മോദിഭരണത്തിലെ നാലു വര്‍ഷം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി ഭരണം നാലു വര്‍ഷം പൂര്‍ത്തിയാക്കി അഞ്ചാം വര്‍ഷത്തിലേക്ക് പ്രവേശിച്ചപ്പോള്‍ ഭരണത്തിന്റെ ആകെത്തുകക്കപ്പുറം ജനങ്ങളുടെ ശക്തമായ എതിര്‍പ്പ് ഈ സര്‍ക്കാര്‍ ഏറ്റുവാങ്ങുന്നുണ്ടെന്നതാണ് യാഥാര്‍ഥ്യം. മോദി മാജിക്കെന്നുപറഞ്ഞ് പല മാധ്യമങ്ങളും പുകഴ്ത്തിയ നരേന്ദ്ര മോദിയുടെ ഭരണം എത്രത്തോളം ജനങ്ങളുടെ താല്‍പര്യത്തോട് അരുനിന്നുവെന്ന് വ്യക്തമാക്കാന്‍ ബി.ജെ.പിക്കുപോലും കഴിയില്ല. 2014ല്‍ അധികാരത്തിലേറിയപ്പോള്‍ മോദിയും ബി.ജെ.പിയും ജനങ്ങള്‍ക്ക് മുന്‍പില്‍ വന്‍ വാഗ്ദാനങ്ങളാണ് വച്ചിരുന്നത്. അച്ചേ ദിന്‍(നല്ല നാളുകള്‍)ആയിരിക്കും ഇനിയുള്ള നാളുകള്‍ എന്നായിരുന്നു ചൂണ്ടിക്കാണിച്ചതില്‍ പരമപ്രധാനം. സ്വാതന്ത്ര്യത്തിനുശേഷം രാജ്യം കണ്ട ഏറ്റവും നല്ല സര്‍ക്കാര്‍, മുന്‍ സര്‍ക്കാരുകള്‍ക്കൊന്നും(പ്രത്യേകിച്ചും കോണ്‍ഗ്രസിന്) ആര്‍ജിക്കാനാകാത്തവിധത്തില്‍ ഇന്ത്യയെ ശക്തമായ ഒരു രാഷ്ട്രമാക്കി ഉയര്‍ത്തും, ആരേയും വേര്‍തിരിച്ചുകാണാതെ എല്ലാവരിലും വികസനം എത്തിക്കും തുടങ്ങിയ കാര്യങ്ങള്‍ മോദിയും കൂട്ടരും ജനങ്ങള്‍ക്ക് മുന്‍പില്‍ വച്ചു. അവര്‍ നല്‍കിയ ഉറച്ച പ്രഖ്യാപനത്തില്‍ വശംവദരായി രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും ഇതാണ് തങ്ങള്‍ കാത്തിരുന്ന ഭരണം എന്ന് ചിന്തിക്കുകയും ചെയ്തു. എന്നാല്‍, മോദിയുടെ ഭരണം നാലു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ പ്രഖ്യാപനങ്ങളെല്ലാം പൊള്ളയായിരുന്നുവെന്ന തിരിച്ചറിവിലാണ് ജനങ്ങള്‍.
മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഹൈന്ദവ വല്‍ക്കരണം, പശുസംരക്ഷകരെന്ന പേരില്‍ അക്രമി സംഘങ്ങള്‍ രാജ്യവ്യാപകമായി നടത്തിയ തേരോട്ടം, മുഹമ്മദ് അഖ്‌ലാക്ക് മുതല്‍ ഒട്ടേറെ നിരപരാധികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതെല്ലാം കൂട്ടിവായിക്കുമ്പോള്‍ ഒരു ജനാധിപത്യ സര്‍ക്കാരില്‍ നിന്ന് ഒരിക്കല്‍പോലും ഉണ്ടാകാന്‍ പാടില്ലാത്ത ചെയ്തികളാണ് മോദി ഭരണത്തില്‍ ജനങ്ങള്‍ നേരിട്ടത്.
അധികാരത്തിന്റെ നാലു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍, തന്ത്രപ്രധാനമായ നാല് വസ്തുതകളെയാണ് ഈ സര്‍ക്കാരിനെതിരേ ജനങ്ങള്‍ ഉയര്‍ത്തുന്നത്. ജനങ്ങളുടെ അതിജീവനത്തിനുമേല്‍ അധികാരത്തിന്റെ ദുഷ്പ്രഭുത്വമാണ് മോദി സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചത്.
