തൊടുപുഴയില്‍ 'വലവിരിച്ച് ' പെണ്തിരുട്ടു സംഘങ്ങള്‍
തൊടുപുഴ: മോഷണത്തില്‍ പ്രാവീണ്യം നേടിയ പെണ് തിരുട്ടു സംഘങ്ങള്‍ തൊടുപുഴ മേഖലയില്‍ വീണ്ടും സജീവമാകുന്നു.
കഴിഞ്ഞ ദിവസം തൊടുപുഴയില്‍ സ്വകാര്യ ബസില്‍ യാത്രക്കാരിയുടെ ബാഗില്‍ നിന്ന് ഗര്‍ഭിണി ചമഞ്ഞ് പണവും സ്വര്‍ണവും മോഷ്ടിക്കാന്‍ ശ്രമിച്ച യുവതിയെ പൊലിസ് അറസ്റ്റു ചെയ്തിരുന്നു.
നഗരസഭാ കൗണ്‍സിലര്‍ റിനി ജോഷിയുടെ ബാഗ് നഗരത്തില്‍ നിന്നും മുതലക്കോടത്തേക്കുള്ള യാത്രക്കിടെ മോഷ്ടിക്കാന്‍ ശ്രമിക്കവെയാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ മാസം തൊടുപുഴ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാരിയുടെ പഴ്സ് മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ ഒരു യുവതിയേയും രണ്ടു കുട്ടികളെയും നാട്ടുകാര്‍ പിടികൂടിയിരുന്നു. പരാതി ഇല്ലാത്തതിനാല്‍ പൊലിസില്‍ ഏല്‍പ്പിച്ചില്ല.
സ്വകാര്യ ബസ് സ്റ്റാന്‍ഡും തിരക്കേറിയ സ്ഥലങ്ങളും കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. മാന്യമായ രീതിയിലാണു ഈ തട്ടിപ്പു സംഘത്തിന്റെ വസ്ത്രധാരണം. അതിനാല്‍ത്തന്നെ ആര്‍ക്കും പെട്ടെന്നു സംശയം തോന്നുകയില്ല. പിടികൂടി ചോദ്യംചെയ്താല്‍ കണ്ണീര് പൊഴിച്ച് രക്ഷപെടും. ആര്‍ക്കും സംശയത്തിന് ഇടനല്കാതിരിക്കാനാണ് കുട്ടികളെ കൂടെ കൂട്ടുന്നത്. ഒരു കേസില്‍ പിടിയിലായാല്‍ ജാമ്യത്തിലിറങ്ങി വീണ്ടും പതിവ് സംഭവത്തിലേയ്ക്ക് തിരിയും.
ഇവര്‍ക്കു പിന്നില്‍ വന്‍ സംഘംതന്നെയുണ്ടെന്നും ഇവര്‍ മുമ്പു നടത്തിയ മറ്റു മോഷണങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും പൊലിസ് പറഞ്ഞു. തിരക്കുള്ള സ്ഥലങ്ങളില്‍ മാത്രമല്ല, ബസുകളും ഇവരുടെ തട്ടകമാണ്. തിരക്കുള്ള ബസുകള്‍ തെരഞ്ഞുപിടിക്കുന്ന ഇവര്‍ പോക്കറ്റടിയില്‍ പുരുഷന്മാരെ വെല്ലുന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. സാരിയോ ചുരിദാറോ ധരിച്ച് തിരക്കുള്ള ബസില്‍ കയറുന്ന ഇക്കൂട്ടര്‍ സ്ത്രീകളുടെ മാല, ബാഗ്, പഴ്സ് മുതലായവയാണു ലക്ഷ്യമിടുന്നത്.
യാത്രക്കാരെപ്പോലെ അടുത്തിരിക്കുന്ന ഇക്കൂട്ടര്‍ വളരെ തന്ത്രപൂര്‍വം മാലയും മറ്റും മുറിച്ചെടുക്കും. തിരക്കുള്ള സമയമാണെങ്കില്‍ മോഷണം നടത്തുന്ന സാധനം അടുത്തുതന്നെ നില്ക്കുന്ന കൂട്ടുകാരിക്കു കൈമാറും. സാധനം കൈയില്‍ കിട്ടുന്നയാള്‍ അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി രക്ഷപ്പെടും. കൂടെയുള്ളയാള്‍ ചിലപ്പോള്‍ കുറെ ദൂരംകൂടി ചെന്നശേഷം മാത്രമേ ബസില്‍നിന്ന് ഇറങ്ങൂ. ആളുകളുടെ ശ്രദ്ധ തെറ്റിക്കാന്‍ ഓക്കാനിക്കുന്നതുപോലെയോ സുഖമില്ലാത്തതുപോലെയോ അഭിനയിച്ചു തട്ടിപ്പു നടത്തുന്നവരുണ്ടെന്നു പൊലിസ് പറഞ്ഞു.
രണ്ടു വര്‍ഷം മുന്‍പ് ഏഴല്ലൂര്‍ റൂട്ടില്‍ പോകുന്ന ബസില്‍ കയറി സ്ത്രീയുടെ പഴ്സ് മോഷ്ടിച്ച സ്ത്രീകളെ പിടികൂടിയിരുന്നു. പഴ്സ് താഴെ വീണപ്പോഴാണു മോഷണം ശ്രദ്ധിച്ചത്. മോഷണം നടത്തിയ സ്ത്രീ ധരിച്ചിരുന്നതു ചുരിദാറായിരുന്നു.എന്നാല്‍, പ്രശ്നമായപ്പോള്‍ ഇവര്‍ ചുരിദാര്‍ മാറ്റി അതിനുള്ളില്‍ ധരിച്ചിരുന്ന സാരിയുടുത്ത് ആള്‍മാറാട്ടത്തിനും ശ്രമിച്ചു. ബ്ലേഡോ, കട്ടറോ ഒന്നും ഉപയോഗിക്കാതെ ബാഗിന്റെ സിബ് തുറന്നു പണം കവരുകയാണ് ഇവരുടെ തന്ത്രമെന്നു പൊലിസ് പറഞ്ഞു. അത്യാവശ്യം മലയാളവും ഇവര്‍ക്കു വശമുണ്ട്. അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തി ബസുകള്‍ കേന്ദ്രീകരിച്ച് നഗരത്തില്‍ മോഷണം നടത്താന്‍ നിരവധി സംഘങ്ങള്‍ തന്നെ എത്തിയിട്ടുള്ളതായും യാത്രക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."