ജില്ലയിലെ യാത്രാപ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കണം: സി.പി.ഐ
കാസര്‍കോട്: ജില്ലയിലെ യാത്രാ പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ ജില്ലാ കൗണ്‍സില്‍ യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലയിലെ സ്വകാര്യ ബസുകളുടെ എണ്ണത്തില്‍ വലിയ കുറവാണ് അടുത്തകാലത്ത് ഉണ്ടായിട്ടുള്ളത്. കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വിസിന്റെ എണ്ണം വര്‍ധിപ്പിക്കനോ യാത്രാദുരിതം നേരിടുന്ന പ്രദേശങ്ങളിലേക്ക് പുതിയ സര്‍വിസ് ആരംഭിക്കാനോ തയാറാകുന്നില്ല.
പല പ്രദേശങ്ങളിലും വാഹന സൗകര്യമില്ലാതെ ജനങ്ങള്‍ പ്രയാസം അനുഭവിക്കുന്നുണ്ട്. കാസര്‍കോട്-കാഞ്ഞങ്ങാട് നാഷണല്‍ ഹൈവേ വഴി ഓര്‍ഡിനറി ബസുകളുടെ എണ്ണം വളരെ കുറവാണ്. ഇതുവഴി കൂടുതലായി ഓടുന്ന കെ.എസ്. ആര്‍.ടി.സി ടി.ടി ബസുകള്‍ക്കു വളരെ ചുരുക്കം സ്റ്റോപ്പുകള്‍ മാത്രമേയുള്ളൂ. കോഴിക്കോട്-മംഗളൂരു നോട്ടിഫൈഡ് റൂട്ടില്‍പ്പെട്ട ഇതു വഴി കൂടുതല്‍ കെ. എസ്.ആര്‍.ടി.സി ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ ഓടിക്കാന്‍ അധികൃതര്‍ തയാറാകണം.
ജില്ലയില്‍ നാഷണല്‍ ഹൈവേ കെ.എസ്.ആര്‍.ടി.സിയുടെ നോട്ടിഫൈഡ് റൂട്ടും കാസര്‍കോട്-ചന്ദ്രഗിരി-കാഞ്ഞങ്ങാട് ദേശസാല്‍കൃത റൂട്ടുമാണ്. എന്നാല്‍ ഈ റൂട്ടുകളില്‍ രാത്രി ഒന്‍പതു കഴിഞ്ഞാല്‍ സര്‍വിസ് നടത്താന്‍ കെ.എസ് ആര്‍.ടി.സി തയാറാവുന്നില്ല. ട്രെയിനുകളിലും മറ്റും രാത്രി 9.15 നു ശേഷം കാഞ്ഞങ്ങാടും കാസര്‍കോടും എത്തുന്ന യാത്രക്കാര്‍ക്ക് ഈ റൂട്ടില്‍ മറ്റ് വാഹനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്.
കാസര്‍കോട്-മംഗളൂരു അന്തര്‍ സംസ്ഥാന റൂട്ടില്‍ കര്‍ണാടക എസ്.ആര്‍.ടി.സി വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗജന്യം അനുവദിക്കുമ്പോള്‍ കേരള എസ്.ആര്‍.ടി.സി അത് നല്‍കുന്നില്ല. വലിയ യാത്രാ പ്രശ്‌നം നിലനില്‍ക്കുന്ന ജില്ലയില്‍ സ്വകാര്യ ബസുകളുടെ എണ്ണം കുറവുവരുമ്പോള്‍ അത് പരിഹാരിക്കാനും കെ.എസ്. ആര്‍.ടി.സി തയാറാകണം. ജില്ലയിലെ യാത്രാ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിച്ച് ചേര്‍ക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളും ബുദ്ധിമുട്ടിലാണ്.
ജില്ലയില്‍ പുതിയ കെ.എസ്.ആര്‍.ടി.സി സബ് ഡിപ്പോകളും കൂടുതല്‍ ബസും അനുവദിക്കാനും സ്റ്റുഡന്‍സ് ട്രാവലിംഗ് ഫെസിലിറ്റി കമ്മിറ്റി തീരുമാനങ്ങള്‍ പൂര്‍ണമായും നടപ്പാക്കാനും ബന്ധപ്പെട്ടവര്‍ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ബി.വി രാജന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."