സമൂഹത്തെ വേര്‍തിരിച്ച് വര്‍ഗീയ വിധ്വംസക പ്രവര്‍ത്തനങ്ങള്‍, കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായ നവലിബറല്‍ സാമ്പത്തിക പരിഷ്‌കരണങ്ങള്‍, പാര്‍ലമെന്ററി ജനാധിപത്യത്തേയും ഭരണഘടനാ സ്ഥാപനങ്ങളേയും തങ്ങളുടെ താല്‍പര്യത്തിനനുസരിച്ച് വക്രീകരിക്കല്‍, ഇന്ത്യയുടെ വിദേശനയത്തെ അമേരിക്കന്‍ താല്‍പര്യത്തിന് അനുസരിച്ച് മാറ്റിയെടുത്തു എന്നിവയാണ് ഈ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്നത്.
വര്‍ഗീയ അജണ്ടയിലൂന്നിയുള്ള ഭരണം
ഇന്ത്യയുടെ സമ്പന്നവും നാനാത്വത്തില്‍ ഏകത്വമെന്ന ചിന്താധാരകളേയും പൂര്‍ണമായും അവഗണിക്കുകയോ ഇല്ലാതാക്കുകയോ ചെയ്താണ് കേന്ദ്രത്തില്‍ മോദിയുടെ ഭരണം തുടങ്ങിയത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഇതിന്റെ അനുരണനങ്ങള്‍ ദൃശ്യമായി. സമൂഹത്തെ ധ്രുവീകരിക്കാനുള്ള ശ്രമമാണ് ദലിതര്‍ക്കും മുസ്‌ലിംകള്‍ക്കും നേരെയുണ്ടായത്. യു.പിയില്‍ പശുമാംസം കൈവശം വച്ചുവെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാക്ക് എന്നയാളെ കൊലപ്പെടുത്തിയതു മുതല്‍ ഈ ആക്രമണം രാജ്യത്തിന്റെ ചരിത്രത്തില്‍ കറുത്ത പുള്ളിയായി നില്‍ക്കുന്നു. ഗോരക്ഷകരെന്ന പേരില്‍ സംഘ്പരിവാര്‍ അക്രമികളും യു.പിയിലെ യോഗി അധികാരത്തില്‍ വന്നതോടെ രൂപീകരിച്ച റോമിയോ വിരുദ്ധ സ്‌ക്വാഡ്‌പോലുള്ള സദാചാര പൊലിസിങ് സംഘങ്ങളും സ്വതന്ത്ര ജനാധിപത്യ റിപബ്ലിക്കില്‍ നിറഞ്ഞാടി. രാജ്യത്തെ ജനങ്ങള്‍ എന്ത് ഭക്ഷിക്കണം, ആരുമായി സംസാരിക്കണം, ഏത് തരം വസ്ത്രങ്ങള്‍ ധരിക്കണം എന്നിവയെല്ലാം മോദി ഭരണത്തില്‍ ജനങ്ങള്‍ നേരിട്ട പ്രതിസന്ധിയായിരുന്നു. ഗോവധനിരോധനം നടപ്പാക്കാനായി വടിവാളുമായി നടക്കുന്ന ഹൈന്ദവ സംഘങ്ങള്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വര്‍ധിക്കുകയാണ്. ഗുജറാത്തില്‍ ഇത്തരത്തിലുള്ള 250ഓളം സംഘടനകളുണ്ട്. വിവിധ പേരുകളിലാണ് ഈ സംഘങ്ങള്‍ അറിയപ്പെടുന്നതെങ്കിലും ആര്‍.എസ്. എസിന്റെ അജണ്ടയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.
ഏകപക്ഷീയമായി ഹിംസയുടെ അരങ്ങേറ്റമാണ് ഇവരിലൂടെ ഉത്തരേന്ത്യയില്‍ നടക്കുന്നത്. 'ഗോ ബ്രാഹ്മണേദ്യോ ശുഭമസ്തുനിത്യം' (ബ്രാഹ്മണര്‍ക്കും പശുക്കള്‍ക്കും നിത്യവും നല്ലതുവരട്ടെ) എന്ന സവര്‍ണ താല്‍പര്യം നടപ്പാക്കാനും പൊതുസമൂഹത്തില്‍ നിന്ന് ദലിതരെ മാറ്റിനിര്‍ത്താനുമുള്ള ഒരു പ്രത്യയശാസ്ത്രത്തിന്റെ അടിത്തറയിലാണ് ബി.ജെ.പി -സംഘ്പരിവാര്‍ നേതൃത്വങ്ങള്‍ നീങ്ങുന്നത്.
