നിപാ: ഭീതി അകലാതെ മലയോര മേഖല
മുക്കം: നിപാ വൈറസ് ബാധ സംബന്ധിച്ച് ഭയപ്പെടേണ്ടണ്ട സാഹചര്യം നിലവിലില്ലെന്ന് ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതലയോഗം വിലയിരുത്തിയെങ്കിലും പ്രതീക്ഷിക്കാതെയെത്തിയ ഞെട്ടലില്‍ നിന്ന് മലയോര മേഖലയിലെ ജനങ്ങള്‍ ഇന്നും മുക്തരായിട്ടില്ല. ആളുകള്‍ ഭയന്നു വീടുകളില്‍ നിന്ന് പുറത്തിറങ്ങാത്ത അവസ്ഥയാണ് നിലവില്‍. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുന്നു. നിപാ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്വീകരിച്ച കര്‍ശന ജാഗ്രത ഇന്നും തുടരുകയാണ്.
വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യവകുപ്പും സ്ഥലത്തെത്തി ഇടയ്ക്കിടെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. റോഡുകളില്‍ വാഹനങ്ങള്‍ നന്നേ കുറഞ്ഞു. മുക്കത്ത് ഇന്നലെയും പല കടകളും അടച്ചിട്ടിരിക്കുകയാണ്. വിവിധ സന്നദ്ധ സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ ശുചീകരണ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും പ്രദേശങ്ങളില്‍ നടക്കുന്നുണ്ട്. വ്യാജ പ്രചാരണങ്ങള്‍ക്കെതിരേ പൊലിസ് നടപടി എടുത്തു തുടങ്ങിയത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും വലിയ ആശ്വാസമായിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ കൂടി പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് മുക്കം പൊലിസ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ഇന്നലെ മുക്കം നഗരത്തില്‍ പൊലിസ് ഇതിനെതിരേ മൈക്കിലൂടെ മുന്നറിയിപ്പ് നല്‍കി. റമദാന്‍ മാസത്തില്‍ ആരാധനാലയങ്ങള്‍ക്ക് നല്‍കിയ ഹരിത പെരുമാറ്റച്ചട്ടത്തില്‍ അധികൃതര്‍ ഇളവുവരുത്തിയിട്ടുണ്ട്. പള്ളികളിലെ നോമ്പുതുറകള്‍ക്ക് ഡിസ്‌പോസിബിള്‍ വസ്തുക്കള്‍ ഉപയോഗിക്കരുതെന്ന നിര്‍ദേശമാണ് പിന്‍വലിച്ചത്.
നിപാ ബാധിച്ചു മരിച്ച അഖിലിന്റെയും നിപയുടെ സാന്നിധ്യം സംസ്ഥാനത്ത് സ്വീകരിക്കുന്നതിനു മുന്‍പ് ഈ ലക്ഷണങ്ങളോടെ മരിച്ച യുവാവിന്റെയും വീടുകളില്‍ കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശനം നടത്തി. വീട്ടുകാര്‍ വലിയ ഭീതിയിലാണ് കഴിയുന്നതെന്നും സമൂഹം ഇവരെ ഒറ്റപ്പെടുത്തുകയാണെന്ന പരിഭവം അവര്‍ പങ്കുവച്ചതായും അദ്ദേഹം പറഞ്ഞു. മേഖലയില്‍ നിപാ സാന്നിധ്യം വീണ്ടും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നത് ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നിട്ടുണ്ട്. കാരശ്ശേരി പഞ്ചായത്തില്‍ രണ്ട് ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ സംയുക്ത പരിശോധന നടത്തുമെന്ന് കാരശ്ശേരി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
ആശുപത്രികളില്‍ ഇന്നലെയും ആളുകള്‍ എത്തുന്നതില്‍ കുറവുണ്ടായി. ദിവസവും ആയിരത്തിനടുത്ത് ആളുകള്‍ എത്തുന്ന മുക്കം കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്ററില്‍ ഇപ്പോള്‍ നൂറില്‍താഴെ രോഗികള്‍ മാത്രമാണ് പരിശോധനകള്‍ക്കായെത്തുന്നത്. മേഖലയിലെ മിക്ക ആശുപത്രികളുടെയും അവസ്ഥ ഇതുതന്നെയാണ്. സ്വകാര്യ ആശുപത്രികളുടെ നിലയില്‍ വലിയ വ്യത്യാസമില്ല. എന്നാല്‍ സംസ്ഥാനത്ത് കാലവര്‍ഷം ആരംഭിക്കുകയും പകര്‍ച്ചപ്പനി പടര്‍ന്നു പിടിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആളുകള്‍ ആശുപത്രികളോട് വിമുഖത കാണിക്കുന്നത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. നിപാ ഭീതിയില്‍ പലരും ചികിത്സ തേടാന്‍ മടികാണിക്കുന്നത് രോഗങ്ങള്‍ പടരാനും അത്യാഹിതങ്ങള്‍ സംഭവിക്കാനും ഇടവരുത്തുമെന്ന് ഇവര്‍ പറയുന്നു.
വൈറസ് ഭീതിയെത്തുടര്‍ന്ന് വ്യാപാര മേഖലയില്‍ ഉടലെടുത്ത മാന്ദ്യത്തിന് ഇനിയും അറുതിയായിട്ടില്ല. പലയിടത്തും അന്‍പത് ശതമാനത്തിനും മുകളിലാണ് കച്ചവടം ഇടിഞ്ഞത്. റമദാന്‍, ചെറിയ പെരുന്നാള്‍ വിപണികള്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. നഷ്ട കച്ചവടമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാറും ആരോഗ്യവകുപ്പും നടത്തുന്ന പ്രതിരോധ നടപടികള്‍ വ്യാപാരികള്‍ക്ക് ആശ്വാസം പകര്‍ന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയകളിലൂടെയും അല്ലാതെയും പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളായിരുന്നു വിപണിയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. ഇതിനെതിരേ പൊലിസും മറ്റ് ഔദ്യോഗിക സംവിധാനങ്ങളും കര്‍ശന നടപടികള്‍ സ്വീകരിച്ചു തുടങ്ങിയത് വ്യാപാരികള്‍ക്ക് വലിയ പ്രതീക്ഷ നല്‍കിയിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്കകം വിപണിയില്‍ ഉണര്‍ച്ച ഉണ്ടാവുമെന്നാണ് വ്യാപാരികളുടെ വിശ്വാസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."