കുറ്റ്യാടി പുഴയില്‍ മാലിന്യം തള്ളുന്നത് പതിവായിട്ടും നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാര്‍
കുറ്റ്യാടി: പുഴയില്‍ മാലിന്യം തള്ളുന്നത് പതിവായിട്ടും നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പും പഞ്ചായത്ത് അധികൃതരും തയാറാകുന്നില്ലെന്ന് നാട്ടുകാര്‍. ചെറുപുഴ പാലത്തിനടുത്തും പുഴയോരത്തെ കുട്ടികളുടെ പാര്ക്കിന് താഴെയുമാണ് പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ വന്‍തോതില്‍ തള്ളുന്നത്. പുഴയില്‍ നിക്ഷേപിക്കുന്നതിലധികവും ഹോട്ടലുകളിലെയും ലോഡ്ജുകളിലെയും ഭക്ഷണാവശിഷ്ടമാണ്.
വാട്ടര്‍ അതോറിറ്റി കുടിവെള്ളം ശേഖരിക്കുന്ന കിണറിന് അടുത്തു തന്നെയാണ് മാലിന്യങ്ങള്‍ തള്ളുന്നത്. ഇവിടെ നിന്നുള്ള വെള്ളമാണ് കുറ്റ്യാടിയിലും സമീപ പഞ്ചായത്തുകളിലും വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്നത്.
പകര്‍ച്ചപ്പനി, ഛര്‍ദ്ദി, വയറിളക്കം, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പുഴ മലിനപ്പെടുത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കുന്നതില്‍ ആരോഗ്യ വകുപ്പും പഞ്ചായത്തും നിസ്സംഗത പുലര്‍ത്തുകയാണെന്ന ആക്ഷേപം ശക്തമാണ്. മരുതോങ്കര റോഡിലെ ചെറുപുഴ പാലം മുതല്‍ പേരാമ്പ്ര റോഡിലെ വലിയപാലം വരെയുള്ള ടൗണിനോട് ചേര്‍ന്നു കിടക്കുന്ന പുഴയോരം മാലിന്യമുക്തമാക്കി സംരക്ഷിക്കാന്‍ മുന്‍കൈയെടുക്കാന്‍ ടൗണ്‍ വാര്‍ഡ് അംഗം ശ്രമിക്കുന്നില്ലെന്നും നാട്ടുകാര്‍ക്ക് പരാതിയുണ്ട്.
പുഴമലിനീകരണത്തിനെതിരേ നേരത്തെ സജീവമായി ഇടപെട്ട പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകരും ഇതൊന്നും അറിഞ്ഞഭാവം കാണിക്കുന്നില്ല. കുറ്റ്യാടി പുഴ മലിനമാക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി എടുക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."