ഫോര്‍ട്ട് കൊച്ചി അമരാവതി യു.പി സ്കൂളില്‍ നാഥനുമില്ല കുടിവെള്ളവുമില്ല
മട്ടാഞ്ചേരി: ഫോര്‍ട്ട്കൊച്ചി അമരാവതി സര്‍ക്കാര്‍ യു.പി സ്ക്കൂളില്‍ കുടിവെള്ള കണക്ഷന് വിഛേദിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥികളും അദ്ധ്യാപകരും ദുരിതത്തിലായി.
പ്രീ പ്രൈമറി മുതല്‍ യു.പി ക്ലാസ് വരെയുള്ള കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍, വെള്ളക്കരം അടക്കാത്തതിനെ തുടര്‍ന്നാണ് രണ്ടാഴ്ച മുമ്പ് ജല അതോറിറ്റി കണക്ഷന് വിച്ഛേദിച്ചത്. രണ്ട് ലക്ഷം രൂപയ്ക്ക് മേല്‍ കുടിശിഖയുണ്ടെന്നാണ് വകുപ്പ് അധികൃതര്‍ നല്കുന്ന വിവരം. അതേസമയം സ്ക്കൂളില്‍ പ്രധാന അദ്ധ്യാപകന് സ്ഥലം മാറി പോയതിന്റെ ഒഴിവില്‍ പകരം ആളെ വെക്കാത്തതും ബുദ്ധിമുട്ടിനിടയാക്കുന്നുണ്ട്. സ്ക്കൂള് ഇപ്പോള്‍ നാഥനില്ലാ കളരി പോലെയാണ്.
സ്ക്കൂളില്‍ പാചകത്തിന് ഉള്‍പ്പെടെ ഉപയോഗിക്കുന്നത് ജല അതോറിറ്റിയുടെ വെള്ളമാണ്. കൊച്ചു കുട്ടികളായതിനാല്‍ കൈ കഴുകുന്നതിനും പാത്രം കഴുകുന്നതിനുമെല്ലാം ശുദ്ധ ജലമാണ് ഉപയോഗിക്കുന്നത്. ഭിന്ന ശേഷിയുള്ള കുട്ടികളും ഇവിടെ അധ്യയനം നടത്തുന്നുണ്ട്.
സര്‍ക്കാര്‍ സ്കൂളുകളിലെ വെള്ളക്കരം അടക്കേണ്ടത് സര്‍ക്കാര്‍ അല്ലെങ്കില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളാണ്.
അധികൃതര്‍ വരുത്തിയ വീഴ്ചയുടെ ഫലം അനുഭവിക്കുന്നതാകട്ടെ സാധാരണക്കാരുടെ കുട്ടികളും. കണക്ഷന് വിഛേദിക്കരുതെന്നും വെള്ളക്കരം അടക്കാനുള്ള നടപടികള്‍ക്കായി ശ്രമിക്കാമെന്നും സ്ക്കൂള് അധികൃതര്‍ ജല അതോറിറ്റിയോട് പല തവണ പറഞ്ഞെങ്കിലും വക വെക്കാതെ കുടിവെള്ളം ഇല്ലാതാക്കുകയായിരുന്നു.
കുടിവെള്ളം ഇല്ലാതായതോടെ സ്ക്കൂള് അധികൃതര്‍ ഡിവിഷന് കൗണ്‍സിലറോട് പറഞ്ഞതിനെ തുടര്‍ന്ന് ടാങ്കര്‍ ലോറിയില്‍ വെള്ളം അടിച്ച് നല്‍കിയതാണ് ഏക ആശ്വാസം.ഈ വെള്ളം വരുന്ന അദ്ധ്യയന ദിവസം തീരും.ഇത് കഴിഞ്ഞാല്‍ എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് സ്ക്കൂള് അധികൃതര്‍.
പശ്ചിമകൊച്ചിയില്‍ ഒരു വിധം നന്നായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ക്കൂളിനോട് അധികൃതര്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."