കുട്ടനാട്ടില്‍ ശുദ്ധജല ക്ഷാമം രൂക്ഷം: കിണര്‍ വെള്ളത്തിലും മാലിന്യം; ജലജന്യ സാംക്രമിക രോഗങ്ങള്‍ക്ക് സാധ്യത
ഹരിപ്പാട്: മഴക്കാലമെത്തിയിട്ടും ശുദ്ധജലക്ഷാമം രൂക്ഷമായി തുടരുകയാണ് കുട്ടനാട്ടില്‍. മഴവെള്ളം സംഭരിച്ചുവയ്ക്കാന്‍ സംവിധാനമില്ലാത്തതാണ് പ്രധാന വെല്ലുവിളി. കുട്ടനാട്ടിലെ കിണറുകളില്‍ കക്കൂസ് മാലിന്യങ്ങളുടെ സാന്നിധ്യമുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ കെട്ടികിടക്കുന്ന വെള്ളവും മാനദണ്ഡങ്ങള്‍ പാലിക്കാതെ തൊട്ടടുത്ത് സ്ഥാപിച്ചിട്ടുള്ള കക്കൂസുകളും, ഇവിടുത്തെ നനവുള്ള മണ്ണും കിണറുകള്‍ മലിനമാകാന്‍ കാരണമാണ്. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ മാസം പുറത്തിറക്കിയ ധവളപത്രത്തിലാണ് പ്രദേശവാസികളെ ഭീതിയിലാക്കികൊണ്ടുള്ള വിവരം പുറത്താകുന്നത്.
കുട്ടനാട്ടിലെ കുടിവെള്ള സ്രോതസുകളായ നദികളിലും, കുളങ്ങളിലും, തോടുകളിലും, കൂടാതെ കിണറുകളിലും മലിനജലമാണെന്നുള്ള പഠന റിപ്പോര്‍ട്ട് മുന്‍കാലങ്ങളില്‍ വളരെയേറെ ചര്‍ച്ചകള്‍ക്ക് വിധേയമായിരുന്നു. ഈ ചര്‍ച്ചകളുടേയും വിശകലനത്തിന്റെയും അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ധവള പത്രം. ധവളപത്രംഇറക്കിയതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലുമായി.ബദല്‍ സംവിധാനമെന്ന നിലയില്‍ ശുദ്ധജലം എത്തിക്കാന്‍ ത്രിതല പഞ്ചായത്തിനോ സര്‍ക്കാറിനോ കഴിഞ്ഞിട്ടില്ല. മലിനജലം കുടിക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാകുന്നതോടെ ജലജന്യ സാംക്രമിരോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത തള്ളികളയാന്‍ കഴിയില്ലെന്ന മുന്നറിയിപ്പാണ് ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്നത്.
സംസ്ഥാനത്തെ 80ശതമാനം കിണറുകളും വിസര്‍ജ്യ വസ്തുക്കളില്‍ കാണുന്ന ബാക്ടീരിയകളാല്‍ മലിനമെന്നാണ് ധവളപത്രം പറയുന്നത്. കുട്ടനാട്ടില്‍ വ്യാവസായിക മാലിന്യങ്ങളും കീടനാശിനികളും ഒഴുകിയിറങ്ങി തണ്ണീര്‍ത്തടങ്ങളിലും കായലിലും ശുദ്ധജലതടാകങ്ങളിലും ഓക്‌സിജന്‍ ലഭ്യത കുറഞ്ഞെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
വ്യാവസായികമാലിന്യം, സാന്ദ്രത കൂടിയ ലോഹ പദാര്‍ഥങ്ങള്‍, കീടനാശിനികള്‍, കയര്‍ സംസ്‌കരണത്തെ തുടര്‍ന്ന് ജലാശയങ്ങളില്‍ ഒഴുക്കുന്ന പോളിഫിനോള്‍ ഹൈഡ്രജന്‍ സള്‍ഫൈഡ് എന്നിവ ഇവിടുത്തെ ജലാശയങ്ങളെ ഓക്‌സിജന്‍ രഹിതമാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. കോളി ബാക്ടീരിയകള്‍ ജലാശയങ്ങളില്‍ യഥേഷ്ടം എത്തുന്നുണ്ട്.
ജില്ലയിലെ ഭൂഗര്‍ഭ ജലസ്രോതസുകളില്‍ അമിത അളവില്‍ ഫ്‌ളൂറൈഡുമുണ്ട്. രണ്ടുതരത്തിലാണ് ഭൂഗര്‍ഭത്തില്‍ നിന്നും വെള്ളമെടുക്കുന്നത്. ഭൂമിക്കടിയിലുള്ള പ്രകൃതിലായുണ്ടാകുന്ന നീരുറവകളുടേയും മറ്റും ജലശേഖരങ്ങളില്‍ നിന്ന്. ഭൂമികുഴിച്ച് ജലമെടുക്കാനുള്ള സംവിധാനമാണ് കിണര്‍.
വൃത്താകൃതിയുള്ള തുറന്നവയാണ് കിണര്‍. രണ്ടോമൂന്നോമീറ്റര്‍ വ്യാസമുള്ളവയാണ് കുഴല്‍ കിണര്‍. 100സെന്റീമീറ്റര്‍ വ്യാസമുള്ള കുഴല്‍ കിണര്‍ അതില്‍ ലോഹകുഴല്‍ ഇറക്കിയാണ് കുഴല്‍ കിണര്‍ നിര്‍മാണം. ഈ രണ്ട് തരത്തിലുള്ള കിണറുകളും മാലിന്യവാഹകരും സംരക്ഷകരുമാണ്.ഭൂരിഭാഗം ആളുകളും കിണറുകളിലെ ജലമാണ് കുടിവെള്ളത്തിനായി ഉപയോഗിക്കുന്നത്.
സര്‍ക്കാര്‍ പദ്ധതികള്‍ പലതും കുഴല്‍ കിണറുകളിലാണ് നിര്‍മാണം. മഴസമയത്തുംവെള്ള പൊക്ക സമയത്തും മാലിന്യങ്ങള്‍ കിണറുകളില്‍ എത്താറുണ്ട്. കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളില്‍ കിണറിനു ചുറ്റും വെള്ളം കെട്ടികിടക്കുന്നതിനാല്‍ കിണര്‍ വൃത്തിയാക്കാനും കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികള്‍. ഇതു പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതുപോലെ ഭൂമിയുടെ അടിത്തട്ടില്‍ നിന്ന് കുഴല്‍ കിണര്‍ മുഖേന പമ്പു ചെയ്യുന്ന വെള്ളവും മലിനം തന്നെയാണ്.
ഭൂഗര്‍ഭ ജലവിതരണത്തിലെ ഗുണനിലവാര തകര്‍ച്ച പ്രകടമാണ്. പലപ്രദേശങ്ങളില്‍ പകര്‍ച്ചപ്പനികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തില്‍ കുട്ടനാടിന്റെ ഭീതി അകറ്റുന്നതിനുള്ള നടപടികള്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന ആവശ്യം ശക്തമാകുകയാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."