ഇന്ത്യ നിങ്ങളുടെ ആവശ്യം അംഗീകരിച്ചു, പകരം കൊവിഡിനെതിരെ നിങ്ങള്‍ മരുന്ന് വികസിപ്പിച്ചാല്‍ അത് ആദ്യം ഇന്ത്യയ്ക്ക് നല്‍കുമോ?; ട്രംപിനോട് ചോദ്യമുയര്‍ത്തി ശശി തരൂര്‍
തിരുവനന്തപുരം: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയ്ക്ക് വഴങ്ങി ജീവന്‍രക്ഷാമരുന്നുകള്‍ കയറ്റി അയക്കാന്‍ ഇന്ത്യ തീരുമാനിച്ചതിന് പിന്നാലെ ട്രംപിനോട് ചോദ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. ഇന്ത്യ നിസ്വാര്‍ഥമായി നിങ്ങളുടെ ആവശ്യം അംഗീകരിച്ചിട്ടുണ്ട്. അതുകൊണ്ട് യു.എസ് ലാബുകളില്‍ കൊവിഡ് 19 എതിരായ വാക്‌സിന്‍ നിര്‍മിച്ചാല്‍ അത് നല്‍കുന്നതില്‍ ഇന്ത്യയ്ക്ക് ആദ്യ പരിഗണന നല്‍കുമോ എന്നാണ് അദ്ദേഹം ചോദിച്ചത്.
രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു തരൂരിന്റെ പ്രതികരണം.
കൊവിഡ് 19നെതിരെ മരുന്ന് ഇന്ത്യ അമേരിക്കയിലേക്ക് കയറ്റിയയച്ചില്ലെങ്കില്‍ തക്കതായ തിരിച്ചടിയുണ്ടാകുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മരുന്നുകളുടെ കയറ്റുമതിക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇളവ് നല്‍കുകയും ചെയ്തു. ഗുജറാത്തിലെ രണ്ട് കമ്പനികള്‍ ആണ് യു.എസിലേക്ക് കയറ്റുമതി ചെയ്യാനുള്ള മരുന്നുകള്‍ നിര്‍മിക്കുന്നത്.
നേരത്തെ ഇന്ത്യയ്‌ക്കെതിരായ ട്രംപിന്റെ ഭീഷണിയ്‌ക്കെതിരെയും തരൂര്‍ രംഗത്തുവന്നിരുന്നു.
'ഒരു രാജ്യത്തലവന്‍ മറ്റൊരു രാജ്യത്തലവനെ ഇങ്ങനെ പരസ്യമായി ഭീഷണിപ്പെടുത്തുന്നത് എന്റെ ജീവിതത്തില്‍ ആദ്യത്തെ അനുഭവമാണ്. ഇന്ത്യയുടെ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ എങ്ങിനെയാണ് നിങ്ങളുടേതാകുന്നത് മിസ്റ്റര്‍ പ്രസിഡന്റ്. ഇന്ത്യ അത് നിങ്ങള്‍ക്ക് വില്‍ക്കാന്‍ തീരുമാനിച്ചാല്‍ മാത്രമേ അത് നിങ്ങളുടേത് ആകുന്നുള്ളു'- തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."