കൂടാളിയില് കോണ്‍ഗ്രസ് ഓഫിസും നേതാക്കളുടെ വീടുകളും തകര്‍ത്തു
മട്ടന്നൂര്‍: ജില്ലയില്‍ വീടുകള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ തുടരുന്നു. ഇന്നലെ പുലര്‍ച്ചെ കൂടാളി ഗ്രാമപഞ്ചായത്തിലെ നായാട്ടുപാറയിലും കൊളപ്പയിലും കോണ്‍ഗ്രസ് നേതാക്കളുടെ വീടും ഓഫിസും ആക്രമിച്ചു. കൂടാളി മണ്ഡലം കമ്മിറ്റി ഓഫിസായി പ്രവര്‍ത്തിക്കുന്ന നായാട്ടുപാറയിലെ ഇന്ദിരാഭവന്, മണ്ഡലം സെക്രട്ടി വി ഗോപിയുടെ കൊളപ്പയിലെ വീട്, വൈസ് പ്രസിഡന്റ് വി.കെ സുരേഷ്ബാബുവിന്റെ പാലാട്ടെ വീട് എന്നിവയാണ് അക്രമിക്കപ്പെട്ടത്. പുലര്‍ച്ചെ ഒരു മണിയോടെ ബൈക്കുകളിലെത്തിയ നാലംഗ സംഘമാണ് അക്രമമഴിച്ചുവിട്ടത്. ഓഫിസും വീടുകളും കല്ലേറില്‍ തകര്‍ന്നു. ഇന്ദിരാഭവന്റെയും വീടുകളുടെയും മുന്‍വശത്തെ രണ്ടു ജനല്‍ചില്ലുകള്‍ വീതം കല്ലേറില്‍ തകര്‍ന്നു. രണ്ടുതവണയെത്തിയ സംഘം വീടുകള്‍ക്കു നേരെ കല്ലെറിഞ്ഞതായി വീട്ടുകാര്‍ പറഞ്ഞു. വീട്ടുകാര്‍ ഉണര്‍ന്നപ്പോഴെക്കും അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. നായാട്ടുപാറയിലെ ഇന്ദിരാഭവന് മുന്‍പും ആക്രമിക്കപ്പെട്ടിരുന്നു. മേഖലയില്‍ കുറച്ചുകാലമായി അക്രമം നടന്നുവരികയാണ്. പാലാട്ടെ മഹിളാകോണ്‍ഗ്രസ് നേതാവ് നാരായണിയുടെ വീടിനു നേരെ കല്ലെറിയുകയും കാറിന്റെ ചില്ലുകള്‍ കുത്തിപ്പൊട്ടിക്കുകയും ചെയ്തിരുന്നു. അക്രമത്തിനു പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് കൂടാളി മണ്ഡലം പ്രസിഡന്റ് പി.വി ഹരിദാസന് ആരോപിച്ചു. സംഭവത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് സി.പി.എം നേതാവ് കെ.കെ കുഞ്ഞിക്കണ്ണന് വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാക്കള്‍ നല്കിയ പരാതിയില്‍ മട്ടന്നൂര്‍ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."