ജില്ലയിലെ ജലസംരക്ഷണം; കുളങ്ങള്‍ നവീകരിക്കുന്നു
മലമ്പുഴ: ജില്ലയില്‍ മണ്ണ്-ജലസംരക്ഷണ പദ്ധതികള്‍ പുരോഗമിക്കുന്നതിന്റെ ഭാഗമായി കുളങ്ങളുടെ നവീകരണം അന്തിമഘട്ടത്തിലേക്കു നീങ്ങുന്നു. കുളങ്ങളുടെ നവീകരണം വഴി മത്സ്യക്കൃഷി പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ ആയിരക്കണക്കിന് യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും വരുമാനത്തിനും വഴിയൊരുക്കുന്നു.
ജില്ലയിലെ എട്ട് മണ്ഡലങ്ങളിലായി 22 പഞ്ചായത്തുകളിലാണ് ആദ്യഘട്ട പദ്ധതി നടപ്പാക്കുന്നത്. 'ജലസമൃദ്ധിയിലൂടെ ഭക്ഷ്യസുരക്ഷ' എന്ന പദ്ധതി വഴി മണ്ണ് സംരക്ഷണവും ഇതോടുകൂടി ലക്ഷ്യമിടുന്നു. ജില്ലയില്‍ 203 കുളങ്ങള്‍ നന്നാക്കാന്‍ സര്‍ക്കാരിന് എസ്റ്റിമേറ്റ് നല്‍കിയിരുന്നുവെങ്കിലും 56 കുളങ്ങള്‍ നന്നാക്കാന്‍ മാത്രമാണ് ഇപ്പോള്‍ അനുമതി ലഭിച്ചിട്ടുള്ളത്. 15.315 കോടി രൂപയാണ് ഇതിനു വിനിയോഗിക്കുന്നത്.
വിവിധ പഞ്ചായത്തുകളിലായി 27 കുളങ്ങളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. 39 കുളങ്ങള്‍ നവീകരിക്കാന്‍ ഗുണഭോക്തൃകമ്മിറ്റി രൂപീകരിച്ചു. ചിറ്റൂര്‍ ബ്ലോക്കില്‍ 12, പാലക്കാട് 8,കൊല്ലങ്കോട് 4, മലമ്പുഴ 9, കുഴല്‍മന്ദം 12, മണ്ണാര്‍ക്കാട് 11 എന്നിങ്ങനെയാണ് കുളങ്ങള്‍ നവീകരിക്കുന്നത്.
തച്ചമ്പാറ പഞ്ചായത്തിലെ കിരാതമൂര്‍ത്തി അമ്പലക്കുളം (പുത്തന്‍കുളം)26, 24000 രൂപ ചെലവാക്കിയാണ് നവീകരിച്ചത്. കുളങ്ങളുടെ നവീകരണം സാധ്യമാകുന്നതോടെ ഉള്‍നാടന്‍ ശുദ്ധജല മത്സ്യക്കൃഷിക്ക് സാധ്യത കൈവരും. ഒരേക്കര്‍ മുതല്‍ അഞ്ചര ഏക്കര്‍വരെ വിസ്തൃതിയുള്ള കുളങ്ങള്‍ ശുദ്ധജല മത്സ്യക്കൃഷിക്കായുള്ള സാധ്യത തുറന്നിടുന്നു.
ഗുണഭോക്തൃകമ്മിറ്റി കണ്‍വീനര്‍ മുഖേനയാണ് നവീകരണപ്രവൃത്തികള്‍ നടക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും മണ്ണ് സംരക്ഷണ ഓഫീസര്‍ കണ്‍വീനറുമായ പഞ്ചായത്ത്തല മോണിറ്ററിങ് കമ്മിറ്റി ഇതിന്റെയെല്ലാം മേല്‍നോട്ടം വഹിക്കും.
നവീകരണത്തിന്റെ 95 ശതമാനം തുക സര്‍ക്കാരും അഞ്ചുശതമാനം തുക ഗുണഭോക്താക്കളുമാണ് വഹിക്കേണ്ടത്. ജില്ലയില്‍ 14,800 പൊതുകുളങ്ങളും 35,000ത്തോളം സ്വകാര്യകുളങ്ങളുമടക്കം 50,000ത്തിലധികം കുളങ്ങളും കിണറുകളുമായി ജലസ്രോതസ്സകളും ജലസംഭരണികളും ഉണ്ടെന്നാണ് ജലസേചനവകുപ്പിന്റെ കണക്ക്.
ഭൂമാഫിയകള്‍ നെല്‍പ്പാടങ്ങള്‍ നികത്തുന്നതിന്റെ ഭാഗമായി ക്രമാതീതമായി കുളങ്ങളും കിണറുകളും വ്യാപകമായി നികത്തപ്പെട്ടിരുന്നു.
പ്രശ്‌നത്തിന്റെ പ്രാധാന്യം മനസ്സിലാക്കി വിവിധ പഞ്ചായത്തുകള്‍ കുടിവെള്ളസ്രോതസ്സുകള്‍ സംരക്ഷിക്കാന്‍ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. തൊഴിലുറപ്പ് തൊഴിലാളികളെ കാര്യക്ഷമമായി ഉപയോഗിച്ച് ചില പഞ്ചായത്തുകള്‍ കിണറുകളും കുളങ്ങളും സംരക്ഷിക്കാനും രംഗത്തിറങ്ങിയിട്ടുണ്ട്.
പരിസ്ഥിതി സംരക്ഷിക്കാന്‍ സന്നദ്ധമായ സര്‍ക്കാര്‍ നിലവില്‍വന്നതോടെ ജലസംഭരണികള്‍ സംരക്ഷിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുനീങ്ങുകയാണ് നെല്ലറയുടെ നാടായ പാലക്കാട് ജില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."