ആരോഗ്യ വകുപ്പില്‍ വിരമിക്കല്‍ നീട്ടുന്നതിനെ ധനവകുപ്പ് അനുകൂലിച്ചില്ല, ആവശ്യമുള്ളവരുടെ സേവനം നിലനിര്‍ത്താന്‍ ഉത്തരവ്
തിരുവനന്തപുരം: മാര്‍ച്ച് 31ന് സര്‍വിസില്‍നിന്ന് വിരമിച്ച ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ സേവനം മൂന്നു മാസത്തേക്ക് കൂടി ഉറപ്പാക്കുന്നതിനുള്ള ഉത്തരവ് സര്‍ക്കാര്‍ ഇറക്കി.
സംസ്ഥാനത്ത് ആരോഗ്യ വകുപ്പില്‍നിന്ന് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നഴ്‌സുമാര്‍ ഉള്‍പ്പെടെ ആകെ 150 പേരാണ് വിരമിച്ചിരിക്കുന്നത്. ഇവരുടെ സേവനം തുടര്‍ന്നും ലഭിക്കുന്നതിന് വിരമിക്കല്‍ മൂന്ന് മാസത്തേക്ക് നീട്ടുകയോ, ഇവരെ കരാര്‍ അടിസ്ഥാനത്തില്‍ നിലനിര്‍ത്തുകയോ വേണമെന്നായിരുന്നു ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യത്തില്‍ ധനകാര്യ വകുപ്പിന്റെ അനുവാദം ലഭിക്കേണ്ടതുണ്ടായിരുന്നു. വിരമിക്കല്‍ മൂന്ന് മാസത്തേക്ക് നീട്ടുന്നതിനെ ധനകാര്യ വകുപ്പ് അനൂകൂലിച്ചില്ല. ഇവരുടെ സേവനം ലഭ്യമാക്കുന്നതിന് കരാര്‍ വ്യവസ്ഥയില്‍ തുടരുന്നതിനാണ് ധനകാര്യ വകുപ്പ് അനുമതി നല്‍കിയത്. സര്‍വിസ് കാലവധി നീട്ടുന്നത് നിയമപരമായ പ്രശ്‌നങ്ങള്‍ക്ക് വഴിവെയ്ക്കുമെന്നതിനാലാണ് ധനകാര്യ വകുപ്പ് എതിര്‍പ്പ് പ്രകടിപ്പിച്ചത്. സര്‍വിസില്‍നിന്ന് വിരമിച്ചവരില്‍ ആരെയെല്ലാം ഏതെല്ലാം മേഖലകളില്‍ വേണമെന്ന റിപോര്‍ട്ട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാരില്‍നിന്ന് ആരോഗ്യ വകുപ്പ് ഡയരക്‌ട്രേറ്റ് തേടിയിരിക്കുകയാണ്. 150 ജീവനക്കാരില്‍ ആവശ്യസേന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാത്രമേ ഇളവ് അനുവദിക്കുയുള്ളൂ. വിരമിച്ചവര്‍ക്ക് പകരം ആള്‍ വരുന്നത് വരെയോ, 2020 ജൂണ്‍ 30വരെയോ ഇതില്‍ ഏതാണ് ആദ്യം അതുവരെ വിരമിച്ചവരുടെ സേവനം തേടാനാണ് ഉത്തരവിറക്കിയിരിക്കുന്നത്. വിരമിക്കല്‍ നീട്ടുകയില്ലെന്നും എന്നാല്‍ അവരുടെ സേവനം ദീര്‍ഘിപ്പിക്കുന്നതിനായി നടപടി സ്വീകരിക്കുമെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
മാര്‍ച്ച് 31ന് ശേഷവും ജോലിയില്‍നിന്ന് വിരമിച്ചവരുടെ സേവനം കൊവിഡ് പ്രതിരോധ പ്രവര്‍ത്തന രംഗത്ത് ലഭ്യമായിരിക്കുന്നതും ഇവരുടെ സേവന കാലവധി ദീര്‍ഘിപ്പിക്കാന്‍ ആരോഗ്യ വകുപ്പ് ശുപാര്‍ശ ചെയ്തതും ഏപ്രില്‍ രണ്ടിന് സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അടിയന്തിര ആവശ്യം പരിഗണിച്ചാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്. കൊവിഡ് പ്രതിരോധ രംഗത്ത് കൂടുതല്‍ ആവശ്യം ഡോക്ടര്‍മാരുടെ സേവനം ആയതിനാല്‍ വിരമിച്ച ഡോക്ടര്‍മാരുടെ സേവനം കൂടി കരാര്‍ അടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതിനുള്ള നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിലെ ഒഴിവുകളിലേക്ക് പി.എസ്.സി റാങ്ക് ലിസ്റ്റില്‍നിന്ന് നിയമനം നടത്തുന്നതിനുള്ള അടിയന്തിര നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."