വിസ്‌കിലൂടെ റിസ്‌കില്ലാതെ കൊവിഡ് നിര്‍ണയം ആശുപത്രിക്ക് പുറത്തും
കാക്കനാട്: കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയോ സമൂഹ വ്യാപനമുണ്ടാവുകയോ ചെയ്താല്‍ സാംപിള്‍ ശേഖരണമെന്ന വെല്ലുവിളി നേരിടാന്‍ വാക്ക് ഇന്‍ സാപിള്‍ കിയോസ്‌കുമായി (വിസ്‌ക്) എറണാകുളം ജില്ലാ ഭരണകൂടം. ആശുപത്രിക്ക് പുറത്തെവിടെയെങ്കിലും വച്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രണ്ട് മിനിട്ടില്‍ താഴെ സമയം കൊണ്ട് സാംപിളുകള്‍ ശേഖരിക്കാന്‍ സാധിക്കുമെന്നതാണ് 'വിസ്‌ക്' ന്റെ പ്രധാന സവിശേഷത. അണുവിമുക്തമായി തയാറാക്കപ്പെട്ട കിയോസ്‌കുകളില്‍ സാംപിള്‍ ശേഖരിക്കുന്നവരുടെയും നല്‍കുന്നവരുടെയും സുരക്ഷക്കായി മാഗ്നെറ്റിക്ക് വാതില്‍, എക്‌സോസ്റ്റ് ഫാന്‍, അള്‍ട്രാ വയലറ്റ് ലൈറ്റ് തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ഓരോ തവണ സാംപിള്‍ ശേഖരിച്ച ശേഷവും കിയോസ്‌കില്‍ ക്രമീകരിച്ചിട്ടുള്ള കൈയുറയും സമീപമുള്ള കസേരയും അണുവിമുക്തമാക്കുകയും ചെയ്യും. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു സംവിധാനം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി തയാറാക്കിയിട്ടുള്ളത്. ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദേശ പ്രകാരം മെഡിക്കല്‍ കോളജ് ആര്‍.എം.ഒ ഡോ.ഗണേഷ് മോഹന്‍, അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫിസറും കണ്‍ട്രോള്‍ റൂം നോഡല്‍ ഓഫിസറുമായ ഡോ.വിവേക് കുമാര്‍, ആര്‍ദ്രം ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫിസര്‍ ഡോ.നിഖിലേഷ് മേനോന്‍, മെഡിക്കല്‍ കോളജ് എ.ആര്‍.എം.ഒ ഡോ.മനോജ് എന്നിവരാണ് വിസ്‌ക് രൂപകല്‍പ്പനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. ദക്ഷിണ കൊറിയയില്‍ സാംപിള്‍ ശേഖരണത്തിന് സ്വീകരിച്ച മാതൃകയാണ് ഇതിന് ആധാരമാക്കിയത്. നാല്‍പതിനായിരം രൂപയാണ് കിയോസ്‌കിന്റെ നിര്‍മാണചെലവ്.
ഏതെങ്കിലും പ്രദേശത്ത് കൊവിഡ് കിയോസ്‌ക്ക് താല്‍ക്കാലികമായി സ്ഥാപിച്ച് വലിയ തോതില്‍ സാംപിളുകള്‍ ശേഖരിക്കാന്‍ സാധിക്കും. ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തി കൊണ്ട് തന്നെ പരമാവധി സാംപിള്‍ ശേഖരണം കുറഞ്ഞ ചെലവില്‍ സാധ്യമാകുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."