പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ്; അപേക്ഷകരും ഡ്രൈവിങ് സ്‌കൂളുകളും വട്ടംകറങ്ങുന്നു ആദ്യദിനം തോല്‍വി സമ്മതിച്ച് ടെസ്റ്റിനെത്തിയവര്‍ പിന്മാറി
കുന്നംകുളം: പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് രീതികളില്‍ അപേക്ഷകരും ഡ്രൈവിങ് സ്‌കൂളുകളും വട്ടംകറങ്ങുന്നു. കുന്നംകുളം സീനിയര്‍ ഗ്രൗണ്ടില്‍ ഡ്രൈവിങ് ടെസ്റ്റിനെത്തിയ അപേക്ഷകര്‍ പരിഷ്‌കരിച്ച ടെസ്റ്റുകള്‍ ചെയ്യനാകാതെ പിന്മാറി. നൂറുകണക്കിനു പേരാണ് കുന്നംകുളം സീനിയര്‍ ഗ്രൗണ്ടില്‍ പരിശീലനം പൂര്‍ത്തിയാക്കി ഡ്രൈവിങ്ങിന്റെ പ്രായോഗിക പരീക്ഷക്കെത്താറുള്ളത്. ഡ്രൈവിങ് ടെസ്റ്റില്‍ പരിഷ്‌കാരങ്ങള്‍ വരുത്തിയ ആദ്യദിനം ഇവിടെയെത്തിയത് വെറും 19 പേര്‍ മാത്രമാണ്.
ലൈറ്റ് മോട്ടോര്‍ വാഹനങ്ങളുടെ ടെസ്റ്റിലാണ് കടുപ്പമേറിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയിട്ടുള്ളത്. എല്‍.എം.വി ടെസ്റ്റില്‍ പിന്നോട്ടു നോക്കാതെ റിയര്‍ ഗ്ലാസില്‍ മാത്രം നോക്കിക്കൊണ്ട് എച്ച് എടുക്കണം. എച്ച് നു പുറമേ 'വൈ' അക്ഷരത്തിന്റെ മാതൃകയില്‍ ആംഗിള്‍ റിവേഴ്‌സ് പാര്‍ക്കിങ്ങും നടത്തണം. ഡ്രൈവിങ് പരിശീലനത്തിനു ശേഷം വാഹനവുമായി റോഡിലിറങ്ങുന്നവര്‍ക്ക് ശരിയാംവണ്ണം പാര്‍ക്ക് ചെയ്യാന്‍ അറിയില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആംഗിള്‍ പാര്‍ക്കിങ് പരിശീലനം കൂടി പരീക്ഷയില്‍ ഉള്‍പ്പെടുത്തിയത്. 'എച്ച് ' വകച്ച ട്രാക്കിന്റെ വശങ്ങളില്‍ സ്ഥാപിച്ച കമ്പികളുടെ നീളം 150ല്‍ നിന്ന് 75 സെന്റിമീറ്ററായി കുറച്ചിട്ടുണ്ട്.
കമ്പികള്‍ പരസ്പരം റിബണ്‍ ഉപയോഗിച്ച് ബന്ധിപ്പിച്ചിട്ടുണ്ട്. വാഹനം ട്രാക്കിന് പുറത്തേക്ക് അല്‍പമൊന്നു മാറിയാല്‍ റിബണില്‍ തട്ടി ടെസ്റ്റില്‍ പരാജയപ്പെടും. വാഹനത്തിന്റെ അത്രയും ഉയരമുള്ള കമ്പികളാണ് മുന്‍പ് 'എച്ച് ' ട്രാക്കില്‍ സ്ഥാപിച്ചിരുന്നത്. തന്മൂലം കമ്പികള്‍ കണ്ടുകൊണ്ട് വാഹനം ഓടിക്കാമായിരുന്നു. ഇനി അതിനു കഴിയില്ല. റോഡ് ടെസ്റ്റില്‍ കയറ്റത്തില്‍ നിര്‍ത്തി പിന്നോട്ടുരുളാതെ വാഹനം മുന്നോട്ട് ഓടിക്കുകയും ചെയ്യണം. ഇത്തരത്തിലുള്ള പരിശീലനം ലഭിക്കാതെയാണ് അപേക്ഷകര്‍ ടെസ്റ്റിനെത്തിയിരുന്നത്. അതിനാല്‍ പരാജയ സാധ്യത മുന്നില്‍ക്കണ്ട് എല്ലാവരും ടെസ്റ്റില്‍ നിന്ന് പിന്മാറുകയായിരുന്നു.
ഡ്രൈവിങ്ങിന്റെ നിലവാരം കൂട്ടുന്നതിന്റെ ഭാഗമായാണ് പുതിയ പരിശീലനങ്ങളും ടെസ്റ്റും കൊണ്ടുവന്നിട്ടുള്ളത്. ടെസ്റ്റിങ് രീതികള്‍ കടുപ്പമേറിയതാണെങ്കിലും ഡ്രൈവിങ് മികവുറ്റതാക്കാന്‍ സഹായിക്കുമെന്ന് തന്നെയാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ഇതിനായി ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങള്‍ക്ക് ആവശ്യമായ സഹായം നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."