാലു സമനിലകളും ഒരേയൊരു തോല്‍വിയുമായി ടെസ്റ്റ് റാങ്കിങില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി ഒന്നാം സ്ഥാനത്തും ഒപ്പം ഐ.സി.സിയുടെ ടെസ്റ്റ് ചാംപ്യന്‍ഷിപ്പും സ്വന്തമാക്കി. വെസ്റ്റിന്‍ഡീസിനെ രണ്ടു ടെസ്റ്റുകളില്‍ കീഴടക്കി നാട്ടില്‍ പോരിനിറങ്ങിയ കോഹ്‌ലിയും കൂട്ടരും ന്യൂസിലന്‍ഡിനെ 3-0ത്തിനു ഇംഗ്ലണ്ടിനെ 4-0ത്തിനും ബംഗ്ലാദേശിനെ 1-0ത്തിനും ആസ്‌ത്രേലിയയെ 2-1നുമാണു പരാജയപ്പെടുത്തിയത്.
അനില്‍ കുംബ്ലെയുടെ പരിശീലകനായുള്ള വരവും വിരാട് കോഹ്‌ലിയുടെ അഗ്രഷന്‍ നിറഞ്ഞ നായക മികവും ടീമിന്റെ ഊര്‍ജസ്വലതയ്ക്കു മാറ്റു കൂട്ടുന്നു. ടീം ഒന്നടങ്കം യുവത്വത്തിന്റെ പ്രസരിപ്പു നിറഞ്ഞതാണെന്നു കാണാം. ഒരാളില്ലെങ്കില്‍ മറ്റൊരാള്‍ രക്ഷകരാകുന്ന കാഴ്ചയും ഈ ടീമിന്റെ മുഖമുദ്രയാണു. ഓപണിങിലെ അസ്ഥിരത മാറ്റി നിര്‍ത്തിയാല്‍ ഏറെക്കറെ സന്തുലിതാവസ്ഥയിലുള്ള സംഘമാണു നിലവിലെ ഇന്ത്യന്‍ ടെസ്റ്റ് ടീം എന്നു പറയാം.
ബാറ്റിങില്‍ രാഹുല്‍ ദ്രാവിഡ് ഒഴിച്ചിട്ട മൂന്നാം നമ്പറില്‍ താന്‍ എന്തുകൊണ്ടും യോഗ്യനാണെന്നു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്ത ചേതേശ്വര്‍ പൂജാര തെളിയിച്ചു കഴിഞ്ഞു. ആസ്‌ത്രേലിയക്കെതിരായ പരമ്പര മാറ്റിനിര്‍ത്തിയാല്‍ അശ്വിന്‍ ബൗളിങില്‍ പ്രകടിപ്പിച്ച മികവും ഇതിനോടു ചേര്‍ത്തു വയ്ക്കാം. അശ്വിന്റെ നിഴലില്‍ നിന്നു പുറത്തു വന്നു രവീന്ദ്ര ജഡേജ ബാറ്റു കൊണ്ടും പന്തു കൊണ്ടും കാണിച്ച മികവും ഉമേഷ് യാദവിന്റെ കോട്ടങ്ങള്‍ തീര്‍ത്ത ബൗളിങും അഭിനന്ദനമര്‍ഹിക്കുന്നു.
കോഹ്‌ലിയുടെ അഭാവത്തില്‍ അവസാന ടെസ്റ്റില്‍ നായകനായി ഇറങ്ങി അജിന്‍ക്യ രഹാനെ മുന്നില്‍ നിന്നു നയിക്കാന്‍ കാണിച്ച ആര്‍ജവം ക്രിക്കറ്റ് ലോകത്തിന്റെ മുഴുവന്‍ അഭിനന്ദനവും ഏറ്റുവാങ്ങാന്‍ പാകത്തിലായിരുന്നു. ഫില്‍ഡില്‍ താരങ്ങളെ വിന്യസിക്കുന്നതിലടക്കം ജാഗ്രത്തായ ശ്രദ്ധേയ നീക്കങ്ങള്‍ നടത്തി രഹാനെ തന്റെ പ്രാപ്തി അടയാളപ്പെടുത്തി. ആസ്‌ത്രേലിയക്കെതിരേ അമ്പേ പരാജയപ്പെട്ടെങ്കിലും സീസണില്‍ നാലു ഡബിള്‍ സെഞ്ച്വറികളടിച്ച് ബാറ്റിങില്‍ വിസ്‌ഫോടനങ്ങള്‍ തീര്‍ത്ത കോഹ്‌ലിയുടെ മികവും എടുത്തുപറയേണ്ടതാണ്.
അതേസമയം ഒന്നാം റാങ്കിലെത്തി നാട്ടിലെ പുലികളാണെന്നു ഇന്ത്യ തെളിയിച്ചെങ്കിലും വിദേശത്തും ഈ മികവു തുടരാന്‍ സാധിച്ചാല്‍ മാത്രമേ മികച്ച ടീമെന്ന പെരുമയ്ക്കു തിളക്കമുണ്ടാകു. കഴിഞ്ഞ ദിവസം അനില്‍ കുംബ്ലെ അതു പറയുകയും ചെയ്തു. ഒന്നാം റാങ്ക് ലഭിച്ചതില്‍ വളരെ സന്തോഷമുണ്ട്. എങ്കിലും ടീമിന്റെ പ്രധാന വെല്ലുവിളി വരാനിക്കുന്നതേയുള്ളു എന്ന് അദ്ദേഹം വ്യക്തമാക്കി കഴിഞ്ഞു. ഐ.പി.എല്‍ സീസണ്‍ അവസാനിച്ചാല്‍ ഇന്ത്യന്‍ ടീമിന്റെ വിദേശ പര്യടനങ്ങള്‍ ആരംഭിക്കും. ആദ്യം ശ്രീലങ്കയുമായും പിന്നീട് ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ആസ്‌ത്രേലിയ ടീമുകള്‍ളെ അവരുടെ നാട്ടില്‍ ചെന്നു ഇന്ത്യ നേരിടണം. അന്നറിയാം നാട്ടില്‍ നേടിയ മികവിന്റെ കരുത്തും ദൗര്‍ബല്യങ്ങളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."