HOME
DETAILS
MAL
കാസര്‍കോട് മെഡിക്കല്‍ കോളജ് ഇന്ന് തുറക്കും
backup
April 06 2020 | 03:04 AM
കാസര്‍കോട്: ജില്ലയിലെ ജനങ്ങളുടെ ആരോഗ്യ രംഗത്തെ സ്വപ്നം ഇന്ന് യാഥാര്‍ഥ്യമാകും. രണ്ടു തവണ ഉദ്ഘാടന തിയതി നിശ്ചയിച്ച് മാറ്റിവച്ച്, ഒടുവില്‍ ഉദ്ഘാടനമില്ലാതെയാണ് ആശുപത്രി തുറക്കുന്നത്. ഇക്കഴിഞ്ഞ ജനുവരിയില്‍ മെഡിക്കല്‍ കോളജ് ഉദ്ഘാടനം നടക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും പിന്നീട് തിയതി ഫെബ്രുവരി 16 ലേക്ക് മാറ്റി നിശ്ചയിച്ചു.
എന്നാല്‍ അതിനിടയില്‍ കൊവിഡ് -19 സംസ്ഥാനത്ത് കണ്ടെത്തിയതോടെ ഇക്കാരണത്താല്‍ ഉദ്ഘാടന തിയതി വീണ്ടും നീട്ടി . സാമൂഹ്യ സുരക്ഷക്ക് വേണ്ടി സര്‍ക്കാര്‍ പൊതു പരിപാടികള്‍ റദ്ധാക്കിയ കൂട്ടത്തില്‍ കാസര്‍ക്കോട്ടുകാരുടെ സ്വപ്നവും പൂവണിഞ്ഞില്ല.
അതിനിടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുടെ എണ്ണം ജില്ലയില്‍ കാണപ്പെട്ടതും, കേരളത്തില്‍ പ്രത്യേകിച്ച് കാസര്‍ക്കോട്ടുള്ളവര്‍ക്കു വിദഗ്ധ ചികിത്സ ലഭിച്ചിരുന്ന മംഗളൂരുവിലെ ആശുപത്രികളുടെ വാതിലുകള്‍ക്കു പുറമെ അതിര്‍ത്തി പ്രദേശങ്ങള്‍കൂടി കൊട്ടിയടച്ചതിനെ തുടര്‍ന്ന് ജില്ലയില്‍ ഏഴു പേര്‍ മരിച്ചതും, ഇതേ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളും സര്‍ക്കാരിന്റെ കണ്ണ് തുറപ്പിച്ചു. ഇതോടെ ദ്രുതഗതിയില്‍ മെഡിക്കല്‍ കോളജ് ആശുപത്രി തുറക്കാനുള്ള നീക്കം സര്‍ക്കാര്‍ നടത്തുകയായിരുന്നു. കൊവിഡ് ആശുപത്രിയായാണ് കാസര്‍കോട് മെഡിക്കല്‍ കോളജിന്റെ തുടക്കം. ഇതിന് പുറമെ അത്യാഹിത വിഭാഗവും ആശുപത്രിയില്‍ തുടക്കത്തില്‍ പ്രവര്‍ത്തിക്കും. ആശുപത്രി തുറക്കുന്നതുതന്നെ മെഡിക്കല്‍ കോളജ് കാസര്‍കോട് കൊവിഡ് -19 ആശുപത്രി എന്ന ബോര്‍ഡ് സ്ഥാപിച്ചാണ്.അതേസമയം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരും ഇതര ജീവനക്കാരും ഉള്‍പ്പടെയുള്ള 25 അംഗ സംഘം ഇന്ന് രാവിലെ മെഡിക്കല്‍ കോളജില്‍ എത്തും. തുടര്‍ന്ന് ആശുപത്രിയില്‍ ഇവര്‍ നടത്തുന്ന പരിശോധനക്ക് ശേഷം വൈകുന്നേരത്തോടെ കൊവിഡ് ബാധിച്ച രോഗികളെ ഇവിടേയ്ക്ക് മാറ്റും.
