പൊലിസ് ചമഞ്ഞ് പണം തട്ടിയ നാലുപേര്‍ അറസ്റ്റില്‍
കോഴിക്കോട്: വളയം റോഡില്‍ വച്ച് പൊലിസ് ചമഞ്ഞ് യുവാവില്‍ നിന്നു കുഴല്‍പണം തട്ടിയ കേസില്‍ മൂന്നുപേരെ നാദാപുരം പൊലിസ് അറസ്റ്റ് ചെയ്തു. കല്ലാച്ചി സ്വദേശികളായ തണ്ണീര്‍പന്തല്‍ മുഹമ്മദ്, പുത്തന്‍പുരയില്‍ നവാസ്, അയനിക്കാട് സ്വദേശി ഫൈസല്‍, കണ്ണൂരിലെ മുഹമ്മദ് ഫാത്തിറെന്ന റിയാസ് എന്നിവരാണു പിടിയിലായത്. ഫൈസലിനെ അസമില്‍നിന്നും റിയാസിനെ കണ്ണൂരില്‍നിന്നും മുഹമ്മദ്, നവാസ് എന്നിവരെ കല്ലാച്ചിയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 14നാണു സംഭവം. കുഴല്‍പണം വിതരണം ചെയ്യുകയായിരുന്ന കല്ലാച്ചിയിലെ ചോയിമഠത്തില്‍ ഫഹദ് എന്ന യുവാവില്‍നിന്നു 3.6 ലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്. ബൈക്കിലെത്തിയ രണ്ടുപേര്‍ പൊലിസാണെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയ ശേഷം പണം പിടിച്ചുപറിക്കുകയായിരുന്നു. ഡിവൈ.എസ്.പി സുനില്‍കുമാറിന്റെ നിര്‍ദേശത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് ആദ്യസൂചന ലഭിച്ചത്.
തുടര്‍ന്ന് രണ്ടാഴ്ചയായി നടത്തിയ അന്വേഷണത്തില്‍ കേസിലെ ഒന്നാംപ്രതി ഫൈസലിനെ തിരിച്ചറിയുകയായിരുന്നു. ഇയാള്‍ സംഭവശേഷം അസമിലേക്കു കടന്നതായി വിവരം ലഭിച്ചു. ശേഷം എസ്.ഐ എന്‍. പ്രജീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അസമിലേ ക്കു പുറപ്പെട്ടു. ഖിലാറാമില്‍ നിന്നാണു അവിടുത്തെ പൊലിസിന്റെ സഹായത്തോടെ ഫൈസലിനെ അറസ്റ്റ് ചെയ്തത്.
പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും. എസ്.ഐ എന്‍. പ്രജീഷിനു പുറമെ സി.പി.ഒമാരായ അബ്ദുല്‍ മജീദ്, സദാനന്ദന്‍, രൂപേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കഴിഞ്ഞ പതിനെട്ടിനു കുനിങ്ങാട്ട് കാറിലെത്തിയ സംഘം കുഴല്‍പണം വിതരണം ചെയ്യുകയായിരുന്ന യുവാവിനെ ആക്രമിച്ചു പണം തട്ടിയെടുത്തിരുന്നു. പ്രതികള്‍ക്ക് ഈ സംഭവത്തിലും പങ്കുണ്ടോയെന്നറിയാന്‍ ഇവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."