വര്‍ഗീയതയും വിഷലിപ്തവുമായ സന്ദേശങ്ങളും നല്‍കി സമൂഹത്തെ ധ്രുവീകരിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ജമ്മുകശ്മിരില്‍ എട്ടുവയസുകാരിയായ കുഞ്ഞിനെ ദിവസങ്ങളോളം മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച് കൊലപ്പെടുത്തിയതിനെതിരേ രാജ്യം ശക്തമായി പ്രതികരിച്ചപ്പോള്‍ അക്രമികള്‍ക്ക് അനുകൂലമായി ബി.ജെ.പി നേതാക്കള്‍ നിലപാടെടുത്തു. സംഭവത്തോട് മോദിയുടെ പ്രതികരണം പോലും ഒരു ഭരണാധികാരിക്കുചേര്‍ന്ന രീതിയിലായിരുന്നില്ല.
സാമ്പത്തിക രംഗത്തെ പ്രതിലോമകരമായ നയം
2016 നവംബര്‍ എട്ടിന് രാത്രിയാണ് രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് 500, 1000 രൂപ നോട്ടുകള്‍ റദ്ദാക്കി മോദി രാജ്യത്തെ ജനങ്ങളെ പരീക്ഷിച്ചത്. തത്വത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്കെതിരേ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ സാമ്പത്തികാക്രമണമായിരുന്നു ഇത്. നിക്ഷേപിച്ച പണം തിരിച്ചുകിട്ടാനും എ.ടി.എം കൗണ്ടറുകള്‍ക്ക് മുന്നില്‍ പണത്തിനായും വരിനിന്ന നിരവധിപേര്‍ നോട്ട് റദ്ദാക്കലിന്റെ ഇരകളാക്കപ്പെട്ടു. ഇതിനുപിന്നാലെ നടപ്പാക്കിയ ജി.എസ്.ടിയും സാമ്പത്തിക രംഗത്തുണ്ടായ ഇരട്ട ആക്രമണമായിരുന്നു. ഇത് രണ്ടും ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് വലിയ തകര്‍ച്ചക്കാണ് ഇടയാക്കിയത്.
മൊത്തം ആഭ്യന്തരോല്‍പ്പാദനത്തില്‍ വലിയ പങ്കുവഹിക്കുന്ന കാര്‍ഷിക-കാര്‍ഷികേതര രംഗത്തെ തകര്‍ക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്തത്. രാജ്യത്തെ ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ പലതും അടച്ചുപൂട്ടി. വിദേശ നിക്ഷേപത്തിലൂടെ കോര്‍പറേറ്റുകള്‍ക്ക് പിന്‍വാതില്‍ അനുമതി നല്‍കിയതോടെ ചെറുകിട മേഖലയുടെ നട്ടെല്ലൊടിച്ചു. സമ്പദ് വ്യവസ്ഥയുടെ എല്ലാ മേഖലകളിലും വിദേശ നിക്ഷേപം അനുവദിക്കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
ചെറുകിട വ്യാപാരമേഖലയില്‍ നലുകോടിയിലേറെപ്പേരാണ് ജോലി ചെയ്യുന്നത്. ഈ രംഗം പൂര്‍ണമായും ബഹുരാഷ്ട്രകുത്തകകള്‍ക്ക് തീറെഴുതുന്നതോടെ ആഭ്യന്തര വാണിജ്യരംഗത്തെ അത് സാരമായി ബാധിക്കും. ജനസംഖ്യയില്‍ അഞ്ചിലൊരു ഭാഗത്തെ ഇത് ബാധിക്കും.
അന്താരാഷ്ട്ര റീട്ടെയില്‍ ഭീമനായ വാള്‍മാര്‍ട്ട് ഇന്ത്യന്‍ കമ്പനിയായ ഫഌപ്കാര്‍ട്ടിനെ ഏറ്റെടുത്തതോടെ ചില്ലറ വ്യാപാര മേഖലയില്‍ വിദേശ മൂലധന ശക്തികളുടെ പ്രവേശനത്തിന് ഔദ്യോഗിക അനുമതിയാണ് ഉണ്ടായിരിക്കുന്നത്. കാര്‍ഷിക മേഖല തകര്‍ന്നുകൊണ്ടിരിക്കുകയാണ്.