നാലു ദിവസം കൊണ്ടാണ് കാസര്‍കോട് മെഡിക്കല്‍ കോളജിനെ അതിനൂതന കൊവിഡ് ചികിത്സാ കേന്ദ്രമായി യുദ്ധകാലാടിസ്ഥാനത്തില്‍ മാറ്റിയത്. കൊവിഡ് -19 രോഗബാധിതര്‍ക്ക് വേണ്ടി ആദ്യ ഘട്ടത്തില്‍ ഇരുന്നൂറോളം കിടക്കകളും പത്ത് ഐ.സി.യു കിടക്കകളുമാണ് തയാറാക്കുന്നതെന്ന് ദേശീയ ആരോഗ്യ പദ്ധതി ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. രാമന്‍ സ്വാതി വാമന്‍ പറഞ്ഞു. സ്ഥിതിഗതികള്‍ വിലയിരുത്തി പിന്നീട് 100 കിടക്കകളും പത്ത് ഐ.സി.യു കിടക്കകളും കൂടി സജ്ജമാക്കും.
ഏഴു കോടി രൂപയോളം വരുന്ന അത്യാധുനിക സംവിധാനങ്ങളാണ് ആശുപത്രിയിലേക്കെത്തിക്കുന്നത്. ഇത് കൂടാതെ കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്നതിനായി കെ.എസ്.ഇ. ബി പത്ത് കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ തുകയില്‍ നിന്നു വിവിധ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ട്.
ഇലക്ട്രൊ കാര്‍ഡിയോഗ്രാം (ഇ.സി.ജി), മള്‍ട്ടി പര്‍പ്പസ് ഉപകരണങ്ങള്‍ തുടങ്ങിയവ ഇതിനകം എത്തിയിട്ടുണ്ട്. ലോക് ഡൗണ്‍ കാരണം വെന്റിലേറ്റേര്‍ അടക്കമുള്ള പല ഉപകരണങ്ങളും പലയിടങ്ങളിലായി തടസപ്പെട്ട് കിടക്കുകയാണ്. ഇത് ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കാനുള്ള നടപടി സ്വീകരിച്ചുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡോക്ടര്‍മാര്‍, ഹെഡ് നഴ്‌സ്, സ്റ്റാഫ് നഴ്‌സ്, നഴ്‌സിങ് അസിസ്റ്റന്റ് എന്നിങ്ങനെ പതിനേഴോളം പേരെയായിരിക്കും ആശുപത്രിയില്‍ നിയമിക്കുക. അടിയന്തിര സാഹചര്യമായതിനാല്‍ ഇവരെ ജില്ലയിലെ മറ്റു ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നായിരിക്കും എത്തിക്കുക. ബദിയഡുക്ക പഞ്ചായത്തിലെ ഉക്കിനടുക്കയിലാണ് മെഡിക്കല്‍ കോളജ് ആശുപത്രി.
2013 നവംബര്‍ 30ന് അന്നത്തെ മുഖ്യ മന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയാണ് കാസര്‍കോട് മെഡിക്കല്‍ കോളജിനു തറക്കല്ലിട്ടത്. തുടക്കത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഒരു കോടി രൂപ അനുവദിച്ചിരുന്നു.
പിന്നിട് പ്രവര്‍ത്തനം നിലച്ച മട്ടിലായിരുന്നു. തുടര്‍ന്ന് ഒട്ടനവധി സമരങ്ങള്‍ക്കൊടുവില്‍ കാസര്‍കോട് വികസന പാക്കേജില്‍ നിന്നും 29 കോടി രൂപ അനുവദിച്ചതോടെയാണ് അക്കദമിക് ബ്ലോക്ക് കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായത്.
മെഡിക്കല്‍ കോളേജിന്റെ നിര്‍മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഹോസ്റ്റല്‍, ലൈബ്രറി, ജലസേചനം, വൈദ്യുതി തുടങ്ങി അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായി 385 കോടി രൂപയുടെ എസ്റ്റിമേറ്റ് സമര്‍പ്പിച്ചിരുന്നുവെങ്കിലും, ഒടുവില്‍ നബാര്‍ഡിന്റെ ധനസഹായത്തോടെ 69 കോടി രൂപ ചിലവില്‍ പ്രവൃത്തികള്‍ നടന്നുവരികയാണ്.
