ഊരുകളിലേക്ക് കലക്ടര്‍ വീണ്ടും; ഞാറനീലിയില്‍ ഇന്ന് അദാലത്ത്
തിരുവനന്തപുരം: കാടിന്റെ മക്കളുടെ പരാതികള്‍ കേള്‍ക്കാനും പ്രശ്‌നങ്ങള്‍ നേരിട്ടറിയാനുമായി ജില്ലാ കലക്ടറും ഉദ്യോഗസ്ഥരും ഇന്ന് ഞാറനീലിയിലെത്തും. കഴിയുന്നത്ര പരാതികള്‍ക്ക് അവിടെവച്ച് തന്നെ പരിഹാരം കാണാനാണ് തീരുമാനം. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിച്ച് ഞാറനീലി ട്രൈബല്‍ ഹോസ്റ്റലില്‍ സംഘടിപ്പിക്കുന്ന അദാലത്തില്‍ ആറു ഊരുകളിലെ അടിസ്ഥാന പ്രശ്‌നങ്ങളും പരാതികളും ജില്ലാ കലക്ടര്‍ എസ് .വെങ്കടേസപതി നേരിട്ട് പരിശോധിക്കും. ഞാറനീലി, ആലുംമൂട്, ഊറാംമൂട്, ഇലഞ്ചിയം, കുറുപ്പന്‍കാല, കാട്ടിലക്കുഴി ഊരുകളിലെ 336 പട്ടികവര്‍ഗ കുടുംബങ്ങള്‍ പങ്കെടുക്കും.
ഞാറനീലി ട്രൈബല്‍ ഹോസ്റ്റലില്‍ ഇന്ന് രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു അദാലത്ത് ഉദ്ഘാടനം ചെയ്യും.
കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഡോ. കെ.ആര്‍. ഷൈജു, വിവിധ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.പട്ടികവര്‍ഗ ഊരുകളില്‍ താമസിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ഓഫിസുകളില്‍ നേരിട്ടെത്തി പരാതികള്‍ ബോധിപ്പിക്കാന്‍ ഏറെ അസൗകര്യങ്ങളുണ്ട്. അതിനാലാണ് അവരിലേക്ക് നേരിട്ടെത്തി പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. വനം, എക്‌സൈസ്, ആരോഗ്യം, വിദ്യാഭ്യാസം, ഐറ്റിഡിപി, പൊലീസ്, വൈദ്യുതി, ജലവിഭവം, സാമൂഹ്യനീതി, പൊതുവിതരണം, സി ഡി എസ്, എ ഡി എസ്, കുടംബശ്രീ തുടങ്ങി വിവിധ വകുപ്പുകളിലെയും ഏജന്‍സികളിലെയും ഉദ്യോഗസ്ഥര്‍ ഊരില്‍ ഒരു ദിനം പരിപാടിയില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."