വണ്ടൂര്‍-മഞ്ചേരി റോഡ്; കോഴിപറമ്പ് റേഷന്‍ഷോപ്പ്പടി റോഡ് നവീകരിച്ചു
വണ്ടൂര്‍: റോഡിലെ അപകടങ്ങള്‍ കുറക്കാനുള്ള നടപടിക്കായി രണ്ടു ജീവന്‍ കൂടി നല്‍കേണ്ടി വന്നു. വണ്ടൂര്‍ മഞ്ചേരി റോഡിലെ താഴെ കോഴിപറമ്പ് റേഷന്‍ഷോപ്പ് പടിയിലാണ് നിരവധിയപകടങ്ങളും അതുവഴി മരണങ്ങളുമുണ്ടായത്. കഴിഞ്ഞ ദിവസം ബസും ബൈക്കും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശികളായ രണ്ടുപേര്‍ ഇവിടെ മരിച്ചിരുന്നു.
അശാസ്ത്രീയമായ റോഡു നിര്‍മാണം മൂലമുണ്ടായ അപകട വളവും ഇറക്കവും റോഡിന്റെ വീതിയില്ലായ്മയുമാണ് ഇതിനു പ്രധാന കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ഓവുചാലുകള്‍ മുഴുവനും മണ്ണ് വന്നു നിറഞ്ഞതിനാല്‍ റോഡില്‍ മണല്‍ തിട്ടകള്‍ രൂപപെട്ടിട്ടുണ്ട്. മണല്‍ തിട്ടകളെ വെട്ടിച്ചെടുക്കുന്നതിനിടെയുണ്ടാവുന്ന അപകടങ്ങളാണ് ഭൂരിഭാഗവും. വ്യാഴാഴ്ച നടന്ന അപകടത്തെ തുടര്‍ന്ന വണ്ടൂര്‍ സി.ഐ എ.ജെ ജോണ്‍സന്റെ നേതൃത്വത്തില്‍ പൊലിസും തിരുവാലി അഗ്‌നിശമന സേനയും ട്രോമാകെയറും നാട്ടുകാരും ചേര്‍ന്ന് റോഡ് നവീകരിച്ചു.
റോഡിലെ മണ്‍ കൂനകളെല്ലാം മാറ്റി, ഓവു ചാലുകള്‍ പൂര്‍ണമായും തുറന്നു കൊടുത്തു. കാഴ്ചമറക്കുന്ന കാടുകളും പരസ്യ ബോര്‍ഡുകളും എടുത്തു മാറ്റി.
ഒരു കിലോ മീറ്റര്‍ ഭാഗത്തോളം സ്ഥലത്തെ തടസങ്ങളെല്ലാം നീക്കം ചെയ്തു. സ്‌പെഷല്‍ ബ്രാഞ്ച് എസ്.ഐ സി.ജയകുമാര്‍, എസ്.എസ്.ബി എ.എസ്.ഐ മുരളീധരന്‍,അഗ്‌നി ശമനസേന ഓഫിസര്‍ അബ്ദുല്‍ ഗഫൂര്‍, ട്രോമാകെയര്‍ പ്രവര്‍ത്തകരായ പി.ഉണ്ണികൃഷ്ണന്‍, കളത്തില്‍ അഷ്‌റഫ്, സദഖത്തുല്ല എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."