'പ്ലാച്ചിമടയിലെ ഇരകള്‍ക്ക് ഇടക്കാല സാമ്പത്തിക സഹായം അനുവദിക്കണമെന്ന് '
പാലക്കാട്: പ്ലാച്ചിമടയിലെ ഇരകള്‍ക്ക് സര്‍ക്കാര്‍ അടിയന്തിരമായി ഇടക്കാല സാമ്പത്തിക സഹായം അനുവദിക്കുക, പട്ടികജാതി പട്ടിക വര്‍ഗ്ഗ അതിക്രമം തടയല്‍ നിയമപ്രകാരം എടുത്ത കേസില്‍ കോളകമ്പനി ഉടമകളെ അറസ്റ്റു ചെയ്യുകയും, കൊക്കകോളയുടെ ആസ്തികള്‍ കണ്ടു കെട്ടുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു പ്ലാച്ചിമട സമരത്തിന്റെ പതിനഞ്ചാം വാര്‍ഷിക ദിനമായ ഏപ്രില്‍ 22 ന് കളക്ടറേറ്റിന് മുന്പില് അനിശ്ചിത കാല സത്യഗ്രഹ സമരത്തിന് തുടക്കം കുറിക്കാന്‍ പ്ലാച്ചിമട കൊക്കകോള വിരുദ്ധ സമര സമിതിയുടെയും ഐക്യദാര്‍ഢ്യ സമിതിയുടെയും സംയുക്ത യോഗം തീരുമാനിച്ചു.
കഴിഞ്ഞ 15 വര്‍ഷത്തോളമായി പ്ലാച്ചിമടയില്‍ നടക്കുന്ന സമരത്തെ കേന്ദ്രത്തിലും കേരളത്തിലും അധികാരത്തില്‍ വന്ന സര്‍ക്കാരുകള്‍ മനഃപൂര്‍വ്വം അവഗണിക്കുന്നതിനെതിരേ ശക്തമായ സമരപാടികള് കൊണ്ട് നേരിടണമെന്ന് യോഗത്തിലെത്തിയവര്‍ ഒറ്റക്കെട്ടായി അഭിപ്രായപ്പെട്ടു. പ്ലാച്ചിമടയിലെ മുഴുവന്‍ കര്‍ഷകരെയും, ആദിവാസികളെയും, വിവിധ സംഘടനകളെയും സമരത്തില്‍ പങ്കാളികളാക്കാന്‍ വേണ്ടി മാര്‍ച്ച് 10 ന് വൈകുന്നേരം നാലിന് പ്ലാച്ചിമട സമരപ്പന്തലില്‍ വിപുലമായ കണ്വെന്ഷന് നടത്താനും തീരുമാനിച്ചു. സമരസമിതി ചെയര്മാന് വിളയോടി വേണുഗോപാലന്‍ അധ്യക്ഷനായി. ഐക്യദാര്‍ഢ്യ സമിതി ചെയര്മാന് അമ്പലക്കാട് വിജയന്, ജനറല്‍ കണ്‍വീനര്‍ ആറുമുഖന്‍ പത്തിച്ചിറ, സമരസമിതി കണ്‍വീനര്‍മാരായ കെ.വി.ബിജു, എം.സുലൈമാന്‍, പുതുശ്ശേരി ശ്രീനിവാസന്, ടി.കെ.വാസു, നീലിപ്പാറ മാരിയപ്പന്, അബ്ദുള്‍ അസീസ്, തൊടുപറമ്പില്‍ വര്‍ഗീസ്, എം.എന്‍.ഗിരി, കെ.മണികണ്ഠന്, ജി.കാര്ത്തികേയന്, സജീഷ്.വി.എസ്, വി.പി.നിജാവുദീന്, മുരളി വള്ളത്തോള്‍, സന്തോഷ് മലമ്പുഴ, ആര്.സുരേന്ദ്രന്, ഡോ.മന്നാര്‍ ജി രാധാകൃഷ്ണന്, എം.ജി.ജോണ്സണ്, മലമ്പുഴ ഗോപാലന് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."