ചൊറിച്ചില്‍ ചെറിയ രോഗമല്ല; കെ. മുരളീധരനെ പരിഹസിച്ച് ജോസഫ് വാഴയ്ക്കന്‍
കൊച്ചി: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തലയുടെ ബൂത്തില്‍ കോണ്‍ഗ്രസ് പിന്നാക്കം പോയതിനെ പരിഹസിച്ച കെ. മുരളീധരനെ കുറ്റപ്പെടുത്തി കെ.പി.സി.സി വക്താവ് ജോസഫ് വാഴയ്ക്കന്റെ ഫേസ്ബുക്ക് പോസ്റ്റ്.
'നത്തോലി ഒരു ചെറിയ മീനല്ല,ചൊറിച്ചില്‍ ഒരു ചെറിയ രോഗമല്ല, എന്ത് ചെയ്യാം!'' എന്ന ആമുഖത്തോടെയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ തുടക്കം. നമ്മുടെ ഒരു നേതാവ് സംസാരിക്കുമ്പോള്‍ ആര്‍ക്കിട്ടെങ്കിലും ചൊറിയണം എന്ന് നിര്‍ബന്ധമുള്ളയാളാണ്. പല തവണ ഈ പ്രവണത ശരിയല്ലെന്ന് പലരും പറഞ്ഞിട്ടുണ്ട്. പക്ഷെ നന്നാവില്ല.
സ്വന്തം അച്ഛനെ ചൊറിഞ്ഞിട്ടുള്ള ആളെ നമ്മള്‍ നന്നാക്കണമെന്ന് വിചാരിച്ചാല്‍ നടക്കുമോയെന്നു ജോസഫ് വാഴക്കന്‍ പരിഹസിക്കുന്നു. കെ. മുരളീധരന്റെ പേര് നേരിട്ട് പരാമര്‍ശിക്കാതെയാണ് വിമര്‍ശനം. കേരളത്തില്‍ ഒരുപാട് സ്ഥലത്ത് മത്സരിച്ചത് കൊണ്ട് അദ്ദേഹത്തിന്റെ ബൂത്ത് ഏതാണെന്ന് ആര്‍ക്കും നിശ്ചയമില്ല. നമുക്കറിയാവുന്ന ബൂത്തിലൊക്കെ പാര്‍ട്ടിയുടെ സ്ഥിതി ദയനീയമാണ്.
സമൂഹ മാധ്യമങ്ങളില്‍ കൂലിയെഴുത്തുകാരെ വച്ച് പാര്‍ട്ടിയെയും നേതാക്കളെയും ചെളി വാരിയെറിയുന്ന പണി നിര്‍ത്തണമെന്നും വാഴയ്ക്കന്‍ തന്റെ കുറിപ്പില്‍ ആവശ്യപ്പെടുന്നു. ഇതിനൊപ്പം ചൊറിച്ചിലിന് മരുന്നായി ഒരു ക്രീമിന്റെ ചിത്രവും ചേര്‍ത്തിട്ടുണ്ട്. ചെങ്ങന്നൂരിലെ പരാജയത്തിനു പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തെ കെ. മുരളീധരന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."