കെ.എസ്.ആര്.ടി.സി എ.സി വോള്‍വോ ബസ് ആറുമാസമായി കട്ടപ്പുറത്ത്
ചങ്ങനാശ്ശേരി: കെ.എസ്.ആര്.ടി.സി എ.സി വോള്‍വോ ബസ് ആറുമാസമായി കട്ടപ്പുറത്ത്. ഗിയര്‍ ബോക്സ് തകരാറിലായതിനെ തുടര്‍ന്നാണ് ബസ് ഗ്യാരേജില്‍ എത്തിച്ചത്. പിന്നീട് ആവശ്യമായ സ്പെയര്‍പാര്‍ട്സ് വരുത്തി അറ്റകുറ്റപ്പണി തീര്‍ക്കാന്‍ അധികൃതര്‍ താല്പര്യം കാട്ടിയിട്ടില്ല. ഡിപ്പോ എന്‍ജിനീയറിങ് വിഭാഗത്തില്‍ അന്വേഷിച്ചാല്‍ ബസ് അറ്റകുറ്റപ്പണി തീര്‍ത്ത് എപ്പോള്‍ പുറത്തിറങ്ങുമെന്നതിനെ സംബന്ധിച്ച് കൃത്യമായ മറുപടി നല്‍കുന്നില്ല.
ആറുമാസമായി ബസ് ഡിപ്പോയില്‍ തകരാറിലായി കിടക്കുന്നത് കെ.എസ്.ആര്.ടി.സി ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്ക് അറിയാമെങ്കിലും തികഞ്ഞ അനാസ്ഥയാണ് ഇക്കാര്യത്തില്‍ സ്വീകരിക്കുന്നത്. ദിനംപ്രതി കെ.എസ്.ആര്.ടി.സിയില്‍ സര്‍വിസ് കാര്യത്തിലടക്കം പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തുമ്പോഴും കട്ടപ്പുറത്ത് വിശ്രമിക്കുന്ന നൂറുകണക്കിന് ബസുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മാനേജ്മെന്റെ് ഇതുവരെയും തയാറായിട്ടില്ല.
10000 രൂപയില്‍ താഴെ വരുമാനമുള്ള സര്‍വിസുകള്‍ നിര്‍ത്തലാക്കാന്‍ കെ.എസ്.ആര്.ടി.സി അടുത്തിടെ തീരുമാനമെടുത്തിരിന്നു. പുറമെ ചില റൂട്ടുകളില്‍ സര്‍വിസ് നടത്തുന്ന ബസുകളുടെ സമയക്രമങ്ങളിലും മാറ്റം വരുത്തി. എന്നാല്‍ ഇതുവഴി കാര്യമായ പ്രയോജനം ലഭിച്ചില്ലെന്ന് ജീവനക്കാര്‍ തന്നെ സമ്മതിക്കുന്നു. മിക്ക ഡിപ്പോയിലെയും ആകെയുള്ള ബസുകളുടെ എണ്ണത്തിന്റെ പത്തുശതമാനത്തിലധികം കട്ടപ്പുറത്താണ്. സ്പെയര്‍പാര്‍ട്സുകള്‍ യഥാസമയം എത്തിക്കാനായാല്‍ ഇത്തരം ബസുകളുടെ എണ്ണത്തില്‍ കുറവുവരുത്താനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."