കര്‍ഷകര്‍ക്ക് ഉല്‍പ്പാദനച്ചെലവിന്റെ ഒന്നര ഇരട്ടി താങ്ങുവില ഉറപ്പാക്കും എന്നായിരുന്നു അധികാരത്തില്‍ കയറുന്ന വേളയില്‍ മോദി നല്‍കിയ ഉറപ്പ്. എന്നാല്‍, കാര്‍ഷിക വായ്പ എഴുതിത്തള്ളാതെയും ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കാതെയും കര്‍ഷകരെ കടക്കെണിയിലേക്ക് തള്ളിവിടുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
അതേസമയം കോര്‍പറേറ്റുകള്‍ എടുത്ത ലക്ഷക്കണക്കിനു കോടി രൂപ എഴുതിത്തള്ളുകയും ചെയ്യുന്നുണ്ട്. 2017ലെ കണക്കുപ്രകാരം വരുമാനത്തിന്റെ 73 ശതമാനവും ഒരു ശതമാനത്തിന്റെ കൈകളിലാണ്. വിജയ്മല്യ, ലളിത് മോദി, നീരവ് മോദി തുടങ്ങിയവര്‍ വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ടു. ഇവര്‍ക്ക് ഇതിനുള്ള സൗകര്യം ചെയ്തുകൊടുത്തത് ഭരണനേതൃത്വം തന്നെയാണ്.
തെറ്റായ നയം കാരണം ജനങ്ങളുടെ മേലുള്ള അമിതഭാരം കൂടിക്കൂടി വരികയാണ്. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് ഇന്ധന വിലവര്‍ധനവ്. അധികാരത്തിനെതിരായ അസ്വാരസ്യം ഇല്ലാതിരിക്കാന്‍ കര്‍ണാടക തെരഞ്ഞെടുപ്പുവരെ ഇന്ധന വില വര്‍ധിപ്പിക്കാതിരിക്കുകയും തെരഞ്ഞെടുപ്പിനു ശേഷം 16 ദിവസം തുടര്‍ച്ചയായി വില വര്‍ധിപ്പിക്കുകയും ചെയ്തു. ഇതിനെതിരേ പ്രതിഷേധം ഉയര്‍ന്നപ്പോഴും പ്രധാനമന്ത്രി മൗനം പാലിക്കുകയാണ് ചെയ്തത്. ഇപ്പോഴിതാ നാമമാത്ര കുറവാണ് വരുത്തുന്നത്. അസംസ്‌കൃത എണ്ണ വില കുത്തനെ കുറയുമ്പോഴാണ് ഇന്ത്യയില്‍ ഇന്ധന വില വര്‍ധിക്കുന്നത്. റിലയന്‍സ്‌പോലുള്ള കോര്‍പറേറ്റ് കമ്പനികള്‍ക്കാണ് യഥാര്‍ഥത്തില്‍ ഇന്ധന വിലവര്‍ധന ഏറ്റവും സഹായകമാകുന്നത്.
വിദ്യാഭ്യാസ-സാമൂഹിക രംഗത്ത് ഹൈന്ദവ വല്‍ക്കരണം
വര്‍ഗീയതയിലൂന്നിയാണ് വിദ്യാഭ്യാസ-ഗവേഷണ രംഗത്തെ ബി.ജെ.പി സര്‍ക്കാര്‍ ഹൈജാക്ക് ചെയ്യുന്നത്. യുക്തി ചിന്തയേയും ശാസ്ത്രാവബോധത്തേയും സര്‍ക്കാര്‍ കടന്നാക്രമിക്കുന്നു. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷതലം മുതല്‍ക്കിങ്ങോട്ട് ഇക്കാര്യം വ്യക്തമായതാണ്.
ഇന്ത്യാചരിത്രത്തെ ഹിന്ദു പുരാണങ്ങള്‍ക്കൊത്ത് തിരുത്താനുള്ള ശ്രമം നടക്കുന്നു. ജനങ്ങളുടെ ചിന്തകളെ തന്നെ വര്‍ഗീയവല്‍ക്കരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യ റിപബ്ലിക്കിനെ മതാധിഷ്ഠിത ഫാസിസ്റ്റ് ഹിന്ദുരാഷ്ട്രത്തിലേക്ക് മാറ്റാനാണ് ശ്രമം നടക്കുന്നത്.
