കുന്നുമ്മല്‍ പഞ്ചായത്തില്‍ നാളെ മുതല്‍ പ്ലാസ്റ്റിക് നിരോധനം
കക്കട്ടില്‍: കുന്നുമ്മല്‍ പഞ്ചായത്തില്‍ ഏപ്രില്‍ ഒന്നു മുതല്‍ 50 മൈക്രോണ്‍ വരെയുള്ള ക്യാരിബാഗുകളുടെ വില്‍പ്പന, നിര്‍മാണം, ഉപയോഗം എന്നിവയ്ക്കു നിരോധനം ഏര്‍പ്പെടുത്തിയതായി പ്രസിഡന്റ് കെ.ടി രാജന് അറിയിച്ചു.
2016ലെ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് റൂള്‍സ് പ്രകാരമാണിത്. നിരോധനം നിലവില്‍ വരുന്നതോടെ നൂറില്‍ കൂടുതല്‍ പേര് പങ്കെടുക്കുന്ന പൊതുപരിപാടികള്‍ നടത്തുന്നവര്‍ അഞ്ചു പ്രവര്‍ത്തി ദിവസം മുന്‍പ് പഞ്ചായത്ത് ഓഫിസില്‍ അറിയിക്കണം. ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ വൃത്തിയായി കഴുകി ഉണക്കി സൂക്ഷിക്കുകയും വേണം. ഇതു പഞ്ചായത്തിനോ പഞ്ചായത്ത് നിശ്ചയിക്കുന്ന ഏജന്‍സിക്കോ നല്‍കേണ്ടതാണ്. സൂക്ഷിക്കുന്ന പ്ലാസ്റ്റിക്കിന് നിശ്ചിത ഫീസും നല്‍കണം. 50 മൈക്രോണിന് മുകളിലുള്ളവ വിതരണം ചെയ്യുന്ന കച്ചവടക്കാര്‍ പ്രതിമാസം 4000 രൂപ പഞ്ചായത്തില്‍ അടച്ച് റജിസ്റ്റര്‍ ചെയ്യണം. പ്ലാസ്റ്റിക് വസ്തുക്കള്‍ അലക്ഷ്യമായി വലിച്ചെറിയുന്നതും കത്തിക്കുന്നതും 25000 രൂപ വരെ പിഴയും ഒരു വര്‍ഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്. നിയന്ത്രണം നടപ്പാക്കുന്നതിന്റെ ഭാഗമായി വ്യാപാരികള്‍, വാഹന തൊഴിലാളികള്‍, അയല്കൂട്ടങ്ങള്, ഗ്രാമസഭകള്‍ എന്നിവ വിളിച്ചു ചേര്‍ത്തു. വിപുലമായ ഒരുക്കങ്ങള്‍ നടത്തിയതായും പ്രസിഡന്റ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."