തിരൂരങ്ങാടിയില്‍ മുന്നറിയിപ്പില്ലാതെ വൈദ്യതിമുടക്കം പതിവാകുന്നു
തിരൂരങ്ങാടി: മുന്നറിയിപ്പില്ലാതെ വൈദ്യുതിമുടക്കം, ക്ഷമ നശിച്ച് ജനം. കെ.എസ്.ഇ.ബി തിരൂരങ്ങാടി വെന്നിയൂര്‍ സെക്ഷന്‍ പരിധിയിലാണ് വൈദ്യുതിയുടെ ഒളിച്ചുകളി തുടരുന്നത്. മാധ്യമങ്ങളിലൂടെ നല്‍കുന്ന അറിയിപ്പിന് പുറമെയാണ് മുന്നറിയിപ്പില്ലാതെ മണിക്കുറുകളോളം വൈദ്യുതി മുടങ്ങുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ചെമ്മാട്, കൊടിഞ്ഞി പ്രദേശങ്ങളില്‍ നിരവധിതവണയാണ് വൈദ്യുതിതടസം നേരിട്ടത്. കാലവര്‍ഷം ആരംഭിച്ചതോടെ മുന്‍കാലങ്ങളിലില്ലാത്തവിധം പകല്‍ സമയങ്ങളില്‍ പോലും മണിക്കൂറുകളോളമാണ് വൈദ്യുതിതടസം. ചെറിയ ഒരു കാറ്റ് അടിച്ചാല്‍ പോലും വൈദ്യുതിബന്ധം തകരാറിലാകുന്നു. വ്രതാനുഷ്ടാന മാസമായതിനാല്‍ പകലിലും രാത്രിയിലും വൈദ്യുതി മുടങ്ങുന്നത് ആളുകള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
മൂന്നുമാസം മുന്‍പാണ് ലൈനുകളുടെയും മറ്റും അറ്റകുറ്റപ്പണികള്‍ തുടങ്ങിയത്. എന്നാല്‍ സുഗമമായി വൈദ്യുതി ജനങ്ങളിലേക്കെത്തിക്കാന്‍ ഇതുവരെ അധികൃതര്‍ക്കായിട്ടില്ല. പരാതിപറയാന്‍ സെക്ഷന്‍ ഓഫിസില്‍ വിളിച്ചാല്‍ പലപ്പോഴും ഫോണ്‍ എടുക്കാറില്ലെന്നും എടുത്താല്‍ തന്നെ കൃത്യമായ മറുപടി ലഭിക്കാറില്ലെന്നും ഉപഭോക്താക്കള്‍ പറയുന്നു.
വൈദ്യതിമുടക്കം വ്യാപാര ചെറുകിട വ്യവസായ സ്ഥാപനങ്ങളെയും മറ്റു ഓഫീസുകളെയും സാരമായി ബാധിക്കുന്നുണ്ട്. ഇന്റര്‍നെറ്റ് കഫെകളിലും അക്ഷയ കേന്ദ്രങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിനുള്ള ഓണ്‍ലൈന്‍ കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ല. ലൈനില്‍ മരങ്ങളും മറ്റും വീഴുന്നത് കാരണമാണ് വൈദ്യുതി മുടങ്ങുന്നതെന്ന് ബോര്‍ഡ് അധികൃതര്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ ഇത്തരത്തില്‍ മരങ്ങള്‍ നിലം പതിക്കുകയോ മറ്റോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ അടിയന്തിര പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഉപഭോക്താക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."