ദലിതരെയും മതന്യൂനപക്ഷങ്ങളെയുംപോലെയുള്ള നമ്മുടെ ജനതയില്‍ ഒരു വലിയ വിഭാഗത്തെ പുറംതള്ളുന്ന തരത്തില്‍ ഹിന്ദുത്വ കടന്നാക്രമണങ്ങളാണ് നാല് വര്‍ഷത്തെ മോദി ഭരണത്തില്‍ ഉണ്ടായത്. വിദ്യാഭ്യാസത്തിന് ജി.ഡി.പിയുടെ ആറു ശതമാനം നീക്കിവയ്ക്കും എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് മോദി അധികാരത്തിലേറിയത്. ഇക്കാര്യത്തില്‍ വലിയ വീഴ്ച വരുത്തി എന്നുമാത്രമല്ല സാമൂഹിക രംഗത്തെ വിപ്ലവത്തിന്റെ പാതയിലേക്ക് നയിക്കാനുതകുന്ന പദ്ധതിയെന്നു വ്യക്തമാക്കി പ്രഖ്യാപിച്ച സ്വച്ഛ്ഭാരത് പോലും വേണ്ട വിധത്തില്‍ നടപ്പാക്കപ്പെട്ടില്ല. രാജ്യത്ത് ഇന്നും കുടിവെള്ളത്തിനായി കഷ്ടപ്പെടുന്ന ജനങ്ങളെ സര്‍ക്കാര്‍ അവഗണിക്കുകയാണ്. ദേശീയ സാംപിള്‍ സര്‍വേ ഓഫ് ഇന്ത്യ 2015-16 വര്‍ഷം നടത്തിയ വെളിപ്പെടുത്തലില്‍ കേന്ദ്രത്തിന്റെ സ്വച്ഛ്ഭാരത് അഭിയാന്‍ പദ്ധതിപ്രകാരം നിര്‍മിച്ച കക്കൂസുകളില്‍ 10ല്‍ ആറെണ്ണത്തിലും ജലലഭ്യത ഉറപ്പാക്കാനായില്ല എന്നതാണ്.
പാര്‍ലമെന്ററി ജനാധിപത്യ സ്ഥാപനങ്ങള്‍ തകര്‍ക്കുന്നു
മോദി അധികാരത്തിലേറിയതുമുതല്‍ ഇതുവരെയുള്ള ചരിത്രം പരിശോധിക്കുമ്പോള്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അടിസ്ഥാനത്തിലുള്ള സ്ഥാപനങ്ങളെല്ലാം ആക്രമിക്കപ്പെടുകയോ അല്ലെങ്കില്‍ തങ്ങളുടെ താല്‍പര്യത്തിലേക്ക് അടിച്ചമര്‍ത്തുകയോ ചെയ്യുന്നുവെന്നതാണ്. പാര്‍ലമെന്റിന്റെ പ്രവര്‍ത്തനശേഷിയെ പരിമിതപ്പെടുത്തിയെന്നു മാത്രമല്ല പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാന്‍ പോലും തയാറായില്ല എന്നതാണ്.
തെരഞ്ഞെടുപ്പു കമ്മിഷന്‍പോലുള്ള ഭരണഘടനാ സ്ഥാപനങ്ങളെയും തങ്ങളുടെ താല്‍പര്യത്തിനൊത്ത് രൂപപ്പെടുത്തിയിരിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതയും നിഷ്പക്ഷതയും തിരിച്ചുപിടിക്കണമെന്ന് മുന്‍ ചീഫ് ഇലക്ഷന്‍ കമ്മിഷനര്‍മാര്‍ ആവശ്യപ്പെട്ടത് ഈ സ്ഥാപനത്തെ ബി.ജെ.പിയുടെ താല്‍പര്യത്തിന് അനുസൃതമായ രീതിയില്‍ വളച്ചൊടിക്കുന്നത് കണ്ടാണ്.
സര്‍ക്കാരിന്റെ രാഷ്ട്രീയ താല്‍പര്യത്തിനനുസരിച്ചാണ് അന്വേഷണ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത്. ആദായനികുതി വകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് എന്നിവയെ പൂര്‍ണമായും ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ അടിച്ചമര്‍ത്താനുള്ള ആയുധങ്ങളാക്കി മാറ്റിയിരിക്കുന്നു. തെരഞ്ഞെടുപ്പുകളില്‍ തോറ്റിട്ടും ഗോവയിലും മണിപ്പൂരിലും മേഘാലയയിലും ബിഹാറിലും കുറുക്കുവഴിയിലൂടെ സര്‍ക്കാരുകളുണ്ടാക്കി. പണവും സ്വാധീനവും ഉപയോഗിച്ച് ഇതുപോലെ കര്‍ണാടകയിലും ബി.ജെ.പി ഒരുകൈ നോക്കിയെങ്കിലും കോണ്‍ഗ്രസും ജെ.ഡി.യുവും നടത്തിയ നാടകീയ നീക്കങ്ങള്‍ മോദി-അമിത്ഷാ കൂട്ടുകെട്ടിന്റെ നീക്കത്തിന് തിരിച്ചടിയാണ് ഉണ്ടാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."