HOME
DETAILS
MAL
കൊവിഡില്‍ ഇതുവരെ പൊലിഞ്ഞത് 44,000ത്തിലേറെ ജീവനുകള്‍
backup
April 02 2020 | 05:04 AM
വാഷിങ്ടണ്‍: കൊവിഡിന്റെ പിടിയില്‍ ആഗോളതലത്തില്‍ 44,000 ജീവനുകള്‍ പൊലിഞ്ഞു. ചൈനയുടെ മരണ നിരക്കിനേക്കാള്‍ മരണങ്ങളാണ് യു.എസില്‍ റിപ്പോര്‍ട്ട് ചെയ്തത്. യു.എസില്‍ മരണം 4000 പിന്നിട്ടതായാണ് അനൗദ്യോഗിക വിവരം. സ്‌പെയിന്‍, യു.കെ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലും മരണസംഖ്യ കൂടുകയാണ്. യു.എസിന്റെ ഔദ്യോഗിക കണക്കനുസരിച്ച് മരണസംഖ്യ 3,400 കവിഞ്ഞു. ഇറ്റലിയും സ്‌പെയിനും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് യു.എസിലാണ്. ഏറ്റവും കൂടുതല്‍ രോഗികളും യു.എസിലാണ് റിപ്പോര്‍ട്ട് ചെയ്തത്. 1.75 ലക്ഷം പേരാണ് അവിടെ രോഗികളായിട്ടുള്ളത്.
ലോകവ്യാപകമായി 8.85 ലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ് ബാധിച്ചു. ഇതില്‍ 1.74 ലക്ഷം പേര്‍ രോഗം ഭേദമായിട്ടുണ്ട്. ഇന്നലെ ഒമാനില്‍ ആദ്യത്തെ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തു. 72കാരനായ സ്വദേശിയാണ് മരിച്ചതെന്ന് ദേശീയ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് മാര്‍ച്ച് 31 വരെ 192 രോഗികളാണുള്ളത്. ഖത്തറില്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 40 ശതമാനമാക്കി ജീവനക്കാരെ കുറച്ചു. മറ്റുള്ളവരെ വീട്ടില്‍ നിന്ന് ജോലിയും പലര്‍ക്കും വാര്‍ഷിക അവധിയും നല്‍കിയെന്നും സര്‍വിസുകള്‍ 75 ശതമാനം വെട്ടിക്കുറച്ചതായും ഖത്തര്‍ എയര്‍വെയ്‌സ് അറിയിച്ചു.
തുനീഷ്യ ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി. രാജ്യത്ത് 362 പേര്‍ക്കാണ് വൈറസ് ബാധയുള്ളത്. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ബറൂണ്ടിയില്‍ രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ദുബൈയില്‍ നിന്ന് മടങ്ങിയ രണ്ടു പേര്‍ക്കാണ് രോഗം കണ്ടെത്തിയത്.
തുര്‍ക്കിയില്‍ കൊവിഡ് മരണം 200 ആയി. രോഗബാധിതരുടെ എണ്ണം കുത്തനെ കൂടി 15,000 ആയി. ഖത്തറില്‍ 88 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 781 പേരാണ് ഖത്തറില്‍ വൈറസ് ബാധിതര്‍. രണ്ടു പേര്‍ മരിച്ചു. യൂറോപ്പില്‍ രോഗം പടരുകയാണ്. 24 മണിക്കൂറിനിടെ 499 പേരാണ് ഇവിടെ മരിച്ചത്. രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ശേഷമുണ്ടായ ഏറ്റവും കൂടുതല്‍ മരണമാണ് ഇവിടെ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.
ഇതുവരെ ഫ്രാന്‍സില്‍ 3,523 പേര്‍ മരിച്ചിട്ടുണ്ട്. 22,757 പേര്‍ ആശുപത്രിയിലാണ്. ഇറ്റലിയില്‍ 830 ലേറെ പുതിയ മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇറ്റലിയില്‍ ആകെ മരണം 12,428 ആയെന്ന് സിവില്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി അറിയിച്ചു. ഇന്നലെ മാത്രം 4000 ത്തില്‍ കൂടുതല്‍ പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ബ്രിട്ടനില്‍ മരണം 1,789 ആയി ഉയര്‍ന്നു.
ഇന്നലെ മാത്രം 381 പേരാണ് മരിച്ചത്. കഴിഞ്ഞ ദിവസത്തേതിന്റെ ഇരട്ടി മരണമാണിത്. കാല്‍ലക്ഷം പേര്‍ക്കാണ് ഇവിടെ രോഗബാധ സ്ഥിരീകരിച്ചത്. ന്യൂയോര്‍ക്കില്‍ മരണ നിരക്ക് 1,550 ആയി ഉയര്‍ന്നു.
കഴിഞ്ഞ ദിവസം ഇത് 1,218 ആയിരുന്നു. 9000 പേര്‍ക്ക് പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്തു. ന്യൂയോര്‍ക്കില്‍ 75,759 പേരാണ് നിലവില്‍ രോഗികളായുള്ളത്.
കിഴക്കന്‍ ഉക്രൈനില്‍ ആദ്യമായി രോഗം റിപ്പോര്‍ട്ട് ചെയ്തു. വിമതരുടെ നിയന്ത്രത്തിലാണ് കിഴക്കന്‍ ഉക്രൈന്‍. എത്യോപ്യയില്‍ ദേശീയ തെരഞ്ഞെടുപ്പ് കൊവിഡിനെ തുടര്‍ന്ന് നീട്ടിവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."