വിദഗ്ധ സംഘത്തില്‍ ഡോക്ടര്‍മാര്‍
ഉള്‍പ്പെടെയുള്ള 26 അംഗങ്ങള്‍
തിരുവനന്തപുരം: കാസര്‍കോട് അതിനൂതന കൊവിഡ് ആശുപത്രി യാഥാര്‍ത്ഥ്യമാക്കാനും ചികിത്സ ശക്തിപ്പെടുത്തുന്നതിനുമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നുള്ള 26 അംഗ സംഘം യാത്ര തിരിച്ചു. ഇന്നലെ രാവിലെ ഒന്‍പതിന് സെക്രട്ടേറിയറ്റിന് മുന്നില്‍ മന്ത്രി കെ.കെ. ശൈലജ സംഘത്തെ യാത്രയയച്ചു. ഇന്നുരാവിലെ സംഘം കാസര്‍കോട്ടെത്തും.
കാര്‍സര്‍കോട് കൊവിഡ് രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ഇത്രയും ദൂരം യാത്ര ചെയ്ത് സ്വയം സേവനം ചെയ്യാന്‍ സന്നദ്ധരായ ജീവനക്കാരെ അഭിനന്ദിക്കുന്നതായി മന്ത്രി പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗം ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ്.എസ് സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ രണ്ട് ഡോക്ടര്‍മാര്‍, രണ്ട് നഴ്‌സുമാര്‍, ഒരു നഴ്‌സിങ് അസിസ്റ്റന്റ് എന്നിവരുള്‍പ്പെടുന്ന അഞ്ചുടീമുകളാണ് പ്രവര്‍ത്തിക്കുക.
അനസ്തീഷ്യാ വിഭാഗത്തിലെ ഡോ. നരേഷ് കുമാര്‍, ഡോ. രാജു രാജന്‍, ഡോ. മുരളി, ന്യൂറോളജി വിഭാഗത്തിലെ ഡോ. ജോസ് പോള്‍ കുന്നില്‍, ഡോ. ഷമീം, ജനറല്‍ മെഡിസിന്‍ വിഭാഗത്തിലെ ഡോ. സജീഷ്, പള്‍മണറി മെഡിസിന്‍ വിഭാഗത്തിലെ ഡോ. പ്രവീണ്‍, ഡോ. ആര്‍. കമല, നെഫ്രോളജി വിഭാഗത്തിലെ ഡോ. എബി, പീഡിയാട്രിക്‌സിലെ ഡോ. മൃദുല്‍ ഗണേഷ്, സ്റ്റാഫ് നഴ്‌സുമാരായ ജോസഫ് ജെന്നിങ്‌സ്, എസ്.കെ അരവിന്ദ്, പ്രവീണ്‍ കുമാര്‍, അനീഷ് രാജ്, വിഷ്ണു പ്രകാശ്, എസ്. റാഷിന്‍, എം.എസ് നവീന്‍, റിതുഗാമി, ജെഫിന്‍ പി. തങ്കച്ചന്‍, ഡി. ശരവണന്‍, നഴ്‌സിങ് അസിസ്റ്റന്റുമാരായ ആര്‍.എസ്. ഷാബു, കെ.കെ ഹരികൃഷ്ണന്‍, എസ്. അതുല്‍ മനാഫ്, സി. ജയകുമാര്‍, എം.എസ് സന്തോഷ് കുമാര്‍ എന്നിവരാണ് സംഘത്തിലുള്ളത് . ഇവര്‍ക്കുള്ള ഗതാഗതം സുഗമമാക്കുന്നതും ഭക്ഷണ സൗകര്യങ്ങള്‍ ഒരുക്കുന്നതും പൊലിസാണ്.
മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. അജയകുമാര്‍, ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ് ഷര്‍മ്മദ്, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാര്‍, ആര്‍.എം.ഒ. ഡോ. മോഹന്‍ റോയ് എന്നിവര്‍ സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."